Sub Lead

ജാതിയും മതവും നോക്കിയുള്ള വിഭജനം വേണ്ട; ബി.ജെ.പിയോട് ഇടഞ്ഞ് എല്‍.ജെ.പി

ജാതിയും മതവും നോക്കിയുള്ള വിഭജനം വേണ്ട; ബി.ജെ.പിയോട് ഇടഞ്ഞ് എല്‍.ജെ.പി
X

ലഖ്നൗ: കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളുടെ പേര് മാറ്റാന്‍ മുസ്ലിം വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശത്തെ വിമര്‍ശിച്ച് ബി.ജെ.പി സഖ്യകക്ഷിയായ എല്‍.ജെ.പി(ലോക് ജനശക്തി പാര്‍ട്ടി). ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് നേരത്തെ ജെ.ഡി.യുവും രാഷ്ട്രീയ ലോക്ദളും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എല്‍.ജെ.പിയുടെയും വിമര്‍ശനം.

ഹോട്ടലുടമകളോട് അവരുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെടുന്ന പോലിസിന്റെ നിര്‍ദേശത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രിയും ബി.ജെ.പി സഖ്യകക്ഷിയുമായ ചിരാഗ് പാസ്വാന്‍ രംഗത്തെത്തുകയായിരുന്നു. ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള വിഭജനത്തെ ഒരിക്കലും പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്നായിരുന്നു പസ്വാന്റെ പരാമര്‍ശം.

'ഈ സമൂഹത്തില്‍ രണ്ട് തരം ആളുകളാണ് ഉള്ളത്. സമ്പന്നരും ദരിദ്രരും. അതില്‍ തന്നെ എല്ലാ മതവിഭാഗങ്ങളും ഉണ്ട്. ഈ രണ്ട് തരം ആളുകള്‍ തമ്മിലുള്ള വിടവ് നമുക്ക് നികത്തേണ്ടതുണ്ട്. ദളിതര്‍, പിന്നോക്കക്കാര്‍, മേല്‍ജാതിക്കാര്‍, മുസ്ലിങ്ങള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഉള്‍പ്പെടുന്ന ദരിദ്രര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നത് ഓരോ സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്.

അവര്‍ക്ക് വേണ്ടി നമ്മള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ഇത്തരം വിഭജനം ഉണ്ടാകുമ്പോഴെല്ലാം ഞാന്‍ അതിനെ പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല. വിദ്യാസമ്പന്നരായ ആളുകളെ ഇതൊക്കെ ബാധിക്കുമെന്നും ഞാന്‍ കരുതുന്നില്ല,' പസ്വാന്‍ പറഞ്ഞു.

തന്റെ സ്വന്തം സംസ്ഥാനമായ ബീഹാറിന്റെ പിന്നോക്കാവസ്ഥയ്ക്ക് ജാതീയമായ ഘടകങ്ങളാണ് ഉത്തരവാദിയെന്ന് പസ്വാന്‍ പറഞ്ഞു. ജാതീയതയും വര്‍ഗീയതയും ഏറ്റവും കൂടുതല്‍ ദോഷം ചെയ്തത് ബീഹാറിനെയാണെന്നും ഇക്കാര്യങ്ങളില്‍ വിശ്വാസമില്ലാത്തതിനാല്‍ തന്നെ, തനിക്ക് ഇതിനെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ ധൈര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ജെ.ഡി.യു, ആര്‍.എല്‍.ഡി എന്നീ രണ്ടു സഖ്യകക്ഷികളും രംഗത്തെത്തിയിരുന്നു . യു.പിയില്‍ പോലിസ് ഏര്‍പ്പെടുത്തിയ ഈ വിലക്കുകള്‍ പ്രധാനമന്ത്രി മോദിയുടെ 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്' എന്നിവയുടെ ലംഘനമാണെന്നും ഉത്തരവ് പുനഃപരിശോധിക്കുകയോ തിരിച്ചെടുക്കുകയോ ചെയ്യണമെന്നുമായിരുന്നു ജെ.ഡി.യു പ്രതികരിച്ചത്. രഷ്ട്രീയത്തില്‍ മതവും ജാതിയും കൂട്ടികലര്‍ത്തുന്നത് ശരിയല്ലെന്നായിരുന്നു ആര്‍.എല്‍.ഡി ദേശീയ ജനറല്‍ സെക്രട്ടറി ത്രിലോക് ത്യാഗി പറഞ്ഞത്.




Next Story

RELATED STORIES

Share it