Sub Lead

''ഭരണഘടന പ്രകാരമല്ല രാജ്യത്ത് ഭരണം നടക്കുന്നത്.'' അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ ബിജെപി വിട്ട് മുന്‍ എംഎല്‍എ

ആദിവാസി നേതാവായ മഹേഷ് വാസവയാണ് പാര്‍ട്ടി വിട്ടത്

ഭരണഘടന പ്രകാരമല്ല രാജ്യത്ത് ഭരണം നടക്കുന്നത്. അംബേദ്ക്കര്‍ ജയന്തി ദിനത്തില്‍ ബിജെപി വിട്ട് മുന്‍ എംഎല്‍എ
X

ദീദിയപദ(ഗുജറാത്ത്): നര്‍മദ ജില്ലയിലെ ദീദിയപദയിലെ ബിജെപി മുന്‍ എംഎല്‍എയും ആദിവാസി നേതാവുമായ മഹേഷ് വാസവ പാര്‍ട്ടി വിട്ടു. ഭാരതീയ ട്രൈബല്‍ പാര്‍ട്ടി നേതാവായിരുന്ന മഹേഷ് വാസവ 2024 മാര്‍ച്ചിലാണ് ബിജെപിയില്‍ ചേര്‍ന്നത്. മുതിര്‍ന്ന ആദിവാസി നേതാവായ ഛോട്ടു വാസവയുടെ മകനാണ്.

രാജ്യത്തിന്റെ ഭരണഘടന തയ്യാറാക്കിയ ഡോ. ബി ആര്‍ അംബേദ്ക്കറുടെ ജന്മദിനത്തില്‍ താന്‍ ബിജെപി വിടുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. '' അംബേദ്ക്കറെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഭരണഘടന പ്രകാരമല്ല രാജ്യത്ത് ഭരണം നടക്കുന്നത്. ആദിവാസികളും ദലിതുകളും ഒബിസി വിഭാഗങ്ങളും മുസ്‌ലിംകളും ക്രിസ്ത്യാനികളും സിഖുകാരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രത്യയശാസ്ത്രത്തിനെതിരെ ഒരുമിച്ച് പോരാടുകയും വേണം. അതൊരു നീണ്ട പോരാട്ടമാണ്. നാം ഐക്യപ്പെടണം. പരസ്പരം പോരടിക്കരുത്.''-മഹേഷ് വാസവ പറഞ്ഞു.

''എന്റെ നാട്ടില്‍ പൊതുക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താനാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത്. പക്ഷേ, എന്റെ ശുപാര്‍ശകളൊന്നും അവര്‍ നടപ്പാക്കിയില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ അവര്‍ക്കായി കാംപയിന്‍ നടത്തി. സിറ്റിങ് എംപിയായ മന്‍സുഖ് വാസവ വിജയിക്കുകയും ചെയ്തു. പക്ഷേ, അവര്‍ ഞങ്ങളെ ബോധപൂര്‍വ്വം അവഗണിച്ചു. ഞാന്‍ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയിലേക്ക് തിരികെ പോവുകയാണ്. വരും ദിവസങ്ങളില്‍ ഗുജറാത്ത് രാഷ്ട്രീയത്തില്‍ ഭൂകമ്പമുണ്ടാവും. ബറൂച്ചായിരിക്കും അതിന്റെ പ്രഭവകേന്ദ്രം.''-മഹേഷ് വാസവ വിശദീകരിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി, 2024 മാര്‍ച്ച് പതിനൊന്നിനാണ് മഹേഷ് വാസവയും ബാണസ്‌കന്ത ജില്ലയിലെ പാലന്‍പൂരിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ മഹേഷ് പട്ടേലും ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റാണ് ഗാന്ധിനഗറിലെ ഓഫിസില്‍ ഇവരെ സ്വീകരിച്ചത്.

മഹേഷ് വാസവയുടെ പിതാവ് ഛോട്ടു വാസവ ബറൂച്ച് ജില്ലയിലെ ജഗാഡിയ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഏഴ് തവണ എംഎല്‍എ ആയിട്ടുണ്ട്. മഹേഷ് വാസവ 2002ലും 2017ലും ദീദിയപദയില്‍ നിന്നും എംഎല്‍എയായി. മഹേഷ് വാസവയുടെ അടുത്തസഹായിയായിരുന്ന ചൈതര്‍ വാസവയാണ് 2022ലെ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിച്ച് വിജയിച്ചത്.

Next Story

RELATED STORIES

Share it