Sub Lead

ഡല്‍ഹി ജാമിഅ് മസ്ജിദ് അടക്കം രാജ്യത്തെ 250 വഖ്ഫ് സ്വത്തുകളുടെ നിയന്ത്രണം വേണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ

സെപ്റ്റംബറില്‍ ചേര്‍ന്ന സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍ നല്‍കിയ റിപോര്‍ട്ടില്‍ 120 വഖ്ഫ് സ്വത്തുക്കളുടെ പട്ടികയാണ് എഎസ്‌ഐ നല്‍കിയിരുന്നത്.

ഡല്‍ഹി ജാമിഅ് മസ്ജിദ് അടക്കം രാജ്യത്തെ 250 വഖ്ഫ് സ്വത്തുകളുടെ നിയന്ത്രണം വേണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ
X

ന്യൂഡല്‍ഹി: രാജ്യത്തെ 250 സ്മാരകങ്ങള്‍ വഖ്ഫ് സ്വത്താണെന്നും അവയുടെ നിയന്ത്രണം കൈമാറണമെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. ഈ ആവശ്യം വഖ്ഫ് നിയമഭേദഗതി ബില്ല് ചര്‍ച്ച ചെയ്യുന്ന സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്‌ഐ) ഉന്നയിക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹിയിലെ പ്രശസ്തമായ ജാമിഅ് മസ്ജിദ്, ഫിറോസ് ഷാ കോട്‌ല മസ്ജിദ്, ആര്‍കെ പുരത്തെ ഛോട്ടീ ഗുമ്തി മഖ്ബറ, ഹോസ്ഖസിലെ മസ്ജിദ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. വഖ്ഫ് സ്വത്തുക്കള്‍ എഎസ്‌ഐ അനധികൃതമായി സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതായി 2006ലെ സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് വിമര്‍ശിച്ചിരുന്നു. സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടില്‍ പരാമര്‍ശിച്ച വഖ്ഫ് സ്വത്തുക്കളും എഎസ്‌ഐ തയ്യാറാക്കിയ റിപോര്‍ട്ടിലുണ്ട്.

സെപ്റ്റംബറില്‍ ചേര്‍ന്ന സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍ നല്‍കിയ റിപോര്‍ട്ടില്‍ 120 വഖ്ഫ് സ്വത്തുക്കളുടെ പട്ടികയാണ് എഎസ്‌ഐ നല്‍കിയിരുന്നത്. ഇത് ഇപ്പോള്‍ 250 ആയി ഉയര്‍ന്നിരിക്കുകയാണ്.

1958ലെ പുരാതന സ്മാരക, പുരാവസ്തു പ്രദേശ സംരക്ഷണ നിയമം (എഎംഎഎസ്ആര്‍) വഖ്ഫ് നിയമത്തിന് പലപ്പോഴും എതിരായി വരുകയാണെന്ന് സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് പറയുന്നു. മതപരമായും ആരാധനാപരമായും പ്രാധാന്യമുള്ള നിരവധി വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിത സ്മാരകങ്ങളായതിനാല്‍ വഖ്ഫ് ബോര്‍ഡുകള്‍ക്ക് അവയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍, എഎസ്‌ഐയിലെയും കേന്ദ്ര വഖ്ഫ് കൗണ്‍സിലിലെയും ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാ വര്‍ഷവും യോഗം കൂടി വഖ്ഫ് സ്വത്തുക്കളുടെ പട്ടിക പുതുക്കണമെന്നാണ് സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നത്. ഈ യോഗത്തിന്റെ മിനുട്ട്‌സുകളില്‍ എല്ലാവരും ഒപ്പിടണമെന്നും രേഖകള്‍ ബന്ധപ്പെട്ട് മന്ത്രാലയങ്ങളില്‍ കൂടി സൂക്ഷിക്കണമെന്നും ശുപാര്‍ശയുണ്ട്.

Next Story

RELATED STORIES

Share it