Sub Lead

യുപിയില്‍ ദലിത്-മുസ്ലിം-യാദവ വോട്ടുകള്‍ ബിജെപിയുടെ വിധി നിര്‍ണയിക്കും

ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശിലെ മാറ്റങ്ങള്‍ രാജ്യത്തിന്റെ ഗതി തന്നെ നിര്‍ണയിക്കുമെന്നതിനാല്‍ മുസ്ലിം-ദലിത്-യാദവ വോട്ടുകള്‍ ഇക്കുറി എങ്ങോട്ട് മറിയുമെന്നത് സുപ്രധാനമാണ്.

യുപിയില്‍ ദലിത്-മുസ്ലിം-യാദവ വോട്ടുകള്‍ ബിജെപിയുടെ വിധി നിര്‍ണയിക്കും
X

ലഖ്‌നോ: ബഹുജന്‍ സമാജ് പാര്‍ട്ടിയും(ബിഎസ്പി) സമാജ്‌വാദി പാര്‍ട്ടിയും(എസ്പി) കൈകോര്‍ത്തതോടെ ഉത്തര്‍പ്രദേശില്‍ ഇത്തവണ ബിജെപിയുടെ നില പരുങ്ങലിലാവുമെന്ന് കണക്കുകള്‍. ജാതിവോട്ടുകള്‍ വിധി നിര്‍ണയിക്കുന്ന സംസ്ഥാനത്ത് മുസ്ലിം-ദലിത്-യാദവ വോട്ടുകളുടെ സമവാക്യം സുപ്രധാനമാണ്. ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശിലെ മാറ്റങ്ങള്‍ രാജ്യത്തിന്റെ ഗതി തന്നെ നിര്‍ണയിക്കുമെന്നതിനാല്‍ മുസ്ലിം-ദലിത്-യാദവ വോട്ടുകള്‍ ഇക്കുറി എങ്ങോട്ട് മറിയുമെന്നത് സുപ്രധാനമാണ്.

ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സര്‍വേ ഏജന്‍സിയായ സി-വോട്ടറിന്റെ കണക്കുപ്രകാരം സംസ്ഥാനത്തെ 80 പാര്‍ലമെന്റ് സീറ്റുകളില്‍ 47 എണ്ണം ബിജെപിക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കും. ഈ 47 മണ്ഡലങ്ങൡ മുസ്ലിം-ദലിത്-യാദവ ജനസംഖ്യ 50 ശതമാനത്തില്‍ കൂടുതലാണ്. യുപിയിലെ എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഈ മൂന്ന് വിഭാഗങ്ങളും കൂടിയുള്ള ജനസംഖ്യ 40 ശമാനത്തില്‍ കൂടുതലാണെന്നും സിവോട്ടറിന്റെ കണക്കുകള്‍ പറയുന്നു. ഈ ജാതിക്കണക്കുകള്‍ എസ്പി-ബിഎസ്പി സഖ്യത്തിന് അനുകൂലമാവുമെന്നാണ് സി-വോട്ടറിന്റെ പക്ഷം

മുസ്ലിം-ദലിത്-യാദവ സമവാക്യം

1990കളുടെ തുടക്കം മുതലിങ്ങോട്ട് യുപിയുടെയും ബിഹാറിന്റെയും തിരഞ്ഞെടുപ്പ് ഭാവി നിര്‍ണയിക്കുന്നത് ജാതിക്കണക്കുകളാണ്. എസ്പിയും ബിഎസ്പിയും കൈകോര്‍ക്കാനുള്ള പ്രധാന കാരണവും ഈ കണക്കുകളിലുള്ള പ്രതീക്ഷ തന്നെ. 2011ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യ 19 ശതമാനമാണ്. ദലിതുകള്‍ 21 ശതമാനമുണ്ട്. ഒബിസിയുടെയും ജനറല്‍ വിഭാഗത്തിന്റെയും വേര്‍തിരിച്ച കണക്ക് സെന്‍സസില്‍ ലഭ്യമല്ലെങ്കിലും യുപിയില്‍ യാദവരുടെ എണ്ണം 10 ശതമാനത്തോളം വരുമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. ഇത് മൂന്നും ചേര്‍ത്തുവയ്ക്കുമ്പോള്‍ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ പകുതിയോളം വരും.

ദലിതുകളില്‍ ഒരു വലിയ വിഭാഗം ബിഎസ്പിയെ പിന്തുണക്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി യാദവരുടെയും മുസ്ലിംകളുടെയും ശക്തമായ പിന്തുണയുള്ള പാര്‍ട്ടിയാണ് എസ്പി. ഈ ബോധ്യമാണ് കടുത്ത ശത്രുതയിലായിരുന്ന ഇരുപാര്‍ട്ടികളെയും നരേന്ദ്ര മോദിയുടെ മുന്നേറ്റം തടയാനുള്ള യോജിപ്പിലേക്ക് നയിച്ചത്.

ബിജെപിക്ക് പ്രധാന വെല്ലുവിളിയാവുന്ന മണ്ഡലങ്ങള്‍



സംസ്ഥാനത്തെ 80 സീറ്റുകളില്‍ 10 എണ്ണത്തില്‍ മുസ്ലിം-ദലിത്-യാദവ ജനസംഖ്യ 60 ശതമാനത്തിലേറെയാണ്. അസംഗഡ്, ഘോസി, ദൊമാരിയാ ഗഞ്ച്, ഫിറോസാബാദ്, ജോന്‍പൂര്‍, അംബേദ്കര്‍ നഗര്‍, ബദോഹി, ബിജ്‌നോര്‍, മോഹന്‍ലാല്‍ ഗഞ്ച്, സീതാപൂര്‍ എന്നിവയാണ് ഈ മണ്ഡലങ്ങള്‍. 2014ല്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് അസംഗഡ്. 68.3 ശതമാനമാണ് ഈ മണ്ഡലത്തിലെ മുസ്ലിം-ദലിത്-യാദവ ജനസംഖ്യ. മുലായത്തിന് കഴിഞ്ഞ തവണ കിട്ടിയത് 3,40,306 വോട്ടുകളാണ്. മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ 35.43 ശതമാനം വരുമിത്. മൂന്നാം സ്ഥാനത്തെത്തിയ ഷാ ആലമിന് 27.5 ശതമാനം വോട്ടുകള്‍ കിട്ടി. ഇത്തവണ ഇത് രണ്ടും ചേരുമ്പോള്‍ 63.18 ശതമാനം വോട്ടുകള്‍ വരും.

50 ശതമാനത്തിനും 60 ശതമാനത്തിനും ഇടയില്‍ മുസ്ലിം-ദലിത്-യാദവ ജനസംഖ്യയുള്ള 37 മണ്ഡലങ്ങള്‍ സംസ്ഥാനത്തുണ്ട്. അമേത്തി, റായ്ബറേലി, മുലായം സിങ് യാദവ് ഇക്കുറി ജനവിധി തേടുന്ന മെയിന്‍പുരി തുടങ്ങിയ പ്രധാന മണ്ഡലങ്ങള്‍ ഇതില്‍പ്പെടുന്നു. മെയിന്‍പുരിയില്‍ മുസ്ലിം-ദലിത്-യാദവ ജനസംഖ്യ 57.2 ശതമാനമാണ്.

ബാക്കിയുള്ള 33 മണ്ഡലങ്ങളില്‍ മുസ്ലിം-ദലിത്-യാദവ വോട്ടുകള്‍ 40 ശതമാനത്തിനും 50 ശതമാനത്തിനും ഇടയില്‍വരും. പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍സരിക്കുന്ന വാരണാസി ഉള്‍പ്പെടെയുള്ളവ ഇതില്‍പ്പെടുന്നു.

2014ലെ പൊതു തിരഞ്ഞെടുപ്പില്‍ 73 സീറ്റുകള്‍ നേടി(ബിജെപി 71, അപ്‌നാ ദള്‍ 2) സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് എന്‍ഡിഎ നേടിയത്. സമാജ്‌വാദി പാര്‍ട്ടി അഞ്ച് സീറ്റിലൊതുങ്ങി. ബിഎസ്പിക്ക് ഒറ്റ സീറ്റു പോലും നേടാനായില്ല. എന്നാല്‍ ബിഎസ്പിക്ക് 20 ശതമാനവും എസ്പിക്ക് 22.5 ശതമാനവും വോട്ടുകള്‍ നേടാനായി എന്നത് ശ്രദ്ധേയമാണ്. ഇത് രണ്ടും ചേര്‍ന്നാല്‍ എന്‍ഡിഎയുടെ വോട്ട് ശതമാനത്തിന്റെ അത്രയും വരും. ഇരു പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കുകയും പല മണ്ഡലങ്ങളിലും സൗഹൃദ മല്‍സരം ആവാമെന്ന് കോണ്‍ഗ്രസ് സൂചിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇത്തവണ യുപിയില്‍ ബിജെപിയുടെ സ്ഥിതി പരുങ്ങലിലാവും.

Next Story

RELATED STORIES

Share it