Sub Lead

ഹിന്ദുത്വര്‍ ജുമുഅ മുടക്കി; ഗുഡ്ഗാവില്‍ നമസ്‌കരിക്കാന്‍ സ്ഥലം നല്‍കി ഹിന്ദു യുവാവ്

ഹിന്ദുത്വര്‍ ജുമുഅ മുടക്കി; ഗുഡ്ഗാവില്‍ നമസ്‌കരിക്കാന്‍ സ്ഥലം നല്‍കി ഹിന്ദു യുവാവ്
X

ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ സംഘപരിവാര സംഘടനകള്‍ ജുമുഅ തടസ്സപ്പെടുത്തിയ സ്ഥലത്ത് മുസ്‌ലിങ്ങള്‍ക്ക് നിസ്‌കരിക്കാനായി സ്വന്തം കടമുറി വിട്ടു നല്‍കി ഹിന്ദു യുവാവ്. ഗുഡ്ഗാവ് സ്വദേശിയായ അക്ഷയ് യാദവാണ് മുസ്‌ലിം വിശ്വാസികള്‍ക്ക് നിസ്‌കരിക്കുന്നതിനായി സ്വന്തം കടമുറി വിട്ടു നല്‍കിയത്.

അധികൃതര്‍ അനുവദിച്ചു നല്‍കിയ ഇടങ്ങളില്‍ ജുമുഅ നടത്തുന്നതിനെ ബിജെപി നേതാക്കള്‍ ഉള്‍പ്പടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ വിലക്കിയതോടെയാണ് മുസ്‌ലിം വിശ്വാസികളുടെ പ്രാര്‍ത്ഥന തടസപ്പെട്ടത്. നിസ്‌കാരത്തിനുള്ള ഇടങ്ങളില്‍ ചാണകം നിരത്തിയും ഗോവര്‍ധന പൂജയും നടത്തിയും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ജുമുഅ തടസപ്പെടുത്തിയതോടെയാണ് തന്റെ കടമുറി വിട്ടു നല്‍കാന്‍ അക്ഷയ് തയ്യാറായത്.

കഴിഞ്ഞ രണ്ട് മാസമായി ഹിന്ദു സംഘര്‍ഷസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗുഡ്ഗാവില്‍ ജുമുഅ തടസ്സപ്പെടുത്തുന്നുണ്ട്. ഇതേ തുടര്‍ന്നാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് അക്ഷയ് പറയുന്നത്.

'ഞാന്‍ എന്റെ കൂട്ടുകാരനായ തൗഫീഖ് അഹമ്മദിനോട് എന്റെ വീടിനടുത്ത് ഒഴിഞ്ഞ മുറിയുണ്ടെന്നും അവിടെ വെച്ച് നിസ്‌കരിക്കാന്‍ സൗകര്യമുണ്ടെന്നും പറഞ്ഞിരുന്നു. ഈ പ്രദേശത്തെ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ധാരാളം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഓരോ പൗരനും പ്രാര്‍ത്ഥിക്കാന്‍ അവകാശമുണ്ടെന്നും അതിനെ ആര്‍ക്കും എതിര്‍ക്കാനാവില്ലെന്നും ഭരണഘടന പറയുന്നു. സമുദായങ്ങള്‍ക്കിടയിലുള്ള സമാധാനവും ഐക്യവും മാത്രമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,' അക്ഷയ് പറയുന്നു.

ഹിന്ദു സംഘര്‍ഷസമിതി പ്രവര്‍ത്തകര്‍ നിസ്‌കാരം മുടക്കിയ കഴിഞ്ഞ വെള്ളിയാഴ്ച 15ഓളം പേര്‍ ഹിന്ദു യുവാവ് അനുവദിച്ച സ്ഥലത്ത് ജുമുഅ നിര്‍വഹിച്ചു.

കുറച്ച് കാലമായി കടമുറി ഉപയോഗശൂന്യമായി കിടക്കുകയാണെന്ന് യാദവ് പറയുന്നത്. താനൊരു ബിസിനസുകാരന്‍ മാത്രമാണെന്നും തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജുമുഅ നടത്താന്‍ ഇനിയും സ്ഥലമാവശ്യമായി വരികയാണെങ്കില്‍ മറ്റൊരിടത്തുള്ള തന്റെ വീടും വിട്ടുനല്‍കാന്‍ തയ്യാറാണെന്നും അക്ഷയ് പറയുന്നു.

നേരത്തെ, ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഇവിടെയെത്തി ജുമുഅ തടസ്സപ്പെടുത്തിയിരുന്നു. ഇവര്‍ നിസ്‌കരിക്കുന്ന തുറസ്സായ സ്ഥലങ്ങളില്‍ വോളിബോള്‍ കോര്‍ട്ട് പണിയണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. നേരത്തെ ചാണകം നിരത്തിയും ഇവര്‍ തടസം സൃഷ്ടിച്ചിരുന്നു. ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഗോവര്‍ധന പൂജയും നടത്തിയിരുന്നു.

Next Story

RELATED STORIES

Share it