Sub Lead

ഒരു 'ലൗ ജിഹാദ്' കെട്ടുകഥ കൂടി പൊളിഞ്ഞു; കോഴിക്കോട് സ്വദേശിയെ കോടതി വെറുതെവിട്ടു

സഹപാഠിയെ സരോവരം പാര്‍ക്കില്‍ വച്ച് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും മതം മാറ്റം ലക്ഷ്യമിട്ടുള്ള ലൗജിഹാദാണ് ഇതിനുപുറകിലെന്നുമായിരുന്നു സംഘപരിവാരത്തിന്റെയും ചില ക്രൈസ്തവ സംഘടനകളുടെയും ആരോപണം.

ഒരു ലൗ ജിഹാദ് കെട്ടുകഥ കൂടി പൊളിഞ്ഞു; കോഴിക്കോട് സ്വദേശിയെ കോടതി വെറുതെവിട്ടു
X

കോഴിക്കോട്: സംഘപരിവാരം ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു 'ലൗജിഹാദ്' കെട്ടുകഥ കൂടി കോടതിയില്‍ പൊളിഞ്ഞു. 2019ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടുവണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ജാസിമിനെ കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് സെഷന്‍സ് കോടതി വെറുതെവിട്ടു. സഹപാഠിയെ സരോവരം പാര്‍ക്കില്‍ വച്ച് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും മതം മാറ്റം ലക്ഷ്യമിട്ടുള്ള ലൗജിഹാദാണ് ഇതിനുപുറകിലെന്നുമായിരുന്നു സംഘപരിവാരത്തിന്റെയും ചില ക്രൈസ്തവ സംഘടനകളുടെയും ആരോപണം. എന്നാല്‍, കേസില്‍ ലൗജിഹാദ് എന്ന ആരോപണം നിലനില്‍ക്കില്ലെന്നും പീഡനം നടന്നിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയുടെ വീഡിയോ ചിത്രീകരിച്ച് മതം മാറാന്‍ നിര്‍ബന്ധിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. തുടര്‍ന്നാണ് മുഹമ്മദ് ജാസിമിനെ മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്ത് അന്വേഷണം തുടങ്ങിയത്. പെണ്‍കുട്ടിയെ യുവാവ് അശോകപുരം പളളി പരിസരത്തുനിന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ടായിരുന്നു. എന്നാല്‍, ക്രിസ്ത്യ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി നേരത്തേ അടുപ്പത്തിലായിരുന്നു യുവാവ്. ഇക്കാര്യമറിഞ്ഞ് യുവാവിനെതിരേ മാതാപിതാക്കള്‍ ആരോപണങ്ങളുമായി രംഗത്തെത്തിയതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. സമീപത്തെ പള്ളിയിലേത് ഉള്‍പ്പെടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ തട്ടിക്കൊണ്ടുപേകാന്‍ ശ്രമം നടന്നിട്ടില്ലെന്നും ജാസിമുമായി സംസാരിച്ച ശേഷം പെണ്‍കുട്ടി കാറില്‍ കയറിപ്പോവുകയായിരുന്നുവെന്നും തെളിഞ്ഞു. മതംമാറ്റം ഉള്‍പ്പെടെയുളള ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇവര്‍ തമ്മില്‍ പ്രണയമോ അടുപ്പമോ ആണ് ഉണ്ടായിരുന്നതെന്നും ബോധ്യപ്പെട്ടതോടെയാണ് നാലുവര്‍ഷങ്ങള്‍ക്ക് ശേഷം ജാസിമിനെ കോഴിക്കോട് അതിവേഗ കോടതി ജഡ്ജി കെ പ്രിയ വെറുതെ വിട്ടത്. സംഭവത്തെ ലൗ ജിഹാദ് ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുകയും കോഴിക്കോട് നഗരത്തില്‍ സംഘപരിവാരവും ചില ക്രിസ്ത്യന്‍ സംഘടനകളും ചേര്‍ന്ന് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. കോടതി ഇടപെടലിലൂടെ സംഘപരിവാരത്തിന്റെ മറ്റൊരു ലൗ ജിഹാദ് കള്ളക്കഥയാണ് പൊളിഞ്ഞുവീണത്.




Next Story

RELATED STORIES

Share it