Sub Lead

ഔറംഗസീബിന്റെ സ്മൃതികുടീരം: കലാപത്തിനു കോപ്പുകൂട്ടി സംഘപരിവാരം

ഔറംഗസീബിന്റെ സ്മൃതികുടീരം: കലാപത്തിനു കോപ്പുകൂട്ടി സംഘപരിവാരം
X

മുംബൈ: ഔറംഗസീബിന്റെ സ്മൃതികുടീരം ആയുധമാക്കി മഹാരാഷ്ട്രയില്‍ കലാപത്തിന് കോപ്പൊരുക്കുകയാണ് സംഘപരിവാരം. പതിനേഴാം നൂറ്റാണ്ടിലെ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ സ്മൃതികുടീരം പൊളിച്ചുമാറ്റണം എന്നാവശ്യപ്പെട്ട് ഒരു സംഘം ബജ്‌റങ്ദള്‍, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച നാഗ്പൂരിലെ ചിറ്റ്‌നിസ് പാര്‍ക്ക് ചൗക്കില്‍ പ്രകടനം നടത്തി.

ഈ പ്രതിഷേധം പെട്ടെന്നുതന്നെ നിയന്ത്രണം വിട്ടതായാണ് തുടര്‍ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഖുര്‍ആന്‍ ലിഖിതങ്ങള്‍ തുന്നിച്ചേര്‍ത്ത ഒരു ചാദര്‍ (വിശുദ്ധ തുണി) വര്‍ഗീയ ഹിന്ദുത്വ പ്രതിഷേധക്കാര്‍ കത്തിച്ചു. ഇത് മുസ്‌ലിം വിഭാഗത്തെ പ്രകോപിതരാക്കുന്ന പ്രവൃത്തിയായിരുന്നു. സ്വാഭാവികമായും മുസ്‌ലിംകള്‍ ഇളകി. നാഗ്പൂരിലെ മറ്റുഭാഗങ്ങളിലും ഇതാവര്‍ത്തിച്ചു. ഗണേശ്‌പേട്ട്, ഭഗല്‍പൂര്‍, ഹസന്‍പുരി എന്നിവിടങ്ങളില്‍ ഈ 'ചാദര്‍' കത്തിക്കല്‍ അക്രമാസക്തമായ ഏറ്റുമുട്ടലുകളായി മാറി. സംഘര്‍ഷത്തില്‍ 33 പോലിസ് ഉദ്യോഗസ്ഥര്‍ക്കും അഞ്ചു സാധാരണക്കാര്‍ക്കും പരിക്കേറ്റു. ഒരാളെ തീവ്രചരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ചാദര്‍ കത്തിച്ചെന്ന വാര്‍ത്ത വിശ്വഹിന്ദു പരിഷത്ത് നിഷേധിച്ചെങ്കിലും സംഭവത്തിന്റെ വീഡിയോകള്‍ കണ്ട് മഹാരാഷ്ട്ര പോലിസ് സംഭവം സ്ഥിരീകരിച്ചു. ഔറംഗസീബിന്റെ സ്മൃതികുടീരത്തോടുള്ള പ്രതിഷേധത്തേക്കാള്‍ പ്രകോപനപരമായത് ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉല്ലേഖനം ചെയ്ത ചാദര്‍ കത്തിച്ചതാണ്. 'ഖുര്‍ആനിലെ വാക്യങ്ങള്‍ ചേര്‍ത്ത ചാദര്‍ കത്തിക്കുന്നത് എന്തിനാണ്. ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ (എഐഎംഐഎം) നാഗ്പൂരിലെ നേതാവ് ഷാഖിബുര്‍ റഹ്മാന്‍ ചോദിക്കുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പൂരില്‍ നിന്നുള്ള ആളാണ്. സംഭവത്തെ കുറിച്ച് നിയമസഭയില്‍ ഫഡ്‌നാവിസ് പറഞ്ഞത് ഏറ്റുമുട്ടലുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്നും നിര്‍ദിഷ്ട വീടുകള്‍ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്നുമാണ്. അഞ്ച് എഫ്‌ഐആറുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആര്‍എസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന മഹല്‍ പ്രദേശത്തെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 50 പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പോലിസ് പറയുമ്പോഴും 11 പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തികളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മഹല്‍, കോട് വാലി, ഗണേശ് പേട്ട്, പച്ച് പൗളി, കപില്‍ നഗര്‍, ഇമാംവാദി, യശോധര നഗര്‍, തഹ്‌സില്‍, ലകദ് ഗഞ്ച്, നന്ദന്‍വാന്‍, ശാന്തിനഗര്‍, സക്കര്‍ദാര എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ നിലവിലുള്ളത്.

മഹാരാഷ്ട്ര നിയമസഭാ സമ്മേളനം ആരംഭിച്ചതിനു ശേഷം കഴിഞ്ഞ രണ്ടാഴ്ചയോളമായി, ഭരണകക്ഷിയായ മഹായുതിയിലെ വിവിധ നേതാക്കള്‍, മുമ്പ് ഔറംഗാബാദ് എന്നറിയപ്പെട്ടിരുന്ന ഛത്രപതി സംഭാജി നഗര്‍ ജില്ലയിലെ ഖുല്‍ദാബാദില്‍ സ്ഥിതിചെയ്യുന്ന ഔറംഗസീബിന്റെ സ്മൃതികുടീരത്തെ കുറിച്ച് വിവാദപരമായ പ്രസ്താവനകള്‍ നടത്തിവരുകയാണ്.

സര്‍ക്കാര്‍ അതിന്റേതായ രീതിയില്‍ കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ഹിന്ദുത്വ സംഘടനകള്‍ അവരുടേതായ കടമയും നിര്‍വഹിക്കണമെന്ന് കാബിനറ്റ് മന്ത്രി നിതേഷ് റാണെ നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു. 'ബാബരി മസ്ജിദ്' മാതൃകയിലുള്ള ഒരു നടപടിയാണ് ഹിന്ദുത്വ സംഘടനകള്‍ കൈക്കൊള്ളേണ്ടതെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.

മുഖ്യമന്ത്രി ഫഡ്‌നാവിസിന്റെ പ്രസ്താവന ഉയര്‍ത്തിയ വിവാദങ്ങള്‍ നിലനില്‍ക്കേ തന്നെ ഫഡ്‌നാവിസ് പറഞ്ഞത് കുടീരം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അധീനത്തിലായതിനാല്‍ അതിന് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നാണ്. എങ്കിലും ഔറംഗസീബിനെ മഹത്ത്വവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദു കലണ്ടര്‍ പ്രകാരം മാര്‍ച്ച് 17 ശിവജി മഹാരാജ് ജയന്തിയാണ്. ജയന്തി ആചരിച്ച ഹിന്ദുത്വ സംഘടനകള്‍ ഔറംഗസീബിന്റെ കുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. നാഗ്പൂരില്‍ വിഎച്ച്പി ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ രാവിലെ 11.30 ഓടെ പ്രതിഷേധ പ്രകടനം ആരംഭിച്ചു. ഹിന്ദുക്കളും മുസ്‌ലിംകളും ഇടകലര്‍ന്നു ജീവിക്കുന്ന ഒരു പ്രദേശമാണിത്. മഹല്‍ പ്രദേശത്ത് ഒരു മസാര്‍ ഉണ്ട്. അവിടെ ഹിന്ദുക്കളും മുസ്‌ലിംകളും ചാദര്‍ അര്‍പ്പിക്കാന്‍ എത്താറുണ്ട്. പൂക്കളോ വസ്ത്രങ്ങളോ ഒക്കെയാവും അവര്‍ അര്‍പ്പിക്കുക.

വിഎച്ച്പി-ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ ഖുര്‍ആന്‍ വാക്യങ്ങള്‍ ആലേഖനം ചെയ്ത പച്ചനിറത്തിലുള്ള ഒരു ചാദര്‍ ഔറംഗസീബിന്റെ പ്രതിമയോടൊപ്പം കത്തിച്ചു. ചില മുസ്‌ലിംകള്‍ ഇതിനെ എതിര്‍ത്തെങ്കിലും ഹിന്ദുത്വര്‍ അത് കണക്കിലെടുത്തില്ല. തങ്ങള്‍ അങ്ങനെ ചെയ്തിട്ടില്ലെന്നാണ് വിഎച്ച്പി നേതാവ് മിലിന്ദ് പരാന്ദെയുടെ വാദം. ഹിന്ദുക്കള്‍ ഖുര്‍ആന്‍ ലിഖിതം കത്തിച്ചെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും അക്രമത്തിന് പ്രേരിപ്പിച്ചതിന് മുസ്‌ലിംകള്‍ക്കെതിരേ കേസെടുക്കണമെന്നുമാണ് പരാന്ദെയുടെ ആവശ്യം.

എന്നാല്‍ നാഗ്പൂര്‍ പോലിസ് കമ്മീഷണര്‍ ചാദര്‍ കത്തിക്കുന്നതിന്റെ വീഡിയോകള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു. മുസ്‌ലിംകള്‍ പരാതിപ്പെട്ടെങ്കിലും പോലിസ് ഉടനടി നടപടി സ്വീകരിച്ചില്ലെന്നാണ് പ്രാദേശിക നേതാക്കളുടെ ആരോപണം. വീഡിയോ തെളിവുകള്‍ ഹാജരാക്കിയിട്ടും വളരെ വൈകിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടാക്കിയതെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പ്രഫുല്ല ഗുഡാദെ പറഞ്ഞു.

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിനെതിരേ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 299, 37 (1), 31(3) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ഫഡ്‌നാവിസ് നിയമസഭയില്‍ പറഞ്ഞു.ചിറ്റ്‌നിസ് പാര്‍ക്ക് മുതല്‍ ശുക്രവാരി തലാവോ വരെയുള്ള പ്രദേശത്തെയാണ് അക്രമം കൂടുതലായി ബാധിച്ചതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

'ബാബരി മസ്ജിദ് തകര്‍ക്കലിനു ശേഷം ഇക്കാലമത്രയും നാഗ്പൂര്‍ സമാധാനപരമായിരുന്നു. നഗരത്തില്‍ ഹിന്ദു-മുസ്‌ലിം ഐക്യം ശക്തമായിരുന്നു. മുസ്‌ലിംകള്‍ കൂടുതലുള്ള പ്രദേശത്ത് ഒരു രാമക്ഷേത്രമുണ്ട്. എന്നാല്‍, രാമനവമി ഘോഷയാത്ര സമാധാനപരമായാണ് അവിടെ നടന്നു വരാറുള്ളത്. ഈദ് വേളയില്‍ പോലും ഹിന്ദുക്കള്‍ മുസ്‌ലിംകളെ അഭിവാദ്യം ചെയ്യുന്നു. അതാണ് നാഗ്പൂരിലെ പാരമ്പര്യം' പ്രഫുല്ല ഗുഡാദെ പങ്കുവയ്ക്കുന്നു.

എന്തായാലും ഇതിനെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ സംസ്ഥാനത്തെ ക്രമസമാധാന വഷളാവുന്നതിന് നിമിത്തമായി. സംസ്ഥാനത്തെ ക്രമസമാധാന നിലയെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച ശിവസേന(യുബിടി) നേതാവ് ആദിത്യ താക്കറെ പറഞ്ഞു:

'സംഘര്‍ഷമുണ്ടായപ്പോള്‍ ആഭ്യന്തര വകുപ്പ്, ഇന്റലിജന്‍സ്, മുഖ്യമന്ത്രിയുടെ ഓഫിസ് എല്ലാം എവിടെയായിരുന്നു. മുഖ്യമന്ത്രിയുടെ നഗരത്തിനുള്ളിലാണ് ഏറ്റുമുട്ടലുണ്ടായത്. അദ്ദേഹം ക്രമസമാധാനം ഉറപ്പുവരുത്തണമായിരുന്നു. അവര്‍ മഹാരാഷ്ട്രയെ മണിപ്പൂരാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നു'.

മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹര്‍ഷവര്‍ധന്‍ സപ്കലും ഭരണകക്ഷിയെയാണ് കുറ്റപ്പെടുത്തിയത്. 'കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, ഭരണകക്ഷി എംഎല്‍എമാര്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയാണ്. ഇത് സാമൂഹിക ഐക്യത്തെ തകര്‍ക്കുന്നു. നാഗ്പൂരില്‍ അവരുടെ ശ്രമങ്ങള്‍ ഒടുവില്‍ വിജയിച്ചതായി തോന്നുന്നു. പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ പ്രധാന പ്രശ്‌നങ്ങള്‍ സംസ്ഥാനം അഭിമുഖീകരിക്കുന്നു. 'ലഡ്കി ബഹന്‍' പദ്ധതി പ്രകാരം വേതനം വര്‍ധിപ്പിക്കുമെന്ന വാഗ്ദാനം പോലും സംസ്ഥാന സര്‍ക്കാര്‍ പാലിച്ചിട്ടില്ല. ഇവയില്‍ നിന്നെല്ലാം ജനശ്രദ്ധ തിരിച്ചു വിടാനാണ് ഭരണകക്ഷി എംഎല്‍എമാര്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയാണ്. സപ്കല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it