Sub Lead

കെടെറ്റ് ഇല്ലാത്ത എയ്ഡഡ് അധ്യാപകരെ പുറത്താക്കും

കെടെറ്റ് ഇല്ലാത്ത എയ്ഡഡ് അധ്യാപകരെ പുറത്താക്കും
X

തിരുവനന്തപുരം: കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെടെറ്റ്) യോഗ്യതയില്ലാത്ത അധ്യാപകരെ എയ്ഡഡ് സ്‌കൂളുകളിലെ സര്‍വീസില്‍ നിന്നൊഴിവാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. യോഗ്യത ഇല്ലാത്ത അധ്യാപകരെ നിയമിച്ച സ്‌കൂള്‍ മാനേജര്‍മാരെ അയോഗ്യരാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പറയുന്നു.

2019-20 മുതല്‍ കെടെറ്റ് യോഗ്യതയുള്ളവരെ മാത്രമേ അധ്യാപകരായി നിയമിക്കാവൂവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, നിരവധി മാനേജ്‌മെന്റുകള്‍ ഈ ഉത്തരവ് ലംഘിച്ചു. കെടെറ്റ് ഉള്ളവര്‍ക്കു മാത്രമേ സ്ഥാനക്കയറ്റം നല്‍കാവൂവെന്നും നിര്‍ദേശിച്ചിരുന്നു. ഇതു പാലിക്കാത്ത എയ്ഡഡ് സ്‌കൂളുകളില്‍ ഇതിനകം സ്ഥാനക്കയറ്റം നല്‍കിയവര്‍ക്ക്, അവര്‍ കെടെറ്റ് പാസായ തീയതിമുതല്‍ മാത്രമേ സ്ഥാനക്കയറ്റം അംഗീകരിക്കാവൂ എന്നാണ് പുതിയ നിര്‍ദേശം.

ചട്ടവിരുദ്ധമായും സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായും യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുകയും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുന്ന മാനേജര്‍മാരെ അയോഗ്യരാക്കാന്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ നടപടി സ്വീകരിക്കണമെന്നും ഡയറക്ടര്‍ നിര്‍ദേശിച്ചു.

കേരള വിദ്യാഭ്യാസ അവകാശ ചട്ടങ്ങള്‍ 2011 നിലവില്‍ വന്നതുമുതല്‍ അഞ്ചുവര്‍ഷമായിരുന്നു കെടെറ്റ് യോഗ്യത നേടാനുള്ള സമയപരിധി. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച്, എയ്ഡഡ് സ്‌കൂളുകളില്‍ 2012 ജൂണ്‍ ഒന്നു മുതല്‍ 2019-20 അധ്യയനവര്‍ഷംവരെ നിയമിതരായ അധ്യാപകരില്‍ കെടെറ്റ് ഇല്ലാത്തവര്‍ക്ക് അത് നേടാന്‍ 2020-21 അധ്യയനവര്‍ഷംവരെ സമയം നല്‍കിയിരുന്നു. തുടര്‍ന്നും മതിയായ യോഗ്യത നേടാത്തവര്‍ക്ക് അവസാന അവസരം എന്ന നിലയില്‍ പ്രത്യേക പരീക്ഷ നടത്തി. ഇങ്ങനെ, കെടെറ്റ് നേടാന്‍ അധ്യാപകര്‍ക്ക് പത്തില്‍ കുറയാത്ത അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.

Representative image

Next Story

RELATED STORIES

Share it