Sub Lead

ബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു

ബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
X

കൊല്‍ക്കത്ത: മൂന്ന് മാസം മുമ്പ് പശ്ചിമ ബംഗാളിലെ സാഗര്‍ദിഘി നിയമസഭാ സീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസസിനെ ഞെട്ടിച്ച് വന്‍ വിജയം നേടിയ കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു. സിപിഎം ഉള്‍പ്പെടെയുള്ളവരുടെ പരോക്ഷ പിന്തുണയോടെ മല്‍സരിച്ച് ജയിച്ച ബയ്‌റോണ്‍ ബിശ്വാസാണ് മൂന്ന് മാസം പിന്നിടുമ്പോഴേക്കും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരിക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഏക എംഎല്‍എ കൂടിയാണിയാള്‍. തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയാണ് ബൈറോണ്‍ ബിശ്വാസിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് അംഗത്വം നല്‍കിയത്. സംസ്ഥാനത്ത് ബിജെപിക്കെതിരെ പോരാടാന്‍ തൃണമൂലിനെ കഴിയൂ എന്ന് തോന്നിയതിനാലാണ് ബൈറോണ്‍ ബിശ്വാസ് തങ്ങള്‍ക്കൊപ്പം ചേര്‍ന്നതെന്ന് അഭിഷേക് ബാനര്‍ജി പറഞ്ഞു.

2011 മുതല്‍ തൃണമൂലിന്റെ ശക്തികേന്ദ്രമായിരുന്ന സാഗര്‍ദിഘിയില്‍ ഫെബ്രുവരിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 22986 വോട്ടുകള്‍ക്കാണ് ബൈറോണ്‍ വിജയിച്ചത്. 2021ല്‍ തൃണമൂല്‍ അരലക്ഷത്തിലധികം ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തത് മമതയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ സിപിഎം കോണ്‍ഗ്രസിനെ പരോക്ഷമായി പിന്തുണച്ചിരുന്നു. കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് ഈ വിജയം വലിയ ഊര്‍ജമാണ് നല്‍കിയിരുന്നത്. ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മണ്ഡലത്തിലെ തൃണമൂല്‍ കമ്മിറ്റികള്‍ പൂര്‍ണമായും മമത ഉടച്ചുവാര്‍ത്തിരുന്നു. വിജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വവുമായി അകന്ന ബൈറോണ്‍ ബിശ്വാസ് തൃണമൂലില്‍ ചേരുമെന്ന കുറച്ചുനാളുകളായി അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇന്നാണ് ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചത്. ദേശീയ തലത്തില്‍ മമതയും കോണ്‍ഗ്രസും തമ്മിലുള്ള സൗഹൃദം മെച്ചപ്പെട്ട് വരുന്നതിനിടെയാണ് ബംഗാളിലെ കോണ്‍ഗ്രസിന്റെ ഏക എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നത് എന്നതും ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it