Big stories

ബിജെപി കള്ളപ്പണം കവര്‍ച്ച കേസ്: ഹോട്ടലില്‍ മുറിയെടുത്തത് ജില്ലാ നേതാക്കളുടെ നിര്‍ദേശപ്രകാരമെന്ന് പാര്‍ട്ടി തൃശൂര്‍ ഓഫിസ് സെക്രട്ടറിയുടെ മൊഴി, അന്വേഷണം ഉന്നത നേതൃത്വത്തിലേക്ക്

കുഴല്‍പ്പണ സംഘത്തിന് തൃശൂരില്‍ ഹോട്ടലില്‍ മുറിയെടുത്ത് നല്‍കിയത് താന്‍ തന്നെയെന്ന് തിരൂര്‍ സതീഷ് മൊഴി നല്‍കിയതായാണ് വിവരം. ജില്ലാ നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് മുറിയെടുത്തതെന്നും എന്നാല്‍ ആര്‍ക്കാണ് മുറിയെടുക്കുന്നത് എന്ന് അറിയില്ലായിരുന്നുവെന്നുമാണ് സതീഷിന്റെ മൊഴി.

ബിജെപി കള്ളപ്പണം കവര്‍ച്ച കേസ്: ഹോട്ടലില്‍ മുറിയെടുത്തത് ജില്ലാ നേതാക്കളുടെ നിര്‍ദേശപ്രകാരമെന്ന് പാര്‍ട്ടി തൃശൂര്‍ ഓഫിസ് സെക്രട്ടറിയുടെ മൊഴി, അന്വേഷണം ഉന്നത നേതൃത്വത്തിലേക്ക്
X

തൃശൂര്‍: കൊടകരയില്‍ ബിജെപിയുടെ കോടിക്കണക്കിന് രൂപയുടെ കുഴല്‍പ്പണം കവര്‍ച്ച നടത്തിയ കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീഷിനെ അന്വേഷണ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയനാക്കി.കുഴല്‍പ്പണ സംഘത്തിന് തൃശൂരില്‍ ഹോട്ടലില്‍ മുറിയെടുത്ത് നല്‍കിയത് താന്‍ തന്നെയെന്ന് തിരൂര്‍ സതീഷ് മൊഴി നല്‍കിയതായാണ് വിവരം. ജില്ലാ നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് മുറിയെടുത്തതെന്നും എന്നാല്‍ ആര്‍ക്കാണ് മുറിയെടുക്കുന്നത് എന്ന് അറിയില്ലായിരുന്നുവെന്നുമാണ് സതീഷിന്റെ മൊഴി.

ഓഫീസ് സെക്രട്ടറിയായത് 4 മാസം മുമ്പ് മാത്രമാണെന്നും അതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും സതീഷ് അന്വേഷണ സംഘത്തിനെ അറിയിച്ചതായാണ് വിവരം. തിരൂര്‍ സതീഷിനെ ചോദ്യം ചെയ്ത് ശേഷം വിട്ടയച്ചു. അതേ സമയം കേസില്‍ ബിജെപി ജില്ലാ ട്രഷറര്‍ സുജയ് സേനന്റെ സുഹൃത്ത് പ്രശാന്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

അതേ സമയം തട്ടിയെടുത്ത പണം കണ്ടെത്താന്‍ പ്രതികളുടെ വീടുകളില്‍ നടക്കുന്ന പരിശേധന തുടരുകയാണ്. പ്രതികളുടെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വീടുകളിലാണ് പരിശോധന നടത്തുന്നത്. ആകെ നഷ്ടമായ മൂന്നര കോടിയില്‍ ഒരു കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. ഇനിയും കണ്ടെത്തേണ്ട രണ്ടരക്കോടി രൂപക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്. ഇരുപത് പേര്‍ക്കായി പണം നല്‍കിയെന്ന് പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് ബിജെപി സംസ്ഥാനത്ത് ശതകോടികള്‍ ഒഴുക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംസ്ഥാനമാകെ 300 കോടിയോളം രൂപയുടെ കള്ളപ്പണം എത്തിച്ചെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ അനുമാനം. വിവിധയിടങ്ങളില്‍ കള്ളപ്പണം എത്തിക്കുന്നതിന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉപയോഗിച്ച ഹെലികോപ്റ്റര്‍ ഉപയോഗിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ അന്വേഷണസംഘം പരിശോധിച്ചേക്കും.

Next Story

RELATED STORIES

Share it