Sub Lead

പാലത്തായി ബാലികാ പീഡനം: ബിജെപി നേതാവായ അധ്യാപകന്‍ റിമാന്റില്‍(വീഡിയോ)

പാലത്തായി ബാലികാ പീഡനം: ബിജെപി നേതാവായ അധ്യാപകന്‍ റിമാന്റില്‍(വീഡിയോ)
X

കണ്ണൂര്‍: പാനൂരിനു സമീപം നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിജെപി നേതാവായ അധ്യ്യാപകന്‍ കുനിയില്‍ പത്മരാജനെ റിമാന്റ് ചെയ്തു. തലശ്ശേരി സബ് ജയിലിലേക്ക് റിമാന്റ് ചെയ്തയച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനായി പോലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കാനാണു പോലിസ് തീരുമാനം. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യം ചെയ്യാനാണു പോലിസ് ശ്രമിക്കുന്നത്. പ്രതിയെ സ്‌കൂളിലെത്തിച്ച് തെളിവെടുക്കുന്നതു സംബന്ധിച്ച് അന്വേഷണ സംഘം ഇന്ന് തീരുമാനമെടുക്കും.


തലശ്ശേരി ഡിവൈഎസ്പി കെ വി വേണുഗോപാലും സംഘവുമാണ് പത്മരാജനെ പാനൂരിനടുത്തു തന്നെയുള്ള വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 17നു പരാതി നല്‍കിയിട്ടും കേസില്‍ തുടര്‍നടപടികളെടുക്കുന്നതില്‍ പോലിസിനു വന്‍ വീഴ്ച സംഭവിച്ചതായാണു വിലയിരുത്തല്‍. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പത്മരാജനെതിരേ പരാതിയുയര്‍ന്ന ശേഷവും അദ്ദേഹം റോഡുകളിലും മറ്റും കറങ്ങിനടന്നിരുന്നു. ഇക്കാര്യം പോലിസിനെ നാട്ടുകാര്‍ വിളിച്ചറിയിച്ചിട്ടും അറസ്റ്റ് ചെയ്യാന്‍ തയ്യാറായിരുന്നില്ല. വീട്ടില്‍നിന്ന് മൂന്നു കിലോമീറ്റര്‍ മാത്രം അകലെയാണ് പ്രതി ഒളിവില്‍ക്കഴിഞ്ഞിരുന്നത് എന്നതു ശ്രദ്ധേയമാണ്. അതിനിടെ, പ്രതിക്കെതിരേ പെണ്‍കുട്ടിയുടെ സഹപാഠി സ്വകാര്യ ചാനലിനു നല്‍കിയ വെളിപ്പെടുത്തലാണ് വീണ്ടും ജനശ്രദ്ധയാകര്‍ഷിക്കാന്‍ കാരണമായത്. ഈ പെണ്‍കുട്ടിയില്‍ നിന്നു പോലിസ് 164 പ്രകാരമുള്ള രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം.

അതേസമയം, പെണ്‍കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമങ്ങള്‍ പോലിസ് നടത്തിയതായി കുടുംബം ആരോപിച്ചിട്ടുണ്ട്. കോഴിക്കോട് ഉള്‍പ്പെടെ പലസ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ കൊണ്ടുവരാന്‍ പോലിസ് ആവശ്യപ്പെട്ടെന്നും ഇത് കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയെന്നുമാണ് ബന്ധുക്കളുടെ ആരോപണം.


Next Story

RELATED STORIES

Share it