Sub Lead

പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലണമെന്ന ആഹ്വാനവുമായി ബിജെപി നേതാവ്

പശുവിനെ കശാപ്പ് ചെയ്തതിന്റെ പേരില്‍ 5 പേരെ തങ്ങള്‍ കൊന്നിട്ടുണ്ടെന്നും അഹൂജ പ്രസംഗത്തില്‍ പറയുന്നു

പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലണമെന്ന ആഹ്വാനവുമായി ബിജെപി നേതാവ്
X

ജയ്പൂര്‍:പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലണമെന്ന ആഹ്വാനവുമായി ബിജെപി നേതാവ്.ബിജെപി മുന്‍ എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജയാണ് രാജസ്ഥാനില്‍ വിവാദ പ്രസംഗം നടത്തിയത്.പശുവിനെ കശാപ്പ് ചെയ്തതിന്റെ പേരില്‍ 5 പേരെ തങ്ങള്‍ കൊന്നിട്ടുണ്ടെന്നും അഹൂജ പ്രസംഗത്തില്‍ പറയുന്നു.രാജസ്ഥാനിലെ ഗോവിന്ദ്ഗഢില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളെ കാണാനെത്തിയപ്പോഴായിരുന്നു വിവാദ പ്രസ്താവന.പ്രസ്താവന വിവാദമായതോടെ ഇയാള്‍ക്കെതിരേ പോലിസ് കേസെടുത്തു.

പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച് കഴിഞ്ഞു.'പണ്ഡിറ്റ് ജി, അഞ്ച് പേരെ ഞങ്ങള്‍ കൊന്നിട്ടുണ്ട്. ലാല്‍വണ്ടിയിലും ബെഹ്‌റോറിലും മറ്റുമായാണ് അഞ്ച് പേരെ കൊന്നത്.' എന്നായിരുന്നു നേതാവിന്റെ പ്രസ്താവന.2017 ലും 2018 ലും ആള്‍ക്കൂട്ട ആക്രമണം നടത്തി കൊലപ്പെടുത്തിയ പെഹ്ലുഖാന്റെയും, രഖ്ബര്‍ഖാന്റെയും കൊലപാതകങ്ങളാണ് ഇവയില്‍ രണ്ടെണ്ണം എന്നും പ്രസംഗത്തില്‍ സൂചിപ്പിക്കുന്നു.

'നമ്മുടെ പ്രവര്‍ത്തകര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണ്. പശുവിനെ കശാപ്പ് ചെയ്യുന്നവരെ മുഴുവന്‍ കൊല്ലണം. പ്രവര്‍ത്തകരെ ഞങ്ങള്‍ ജാമ്യത്തിലെടുക്കും, അവരെ കുറ്റവിമുക്തരാക്കും' അഹുജ പറയുന്നു.വര്‍ഗീയ സ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശത്തിനാണ് അഹുജക്കെതിരെ കേസെടുത്തതെന്ന് അല്‍വാര്‍ എസ്പി പറഞ്ഞു. അന്വേഷണത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപിയുടെ മതതീവ്രവാദത്തിന് ഇതിലും വലിയ തെളിവെന്താണ് വേണ്ടതെന്ന് വിഡിയോ പങ്കുവെച്ചുകൊണ്ട് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോത്സാര ചോദിച്ചു.

അതേസമയം, പ്രസ്താവന വിവാദമായ ശേഷവും താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി അഹുജ വ്യക്തമാക്കി.ഒരു വിഭാഗം ആളുകളാണ് പശുക്കളെ അറക്കുന്നതും,കടത്തുന്നതും.ഹിന്ദുക്കള്‍ക്ക് പശുക്കള്‍ വൈകാരികമായ ഒന്നാണ്. അതിനാലാണ് അവര്‍ പശുക്കളെ ലക്ഷ്യമിടുന്നത് അഹുജ പറഞ്ഞു. പ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള ചുമതല തനിക്കുണ്ടെന്നും അഹുജ പറയുന്നു.എന്നാല്‍ മന്ത്രിയുടെ പ്രസ്താവന ബിജെപി തള്ളിയിരിക്കുകയാണ്.അഹൂജയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും, പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും ബിജെപി അല്‍വാര്‍ യൂനിറ്റ് പ്രതികരിച്ചു.

Next Story

RELATED STORIES

Share it