Sub Lead

എഡിജിപി, പിആര്‍ വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി രാവിലെ 11ന് മാധ്യമങ്ങളെ കാണുന്നു

എഡിജിപി, പിആര്‍ വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി രാവിലെ 11ന് മാധ്യമങ്ങളെ കാണുന്നു
X

തിരുവനന്തപുരം: ആര്‍എസ്എസ് ഉന്നനേതാക്കളുമായി ചര്‍ച്ച നടത്തിയ എഡിജിപി എം ആര്‍ അജിത്ത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്ന് മാറ്റണമെന്ന് ആവശ്യം സിപിഐ ശക്തമാക്കുകയും മലപ്പുറം വിരുദ്ധ പരാമര്‍ശമടങ്ങിയ ദ ഹിന്ദു അഭിമുഖവും പിആര്‍ വിവാദവും കത്തിനില്‍ക്കെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും. മന്ത്രിസഭാ യോഗത്തിനു ശേഷം രാവിലെ 11നാണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. മലപ്പുറത്തെ ഭീകരവല്‍ക്കരിക്കുന്ന വിധത്തിലുള്ള അഭിമുഖവും അതില്‍ ദി ഹിന്ദു പത്രവും പിആര്‍ ഏജന്‍സിയായ കൈസനും കൈയൊഴിഞ്ഞതും വലിയ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയത്. പ്രതിപക്ഷത്തിന്റെയും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെയും ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കുമെന്നാണ് സൂചന. തൃശൂര്‍ പൂരം കലക്കല്‍ ഉള്‍പ്പെടെ ആര്‍എസ്എസ് ഉന്നതനേതാക്കളുമായി രഹസ്യചര്‍ച്ച നടത്തിയ എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ മാറ്റിയേതീരൂവെന്ന് സിപിഐ ഇന്നലെ രാത്രിയും മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് ആവര്‍ത്തിച്ചതായാണ് വിവരം. നേരത്തേ, അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് വിശദമായി മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, മലയാള മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനു പകരം ദേശീയ മാധ്യമമായ ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് മലപ്പുറത്തെ സ്വര്‍ണ കള്ളക്കടത്ത്-ഹവാല പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ഗുരുതര ആരോപണം ഉന്നയിച്ചത്. ഇത് വിവാദമായതോടെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പത്രത്തിന്റെ എഡിറ്റര്‍ക്ക് കത്തയച്ചു. പിന്നാലെ കൈസന്‍ എന്ന പരസ്യ ഏജന്‍സിയാണ് അഭിമുഖം സംഘടിപ്പിച്ചതെന്നും ലേഖികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയാത്ത വാക്കുകള്‍, അവരുടെ നിര്‍ദേശപ്രകാരം ചേര്‍ത്തതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു തിരുത്തിയത്. ഇതും വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങളുടെ ക്ലയന്റല്ലെന്നും അഭിമുഖവുമായി ബന്ധമില്ലെന്നും പറഞ്ഞ് കൈസന്‍ കൈയൊഴിഞ്ഞു. പി ആര്‍ വിവാദം കൂടി കത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് ഏറെ പ്രാധാന്യമാണ് കൈവന്നിരിക്കുന്നത്.

Next Story

RELATED STORIES

Share it