Sub Lead

പാര്‍ലമെന്റിന്റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു

പാര്‍ലമെന്റിന്റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷാചുമതല സിഐഎസ്എഫ്(സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്) ഏറ്റെടുത്തു. പാര്‍ലമെന്റ് സെക്യൂരിറ്റി സര്‍വീസ്(പിഎസ്എസ്) യൂനിറ്റില്‍നിന്നാണ് സി ഐഎസ്എഫ് ഏറ്റെടുത്തത്. അതേസമയം, വിമാനത്താവളങ്ങളിലും മെട്രോ സ്‌റ്റേഷനുകളിലും പൊതുജനങ്ങളുമായി ഇടപഴകുന്നതില്‍ പരിമിതമായ അനുഭവപരിചയമുള്ള ഏക അര്‍ധസൈനിക വിഭാഗങ്ങളിലൊന്നായ സിഐഎസ്എഫിന് പ്രധാന ചുമതലകള്‍ കൈമാറിയതിനെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ലോബിയിലും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പരിസരത്തും സിഐഎസ്എഫിനെ വിന്യസിക്കുന്നതിനുള്ള ഉത്തരവുകള്‍ ഇനിയും പ്രഖ്യാപിക്കാനിരിക്കെ, പാര്‍ലമെന്റ് അംഗങ്ങളെയോ മുന്‍ അംഗങ്ങളെയോ തിരിച്ചറിയുന്നതിന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് പ്രാവീണ്യമില്ലാത്തതിനാല്‍ ഒരു പിഎസ്എസ് ഘടകം നിലനിര്‍ത്തേണ്ടിവരുമെന്ന് അധികൃതര്‍ പറഞ്ഞു. എംപിമാരുമായും മുന്‍ എംപിമാരുമായും ഇടപഴകാന്‍ പിഎസ്എസിന് മികച്ച പരിശീലനമാണ് നല്‍കിയിട്ടുള്ളത്. വിമാനത്താവള സുരക്ഷ കൈകാര്യം ചെയ്യുന്നതും സ്വയംഭരണ സ്ഥാപനമായ പാര്‍ലമെന്റും തമ്മില്‍ വ്യത്യാസമുണ്ടെന്നും സിഐഎസ്എഫിനെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇതുവരെ സ്പീക്കറുടെ ഒരു ഉത്തരവും ഞാന്‍ കണ്ടിട്ടില്ലെന്നും ഭരണഘടനാ വിദഗ്ധനും ലോക്‌സഭയുടെ മുന്‍ സെക്രട്ടറി ജനറലുമായ പി ഡി ടി ആചാരി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് (എംഎച്ച്എ) ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത്. ഇത് തെറ്റായ കീഴ് വഴക്കമാണെന്നും അദ്ദേഹം പറഞ്ഞു.

2008ല്‍ പിഡിടി ആചാരിയുടെ കാലത്താണ് വാച്ച് ആന്റ് വാര്‍ഡ് സ്റ്റാഫിനെ പിഎസ്എസ് എന്ന് പുനര്‍നാമകരണം ചെയ്തത്. പിഎസ്എസ് മാറ്റിസ്ഥാപിക്കുന്നത് അപകടമുണ്ടാക്കുമെന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സൗകര്യമൊരുക്കാന്‍ എല്ലാ സംസ്ഥാന അസംബ്ലികള്‍ക്കും സ്വന്തമായി വാച്ച് ആന്‍ഡ് വാര്‍ഡ് സ്റ്റാഫുകള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, തിങ്കളാഴ്ച സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തന്നെ മൂന്ന് തവണ തടഞ്ഞതായി തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാ എംപി തിരുച്ചി ശിവ ദി ഹിന്ദുവിനോട് പറഞ്ഞു. 'ഞാന്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ എന്നെ മൂന്ന് തവണ തടഞ്ഞുനിര്‍ത്തി തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചു. പിഎസ്എസ് ജീവനക്കാര്‍ ഞങ്ങളെ തിരിച്ചറിഞ്ഞ് പ്രവേശനം സുഗമമാക്കിയതിനാല്‍ നേരത്തെ ഇത് അങ്ങനെയായിരുന്നില്ല. പിഎസ്എസ് പാര്‍ലമെന്റ് സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും തിരുച്ചി ശിവ എംപി പറഞ്ഞു.

സെന്‍ട്രല്‍ റിസര്‍വ് പോലിസ് ഫോഴ്‌സിന്റെ(സിപിആര്‍എഫ്) പാര്‍ലമെന്റ് ഡ്യൂട്ടി കഴിഞ്ഞയാഴ്ച പിന്‍വലിച്ചിരുന്നു. നേരത്തെ, ബാഗുകള്‍ പരിശോധിക്കുന്നതിനും സ്‌കാന്‍ ചെയ്യുന്നതിനുമായി വിന്യസിച്ചിരുന്ന ഡല്‍ഹി പോലിസിനെയും പാര്‍ലമെന്റ് സുരക്ഷാ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു. 2001 ഡിസംബര്‍ 13ന് നടന്ന ആക്രമണത്തിനു ശേഷമാണ് ഏറ്റവുമൊടുവില്‍ ഇത്രയും വലിയ മാറ്റങ്ങള്‍ വരുത്തിയത്. 2023 ഡിസംബര്‍ 13ന് പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തില്‍ സുരക്ഷാ വീഴ്ച റിപോര്‍ട്ട് ചെയ്തതിനു പിന്നാലെ, കേന്ദ്രസര്‍ക്കാര്‍ സുരക്ഷാ പാറ്റേണില്‍ മാറ്റം വരുത്താന്‍ വേണ്ടി പാര്‍ലമെന്റ് കെട്ടിടവും പരിസരവും സര്‍വേ ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം സിഐഎസ്എഫിന് തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. അതേസമയം, പാര്‍ലമെന്റിന്റെ സുരക്ഷ സി ഐഎസ്എഫിനെ ഏല്‍പ്പിച്ചതോടെ പിഎസ്എസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഭാവിയില്‍ ആശങ്കാകുലരാണ്. 'ഞങ്ങളെ പാര്‍ലമെന്റ് സെക്രട്ടേറിയറ്റാണ് നിയമിച്ചത്. രാവിലെ മുതല്‍, ഞങ്ങളുടെ ഹാജര്‍ അപേക്ഷ ഇന്ത്യന്‍ പാര്‍ലമെന്റ് എന്ന വിഷയത്തിന് പകരം ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്നാക്കി. 55ാം വയസ്സില്‍ അവര്‍ ഞങ്ങളെ വിരമിക്കാന്‍ നിര്‍ബന്ധിക്കുമെന്ന് ഞങ്ങള്‍ കേള്‍ക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി പുതിയ നിയമനങ്ങളൊന്നും നടന്നിട്ടില്ലെന്നും ഒരു പിഎസ്എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it