Sub Lead

കോണ്‍ഗ്രസ് പട്ടിക 15ന്; സ്‌ക്രീനിങ് കമ്മിറ്റിയില്‍ അന്തിമ തീരുമാനമായില്ല

മല്‍സരത്തിനില്ലെന്ന് ആദ്യമേ പ്രഖ്യാപിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കാര്യത്തില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തീരുമാനമെടുക്കും

കോണ്‍ഗ്രസ് പട്ടിക 15ന്; സ്‌ക്രീനിങ് കമ്മിറ്റിയില്‍ അന്തിമ തീരുമാനമായില്ല
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ അന്തിമ തീരുമാനമായില്ല. നിര്‍ണായക തിരഞ്ഞെടുപ്പായതിനാല്‍ മുതിര്‍ന്ന നേതാക്കള്‍ മല്‍സരിക്കണമെന്നാണ് ഡല്‍ഹിയില്‍ ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലുണ്ടായ പൊതുവികാരം. തിരഞ്ഞെടുപ്പ് പ്രചാരണോദ്ഘാടനം ഉള്‍പ്പെടെയുള്ള ദ്വിദിന സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയ ശേഷം സ്‌ക്രീനിങ് കമ്മിറ്റി ചേര്‍ന്നായിരിക്കും അന്തിമ തീരുമാനമെടുക്കുക. 15ന് തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പട്ടിക കൈമാറുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് അറിയിച്ചു. മല്‍സരത്തിനില്ലെന്ന് ആദ്യമേ പ്രഖ്യാപിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കാര്യത്തില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തീരുമാനമെടുക്കും.

വടകരയില്‍ സിപിഎം സീറ്റ് പിടിച്ചെടുക്കാന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ രംഗത്തിറക്കിയതിനാല്‍ മുല്ലപ്പള്ളി തന്നെ വേണമെന്നാണ് അഭിപ്രായമുയര്‍ന്നത്. അന്തിമതീരുമാനം രാഹുലിന് വിട്ടെങ്കിലും മുല്ലപ്പള്ളി അനുകൂല നിലപാടെടുത്തിട്ടില്ല. ശബരിമല വിഷയം ഏറ്റവും സ്വാധീനിക്കാന്‍ സാധ്യതയുള്ള പത്തനംതിട്ടയിലും ഇടുക്കിയിലും ഉമ്മന്‍ ചാണ്ടിയുടെ പേരാണ് ഉയര്‍ന്നുവന്നത്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ കണ്ണൂരില്‍ ഏകദേശം ഉറപ്പായിട്ടുണ്ട്. പാര്‍ട്ടി നേതൃത്വം പറഞ്ഞാല്‍ മല്‍സരിക്കുമെന്ന് സുധാകരന്‍ പറഞ്ഞതോടെ സാധ്യത ഉറപ്പിച്ചു. കണ്ണൂരില്‍ സുധാകരനെത്തിയാല്‍ വിജയം നേടാമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം, യുഡിഎഫ് അധികാരത്തിലെത്തുമെങ്കില്‍ സംസ്ഥാന ഭരണത്തില്‍ ഉന്നതപദവി ലക്ഷ്യമിടുന്ന സുധാകരന് ഇക്കാര്യത്തില്‍ ഇഷ്ടക്കേടുണ്ട്. അതേസമയം, ശശി തരൂര്‍(തിരുവനന്തപുരം), എം കെ രാഘവന്‍(കോഴിക്കോട്), കൊടിക്കുന്നില്‍ സുരേഷ്(മാവേലിക്കര) എന്നിവരുടെ സീറ്റുകള്‍ ഏകദേശ ധാരണയായി. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, പാലക്കാട് വി കെ ശ്രീകണ്ഠനോ ഷാഫി പറമ്പിലോ ആലത്തൂരില്‍ മുന്‍ മന്ത്രി എ പി അനില്‍കുമാര്‍, രമ്യ ഹരിദാസ്, സുനില്‍ ലാലൂര്‍ എന്നിവരുടെ പേരുകളാണ് അന്തിമ ലിസ്റ്റില്‍ ഇടംപിടിച്ചതെന്നാണു വിവരം.

ആലപ്പുഴയില്‍ മല്‍സരത്തിനില്ലെന്ന കെ സി വേണുഗോപാലിന്റെ തീരുമാനം എഐസിസി അംഗീകരിച്ചിട്ടുണ്ട്. ഇതോടെ, ഷാനിമോള്‍ ഉസ്മാന്റെ പേരിനാണ് മുന്‍പരിഗണന. യുവനേതാക്കളായ പി സി വിഷ്ണുനാഥ്, ഡിസിസി പ്രസിഡന്റ് എം ലിജു എന്നിവരുടെ പേരും ഉയര്‍ന്നിട്ടുണ്ട്. ശക്തമായ മല്‍സരം നടക്കുന്ന എറണാകുളത്ത് കെ വി തോമസ് ഉണ്ടാവില്ലെന്ന് ഉറപ്പിക്കുകയാണെങ്കില്‍ ഹൈബി ഈഡനു സ്ഥാനം ലഭിച്ചേക്കും.തൃശൂരില്‍ ടി എന്‍ പ്രതാപന്‍, ചാലക്കുടിയില്‍ ബെന്നി ബെഹനാനോ മാത്യു കുഴല്‍നാടനോ ആവാനാണു സാധ്യത. ഇടുക്കിയില്‍ കോണ്‍ഗ്രസ് സീറ്റിലാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയല്ലെങ്കില്‍ ജോസഫ് വാഴയ്ക്കന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരുടെ പേരുകളാണുള്ളത്. കാസര്‍കോട് സുബ്ബയ്യ റായിയുടെ പേരിനാണു മുന്‍തൂക്കം. വയനാട്ടിലോ വടകരയിലോ ടി സിദ്ദിഖിന്റെ പേര് ആദ്യം ഉയര്‍ന്നെങ്കിലും മുല്ലപ്പള്ളി സ്ഥാനാര്‍ഥിയായാല്‍ സിദ്ദീഖിനു സീറ്റുണ്ടായേക്കില്ല.




Next Story

RELATED STORIES

Share it