Big stories

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്: വിശാല മതേതര ജനാധിപത്യ മുന്നണിക്ക് തടസ്സമായി സംസ്ഥാന ഘടകങ്ങള്‍

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്: വിശാല മതേതര ജനാധിപത്യ മുന്നണിക്ക് തടസ്സമായി സംസ്ഥാന ഘടകങ്ങള്‍
X

കണ്ണൂര്‍: വിശാല മതേതര ജനാധിപത്യ മുന്നണി എന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്‍ദേശത്തിന് പ്രധാന തടസ്സമാകുന്നത് സംസ്ഥാന ഘടകങ്ങളുടെ നിലപാട്. പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് യെച്ചൂരി വിശാല മതേതര ജനാധിപത്യ മുന്നണിയുടെ ആവശ്യകത ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അതിനു തടസ്സമാകുന്ന നിലപാടാണ് പ്രധാന സംസ്ഥാന ഘടകങ്ങള്‍ സ്വീകരിക്കുന്നത്.

കോണ്‍ഗ്രസ് സഹകരണത്തിനെതിരാണ് കേരള ഘടകത്തിന്റെ നിലപാട്. കേരളത്തില്‍ നിന്ന് ആദ്യം ചര്‍ച്ചയില്‍ പങ്കെടുത്ത പി രാജീവ് കോണ്‍ഗ്രസ് സഹകരണം ചര്‍ച്ച ചെയ്ത് സമയം പാഴേക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉന്നയിച്ചു. സെമിനാറിനു വിളിച്ചാല്‍ പോലും രാഷ്ട്രീയം കളിക്കുന്നവരുമായി എന്തിന് സഹകരണമെന്ന് പൊതു ചര്‍ച്ചയില്‍ പി രാജീവ് ചോദിച്ചത്. കോണ്‍ഗ്രസിന്റെ പിറകെ നടന്ന് സമയം കളയരുതെന്നും കേരളഘടകം ആവശ്യപ്പെട്ടു. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന നയത്തില്‍ മാറ്റമില്ലെന്ന് ബംഗാള്‍ ഘടകവും വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂരിനെയും പിന്നീട് കെവി തോമസിനെയും ക്ഷണിച്ച കാര്യം രാജീവ് ചൂണ്ടിക്കാട്ടി. സെമിനാറില്‍ പങ്കെടുക്കരുതെന്ന് സോണിയ ഗാന്ധിയാണ് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അങ്ങനെയുള്ള പാര്‍ട്ടിയെ വിശാല മതേതര സഖ്യത്തില്‍ എന്തിന് പ്രതീക്ഷിക്കണം. ബിജെപിയെ ചെറുക്കാന്‍ ഇപ്പോള്‍ കഴിയുന്നത് പ്രാദേശിക പാര്‍ട്ടികള്‍ക്കാണ്. ഈ കക്ഷികളെ കൂട്ടിയോജിക്കാനും സ്വന്തം ശക്തി കൂട്ടാനും പാര്‍ട്ടിക്കു കഴിയണമെന്നും രാജീവ് പറഞ്ഞു.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയേയും എതിര്‍ക്കുന്ന നിലപാടാണ് സംസ്ഥാന ഘടകം പൊതു ചര്‍ച്ചയില്‍ കൈക്കൊണ്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് എതിരാളികളെ ഇല്ലാതാക്കുന്ന ഫാഷിസ്റ്റ് നയമാണ് സ്വീകരിക്കുന്നതെന്നും ബംഗാള്‍ ഘടകം ചര്‍ച്ചയുടെ തുടക്കത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് ഉള്‍പ്പെട്ട സഖ്യത്തെ എതിര്‍ക്കാത്ത നിലപാടാണ് അതേസമയം തമിഴ്‌നാട് ഉള്‍പ്പടെ മറ്റു സംസ്ഥാന ഘടകങ്ങള്‍ സ്വീകരിച്ചത്.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച ഇന്ന് അവസാനിക്കും. ഉച്ചയോടെ ഉയര്‍ന്ന അഭിപ്രായങ്ങളിലും നിര്‍ദ്ദേശങ്ങളിലും വിമര്‍ശനങ്ങളിലും കേന്ദ്ര നേതൃത്വം മറുപടി നല്‍കും. ബിജെപി വിരുദ്ധ ബദല്‍ എങ്ങനെ വേണം അതില്‍ കോണ്‍ഗ്രസിന്റെ പങ്ക് എന്നിവയിലടക്കം പാര്‍ട്ടി കോണ്‍ഗ്രസ് അന്തിമ തീരുമാനമെടുക്കും. ഉച്ചക്ക് ശേഷം പ്രകാശ് കാരാട്ട് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

Next Story

RELATED STORIES

Share it