Sub Lead

'കശ്മീര്‍ ഫയല്‍സി'നെതിരേ ഫേസ്ബുക്ക് പോസ്റ്റ്; ദലിത് യുവാവിന് ക്ഷേത്രത്തില്‍ ക്രൂരമര്‍ദ്ദനം, മുഖം നിലത്തുരച്ചു

കശ്മീര്‍ ഫയല്‍സിനെതിരേ ഫേസ്ബുക്ക് പോസ്റ്റ്; ദലിത് യുവാവിന് ക്ഷേത്രത്തില്‍ ക്രൂരമര്‍ദ്ദനം, മുഖം നിലത്തുരച്ചു
X

മുംബൈ: 'ദി കശ്മീര്‍ ഫയല്‍സ്' സിനിമക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പേരില്‍ മഹാരാഷ്ട്രയില്‍ 32കാരനായ ദലിത് യുവാവിനെ ക്ഷേത്രത്തില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചു. മഹാരാഷ്ട്രയിലെ ആല്‍വാര്‍ ജില്ലയിലെ രാജേഷ് കുമാര്‍ മേഗ്‌വാളാണ് കശ്മീര്‍ ഫയല്‍സിനെക്കുറിച്ച് ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ മര്‍ദ്ദനത്തിനിരയായത്. ഫേസ്ബുക്ക് പോസ്റ്റിട്ടതിന് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മുന്‍ സര്‍പഞ്ചടക്കമുള്ള ഗ്രാമീണരുടെ നേതൃത്വത്തിലാണ് രാജേഷിനെ മര്‍ദ്ദിക്കുകയും മുഖം ക്ഷേത്രത്തിന്റെ തറയില്‍ ഉരയ്ക്കുകയും ചെയ്തത്. സംഭവത്തില്‍ 11 പേരെ കുറ്റക്കാരായി കണ്ടെത്തിയതായും ഏഴുപേരെ അറസ്റ്റുചെയ്തതായും പോലിസ് അറിയിച്ചു.


മാര്‍ച്ച് 18നാണ് രാജേഷ് സംഭവത്തിനാധാരമായ പോസ്റ്റിട്ടത്. അക്രമത്തെക്കുറിച്ച് രാജേഷ് പറയുന്നത് ഇങ്ങനെ- 'സിനിമയുടെ ട്രെയ്‌ലര്‍ കാണുകയും ഞാന്‍ ഒരു പോസ്റ്റിടുകയും ചെയ്തു. സിനിമയില്‍ കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെയുള്ള ക്രൂരത പുറത്തുകൊണ്ടുവരുന്നതിനാല്‍ നികുതിയിളവ് നല്‍കിയത്. അത് ശരിതന്നെ. എന്നാല്‍, ദലിതുകള്‍ക്കും ഇതര സമുദായങ്ങള്‍ക്കുമെതിരേ അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. അത്തരം കാര്യങ്ങള്‍ പറയുന്ന 'ജയ് ഭീം' പോലെയുള്ള സിനിമകള്‍ക്ക് എന്താണ് നികുതിയിളവ് നല്‍കാത്തതെന്നും ഞാന്‍ ചോദിച്ചു'- ഗോകല്‍പൂര്‍ നിവാസിയായ മേഗ്‌വാള്‍ പറയുന്നു. പോസ്റ്റിന് താഴെ പിന്നീട് ചിലര്‍ മതമുദ്രാവാക്യങ്ങളുയര്‍ത്തുകയും ആക്രോശിക്കുകയും ചെയ്തു. പിന്നാലെ തന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശങ്ങളായി.

മാപ്പുപറയാന്‍ സമ്മര്‍ദ്ദവുമുണ്ടായി. മുന്‍ സര്‍പഞ്ചടക്കമുള്ള ഗ്രാമീണര്‍ തന്നെ മാപ്പുപറയാന്‍ നിര്‍ബന്ധിച്ചു. അതിന് വിസമ്മതിച്ച തന്നെ ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് തന്റെ മൂക്ക് ക്ഷേത്രത്തിന്റെ നിലത്തുരച്ചെന്നും രാജേഷ് പറയുന്നു. അതിക്രമത്തിനുശേഷം ബെഹ്‌റോര്‍ പൊലിസ് സ്‌റ്റേഷനില്‍ മേഗ്‌വാള്‍ നല്‍കിയ പരാതി പ്രകാരമാണ് കേസെടുത്തത്. എസ്‌സി, എസ്ടി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 143, 342, 323, 504, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കേസ് നല്‍കിയതോടെ താന്‍ ഭയത്തിലാണെന്നും തനിക്ക് സുരക്ഷാഭീഷണിയുണ്ടെന്നും മേഗ്‌വാള്‍ പറഞ്ഞു. എന്നാല്‍, കേസില്‍ അജയ് കുമാര്‍ ശര്‍മ, സന്‍ജീത് കുമാര്‍, ഹേമന്ദ് ശര്‍മ, പരിവന്ദ്ര കുമാര്‍, രാമോദര്‍, നിതിന്‍ ജന്‍ഗിത്, ദയാറാം എന്നിവരെ അറസ്റ്റ് ചെയ്തതെന്ന് ബെഹ്‌റോര്‍ സര്‍കിള്‍ ഓഫിസര്‍ റാവു ആനന്ദ് അറിയിച്ചു.

Next Story

RELATED STORIES

Share it