Sub Lead

പ്രതീക്ഷയുടെ കാറ്റടിക്കുന്ന ദമസ്‌കസില്‍ തെരുവുകള്‍ വൃത്തിയാക്കി യുവജനങ്ങള്‍

പ്രതീക്ഷയുടെ കാറ്റടിക്കുന്ന ദമസ്‌കസില്‍ തെരുവുകള്‍ വൃത്തിയാക്കി യുവജനങ്ങള്‍
X

ദമസ്‌കസ്: ദമസ്‌കസ് തെരുവുകളില്‍ പുത്തന്‍ പ്രതീക്ഷയുടെ ഇളംതെന്നല്‍ വീശുമ്പോള്‍ നഗരത്തെ മനോഹരമാക്കാന്‍ തെരുവിലിറങ്ങി സിറിയന്‍ യുവത. അവര്‍ കൂട്ടമായി തെരുവുകള്‍ വൃത്തിയാക്കുകയാണ്. അരനൂറ്റാണ്ടിലേറെ നീണ്ട അസദ് കുടുംബത്തിന്റെ ഏകാധിപത്യ വാഴ്ചയെ വിമതര്‍ തൂത്തെറിഞ്ഞപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ പുതിയ പ്രഭാതങ്ങളെ വരവേല്‍ക്കാന്‍ യുവത ദമസ്‌കസ് നഗരത്തിന്റെ മുക്കുമൂലകള്‍ തൂത്തുവാരുന്നു. അസദിന്റെ ഏകാധിപത്യഭരണം അപ്രത്യക്ഷമായതിന്റെ ആഹ്ലാദം അവരുടെ വദനങ്ങളിലും വാക്കുകളിലും നിന്ന് വായിച്ചെടുക്കാം.

'ഞങ്ങള്‍ ഈ തെരുവുകള്‍ വൃത്തിയാക്കുന്നത് ഞങ്ങളുടെ നഗരങ്ങളും പട്ടണങ്ങളും മനോഹരമാക്കാനാണ് ' പ്രദേശവാസിയായ ഷൂദി സെയ്ഫ് അല്‍ ജസീറയോട് പറഞ്ഞു. അസദ് ഭരണകൂടത്തെ കടപുഴക്കിയെറിഞ്ഞതിനെ തുടര്‍ന്ന് ശോഭനമായ ഭാവിയെക്കുറിച്ച പ്രതീക്ഷകള്‍ ഷൂദിയെ പോലെ പങ്കുവയ്ക്കുന്ന പലരുമുണ്ട് ആ ചരിത്രനഗരത്തില്‍.

'ഞങ്ങള്‍ ആ പഴയ ഭരണത്തില്‍നിന്ന് സ്വതന്ത്രരായി. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും അതിന്റെ പ്രതിച്ഛായ നന്നാക്കുന്നതിനും വേണ്ടിയുള്ള കഠിനപ്രയത്‌നത്തിലാണ് ഞങ്ങള്‍. ഈ തെരുവുകളുടെ ശുചീകരണം മാത്രമല്ല, ഇനിയും പലതും തുടങ്ങി വയ്ക്കാനുണ്ട്. ഞങ്ങളുടെ രാജ്യം കൂടുതല്‍ സുന്ദരവും സുരക്ഷിതമാക്കേണ്ടതുണ്ട് ' ദമസ്‌കസ് സര്‍വകലാശാലയിലെ ജീവശാസ്ത്ര വിദ്യാര്‍ഥിനിയായ അയാ ഹസന്‍ പറഞ്ഞു.

'ഞങ്ങളുടെ തെരുവുകള്‍ വൃത്തിയാക്കാന്‍ ഞങ്ങള്‍ കൊതിക്കുന്നു. അവ കഴിയുന്നത്ര ചന്തമുള്ളതാക്കണം. ഞങ്ങളുടെ ജനതയ്ക്ക് പ്രയോജനപ്രദമായ പലതും ചെയ്യാന്‍ ഞങ്ങള്‍ ഒത്തു ചേരുകയാണ്' അയയുടെ വാക്കുകളില്‍ പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞു തുളുമ്പുകയാണ്. സിറിയന്‍ യുവത മാറ്റത്തിന്റെ പാതയിലാണെന്ന് ഉറപ്പിക്കുന്നതാണ് അയയുടെ വാക്കുകള്‍.

Next Story

RELATED STORIES

Share it