Sub Lead

ദലിത് കോളനിയിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്ത വിഷമത്തിലാണെന്ന് കുടുംബം

സംസ്ഥാനത്ത് ഇന്നലെ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയെങ്കിലും ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത നൂറുകണക്കിന് ദലിത്-ആദിവാസി വിദ്യാര്‍ഥികള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ദലിത് കോളനിയിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ;  ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്ത വിഷമത്തിലാണെന്ന് കുടുംബം
X

മലപ്പുറം: വളാഞ്ചേരിയില്‍ ദലിത് കോളനിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാലെന്ന് രക്ഷിതാക്കള്‍. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം മകള്‍ പങ്കുവെച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.

വളാഞ്ചേരി മാങ്കേരി ദലിത് കോളനിയിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ദേവികയാണ് ഇന്നലെ തീകൊളുത്തി മരിച്ചത്. ഇന്നലെ വൈകിട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്.

പണം ഇല്ലാത്തതിനാല്‍ കേടായ ടിവി നന്നാക്കാന്‍ കഴിയാഞ്ഞതും സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാന്‍ കഴിഞ്ഞിരുന്നില്ല. പഠിക്കാന്‍ മിടുക്കിയായിരുന്ന ദേവിക പഠനം തടസപെടുമോയെന്ന് ആശങ്കപെട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഇരിമ്പിളിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ദേവിക പഠിക്കാന്‍ മിടുക്കിയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. പഠന മികവിന് അയ്യങ്കാളി സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ നേടിയിട്ടുണ്ട്.

പഴയ ടിവിയും ഡിടിഎച്ച് കണക്ഷനും വീട്ടില്‍ ഉണ്ടെങ്കിലും ഒരു മാസത്തോളമായി ടി.വി കേടായിരുന്നു. കൂലിപ്പണിക്കാരനായ പിതാവ് ബാലകൃഷ്ണന് ആരോഗ്യ പ്രശ്‌നങ്ങളും ലോക്ഡൗണില്‍ ജോലി ഇല്ലാതായതിനാലും ടി.വി നന്നാക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. സ്മാര്‍ട്‌ഫോണും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇക്കാരണങ്ങളാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാകില്ലെന്ന വിഷമം ദേവിക വീട്ടുകാരോട് പറഞ്ഞിരുന്നു.

ദേവനന്ദ, ദീക്ഷിത്, ഏഴുമാസം പ്രായമുള്ള ആണ്‍കുട്ടി എന്നിവരാണ് ദേവികയുടെ സഹോദരങ്ങള്‍.

സംസ്ഥാനത്ത് ഇന്നലെ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയെങ്കിലും ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത നൂറുകണക്കിന് ദലിത്-ആദിവാസി വിദ്യാര്‍ഥികള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Next Story

RELATED STORIES

Share it