Sub Lead

ചത്ത പന്നികളേയും പഴകിയ പന്നിയിറച്ചിയും പിടികൂടി

കര്‍ണാടക സ്വദേശി രേവണ്ണ നടത്തുന്ന പന്നിഫാമില്‍ നിന്നാണ് ചത്ത പന്നികളെയും പഴകിയ ഇറച്ചിയും പിടികൂടിയത്.

ചത്ത പന്നികളേയും പഴകിയ പന്നിയിറച്ചിയും പിടികൂടി
X

കണ്ണൂര്‍: ഇരിക്കൂര്‍ മുണ്ടാന്നൂരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച് അനധികൃതമായി പന്നിയിറച്ചി വില്‍പന നടത്തുന്ന കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും പഞ്ചായത്ത് അധികൃതരും നടത്തിയ പരിശോധനയില്‍ ചത്ത പന്നികളെയും ഫ്രീസറില്‍ സൂക്ഷിച്ച പഴകിയ ഇറച്ചിയും പിടികൂടി.

കര്‍ണാടക സ്വദേശി രേവണ്ണ നടത്തുന്ന പന്നിഫാമില്‍ നിന്നാണ് ചത്ത പന്നികളെയും പഴകിയ ഇറച്ചിയും പിടികൂടിയത്.തമിഴ്‌നാട് സ്വദേശികളായ രണ്ട് തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്.ആന്ധ്ര, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പന്നികളെ പിടികൂടി മുണ്ടാന്നൂരിലെത്തിച്ച് കശാപ്പ് ചെയ്തായിരുന്നു മലയോരത്തെ പ്രധാന മാംസ ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ വഴി വില്‍പന നടത്തിയത്. വിലകുറച്ച് നല്‍കുന്നതിനാല്‍ ആവശ്യക്കാരും ഏറെയായിരുന്നു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി. സുനില്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. രഞ്ജിത്ത് മാത്യു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് വി. ജയിംസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ചത്ത പന്നിയെ പോസ്റ്റ് മോര്‍ട്ടം നടത്തി. ആന്തരിക അവയവങ്ങള്‍ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്. പഴകിയ ഇറച്ചി പിടിച്ചെടുത്ത് നശിപ്പിച്ചു. ഫാം നിര്‍ത്തിവെക്കാന്‍ നോട്ടിസ് നല്‍കി. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഇത്തരം പന്നികള്‍ ഭക്ഷ്യയോഗ്യമാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പരിശോധന ഫലം വന്നതിനുശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടുത്തിടെ സംസ്ഥാനത്ത് ആരംഭിച്ച ഹലാല്‍വിരുദ്ധ റസ്‌റ്റോറന്റുകളെ ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള മാംസമെത്തുന്നതെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ സംശയമുയര്‍ത്തുന്നുണ്ട്.

Next Story

RELATED STORIES

Share it