Sub Lead

പൗരത്വ സമരത്തിനെതിരേ വംശഹത്യയ്ക്കാഹ്വാനം ചെയ്ത വര്‍ഗീയവാദിയുമായി സൗഹൃദം; എംബി രാജേഷിനെതിരേ ദീപാ നിശാന്ത്

പൗരത്വ സമരത്തിനെതിരേ   വംശഹത്യയ്ക്കാഹ്വാനം ചെയ്ത വര്‍ഗീയവാദിയുമായി സൗഹൃദം;  എംബി രാജേഷിനെതിരേ ദീപാ നിശാന്ത്
X

കോഴിക്കോട്: പൗരത്വ സമരത്തിനെതിരേ വംശഹത്യയ്ക്കാഹ്വാനം ചെയ്ത വര്‍ഗീയവാദിയുമായി സൗഹൃദം ആഘോഷിച്ചുള്ള സിപിഎം നേതാവും നിയമസഭാ സ്പീക്കറുമായ എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ എഴുത്തുകാരി ദീപാ നിശാന്ത്. ഡല്‍ഹി വംശഹത്യക്കാഹ്വാനം ചെയ്ത കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായുള്ള സൗഹൃദം ആഘോഷിച്ചുള്ള പോസ്റ്റിനേയാണ് ദീപാ നിശാന്ത് വിമര്‍ശിച്ചത്.


പൗരത്വനിയമത്തിനെതിരേ വംശഹത്യയ്ക്കാഹ്വാനം ചെയ്ത വര്‍ഗീയവാദിയായ ഒരു വ്യക്തിയുമായി സൗഹൃദത്തിനുള്ള സാധ്യത എവിടെയാണെന്ന് ദീപാ നിശാന്ത് ചോദിച്ചു. ഫേസ്ബുക്കിലാണ് ദീപാ നിശാന്ത് എം.ബി രാജേഷിനെതിരെ രംഗത്തുവന്നത്.

ഡല്‍ഹി വംശഹത്യക്ക് കാരണമായ പരസ്യ കൊലവിളി പ്രസംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബിജെപി നേതാക്കളില്‍ പ്രധാനിയാണ് അനുരാഗ് താക്കൂര്‍. 'രാജ്യദ്രോഹികളെ' പരസ്യമായി വെടിവെക്കണം എന്ന അനുരാഗ് താക്കൂറിന്റെ പരസ്യ ആഹ്വാനം വംശഹത്യ ആളിപടര്‍ത്തുന്നതിന് സഹായിച്ചതായി വസ്തുതാന്വേഷണങ്ങളില്‍ തെളിഞ്ഞിരുന്നു.

കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായുള്ള ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണ് എംബി രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മിക്കുന്നത്. പത്തുവര്‍ഷം പാര്‍ലമെന്റില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ ശക്തിപ്പെട്ട സൗഹൃദമാണ് അനുരാഗ് താക്കൂറുമായുള്ളതെന്നും പാര്‍ലമെന്റില്‍ പരസ്പരം എതിര്‍ചേരിയില്‍ നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ലെന്നും എംബി രാജേഷ് കുറിപ്പില്‍ ഓര്‍മ്മിക്കുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനുരാഗ് താക്കൂറിനെ നേരില്‍ കാണുന്നതെന്നും നേരില്‍ കാണാനും സൗഹൃദം പുതുക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എംബി രാജേഷ് പറഞ്ഞു.

'അദ്ദേഹം യുവമോര്‍ച്ചയുടെ പ്രസിഡന്റ് ആയിരുന്ന സമയത്ത് ഞാന്‍ ഡിവൈഎഫ്‌ഐ യുടെ പ്രസിഡന്റ് ആയിരുന്നു.പാര്‍ലമെന്റിലെ തെരഞ്ഞെടുത്ത യുവ എംപി മാര്‍ എഴുതിയ ലേഖനങ്ങള്‍ ശശി തരൂര്‍ എഡിറ്റ് ചെയ്ത് ' India - The future is now' എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.അതില്‍ ഞങ്ങള്‍ ഇരുവരുടെയും ലേഖനങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. പാര്‍ലമെന്ററി വേദികളിലും പുറത്തെ പല പൊതുവേദികളിലും പതിവായി അക്കാലത്ത് ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്'. എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

അതെ സമയം എംബി രാജേഷിന്റെ അനുരാഗ് താക്കൂറുമൊരുമിച്ചുള്ള സൗഹൃദ പോസ്റ്റിനെ ന്യായീകരിച്ചും വിമര്‍ശിച്ചും നിരവധി കമ്മന്റുകള്‍ വരുന്നുണ്ട്. സിപിഎം അണികള്‍ തന്നെ ന്യായീകരണവും വിമര്‍ശനവുമായി രംഗത്തെത്തി. എംബി രാജേഷിന്റെ പോസ്റ്റിനെ അനുകൂലിച്ച് സംഘികളും എത്തിയതോടെ ചര്‍ച്ച ചൂട് പിടിച്ചു.

Next Story

RELATED STORIES

Share it