Sub Lead

'പ്രതിസന്ധികളില്‍ കൂടെ നില്‍ക്കും'; പോപുലര്‍ഫ്രണ്ട് നേതാക്കള്‍ക്ക് തലപ്പാവ് അണിയിച്ച് അജ്മീര്‍ ദര്‍ഗാ ചീഫ് സയ്യിദ് സര്‍വാര്‍ ചിശ്തി (വീഡിയോ)

പോപുലര്‍ ഫ്രണ്ടിന് അജ്മീര്‍ ദര്‍ഗയുടെ പിന്തുണ അറിയിക്കുകയും ജനാധിപത്യത്തിന്റെയും ജനങ്ങളുടെ അവകാശങ്ങളുടെയും സംരക്ഷണത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

പ്രതിസന്ധികളില്‍ കൂടെ നില്‍ക്കും;    പോപുലര്‍ഫ്രണ്ട് നേതാക്കള്‍ക്ക് തലപ്പാവ് അണിയിച്ച് അജ്മീര്‍ ദര്‍ഗാ ചീഫ് സയ്യിദ് സര്‍വാര്‍ ചിശ്തി (വീഡിയോ)
X

ന്യൂഡല്‍ഹി: യുപിയിലും ഡല്‍ഹിയിലും ഉള്‍പ്പടെ പോപുലര്‍ ഫ്രണ്ട് അന്യായമായി ആക്രമിക്കപ്പെടുകയാണെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ സംഘടനക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും അജ്മീര്‍ ദര്‍ഗാ ശരീഫ് ചീഫ് സയ്യിദ് സര്‍വാര്‍ ചിശ്തി. 'പോപുലര്‍ ഫ്രണ്ടിനൊപ്പം അണിചേരുക' എന്ന കാംപയിന്റെ ഭാഗമായി അജ്മീര്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു പോപുലര്‍ ഫ്രണ്ട് നേതാക്കള്‍. പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളെ സയ്യിദ് സര്‍വാര്‍ ചിശ്തി തലപ്പാവ് അണിയിച്ച് സ്വീകരിച്ചു.

സയ്യിദ് ഹബീബ് ഹാഷ്മി ചിസ്റ്റി നയിക്കുന്ന സൂഫി നേതാക്കള്‍ പോപുലര്‍ ഫ്രണ്ട് പ്രതിനിധി സംഘത്തിനായി പരമ്പരാഗത ദസ്തര്‍ബന്ദി അവതരിപ്പിച്ചു. പോപുലര്‍ ഫ്രണ്ടിന് അജ്മീര്‍ ദര്‍ഗയുടെ പിന്തുണ അറിയിക്കുകയും ജനാധിപത്യത്തിന്റെയും ജനങ്ങളുടെ അവകാശങ്ങളുടെയും സംരക്ഷണത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ്, പോപുലര്‍ ഫ്രണ്ട് രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റ് ആസിഫ് മിര്‍സ, എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫി, ദേശീയ സെക്രട്ടറി തസ്‌ലീം റഹ്മാനി എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാഷ്ട്രത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും അതിനാല്‍ അവരെ പിന്തുണയ്ക്കുമെന്നും അജ്മീര്‍ ദര്‍ഗാ ശരീഫ് ചീഫ് സയ്യിദ് സര്‍വാര്‍ ചിശ്തി നേരത്തെ പറഞ്ഞിരുന്നു. മുസ് ലിംകളുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്നണിയില്‍ നില്‍ക്കാനും സമുദായ ശാക്തീകരണത്തിനുമാണ് പോപുലര്‍ഫ്രണ്ട് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുന്നതിനാല്‍ പോപുലര്‍ ഫ്രണ്ട് പോലെയുള്ള സംഘടനകളെ തങ്ങള്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ''പോപുലര്‍ ഫ്രണ്ട് കേഡര്‍ അധിഷ്ഠിത മുസ് ലിം സംഘടനയാണ്. സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കെതിരേ ശബ്ദമുയര്‍ത്തിയ പോപുലര്‍ ഫ്രണ്ട് ഇന്ത്യയിലുടനീളം നടക്കുന്ന അക്രമങ്ങളെ എതിര്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അവര്‍ യുപിയിലും ഡല്‍ഹിയിലും അന്യായമായി ആക്രമിക്കപ്പെടുന്നു. അവര്‍ക്കെതിരേ ഒരു കേസും തെളിയിക്കപ്പെട്ടിട്ടില്ല. ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുന്നതിനാലാണ് ഞങ്ങള്‍ അവരെ പിന്തുണയ്ക്കാന്‍ കാരണമെന്നും ചിശ്തി പറഞ്ഞു.

പോപുലര്‍ ഫ്രണ്ടിനെ എതിര്‍ക്കുന്നവര്‍ ഒരിക്കലും ആര്‍എസ്എസ്, വിഎച്ച്പി, ബിജെപി എന്നിവര്‍ക്കെതിരേ സംസാരിച്ചിട്ടില്ല. അവരൊക്കെ ഈ സംഘടനകളെ പ്രശംസിക്കുകയാണ് ചെയ്യുന്നത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള ഗ്രൂപ്പുകളെ ഒഴിവാക്കണമെന്ന് ഓള്‍ ഇന്ത്യാ സൂഫി സജ്ജദാനഷിന്‍ കൗണ്‍സില്‍ മുസ് ലിം യുവാക്കളോട് ആഹ്വാനം ചെയ്തതിനിടെയാണ് പോപുലര്‍ ഫ്രണ്ടിനെ പിന്തുണച്ച് അജ്മീര്‍ ദര്‍ഗ ചീഫ് സയ്യിദ് സര്‍വാര്‍ ചിശ്തി രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.

റാഡിക്കലൈസേഷനാണ് ഏറ്റവും വലിയ ഭീഷണിയെന്നും രാജ്യത്തിനും സമൂഹത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നിടത്തോളം കാലം ഞങ്ങള്‍ ഒരു സംഘടനയ്ക്കും എതിരല്ലെന്നും എഐഎസ്എസ്എന്‍സി(ഓള്‍ ഇന്ത്യാ സൂഫി സജ്ജദാനഷിന്‍ കൗണ്‍സില്‍)യിലെ സയ്യിദ് നാസിറുദ്ദീന്‍ ചിശ്തി ടൈംസ് നൗവിനോട് പറഞ്ഞു. സിഎഎ, എന്‍ആര്‍സി നിയമങ്ങളെ ഇദ്ദേഹം നേരത്തേ എതിര്‍ത്തിരുന്നു.

2019 ഡിസംബറില്‍ സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരേ രാജ്യത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അജ്മീര്‍ ശരീഫ് ദര്‍ഗയുടെ ദിവാന്റെ കോലം പോലും കത്തിച്ചിരുന്നു. ഇദ്ദേഹം മുസ് ലിംകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധമുണ്ടായത്. സിഎഎ മുസ്ലിംകള്‍ക്ക് എതിരല്ലെന്ന ദര്‍ഗയുടെ ദിവാന്‍ സൈനുല്‍ ആബിദിന്‍ അലി ഖാന്റെ പരാമര്‍ശമാണ് പ്രതിഷേധമുയര്‍ത്തിയത്. ഇത് സംബന്ധിച്ച തെറ്റിദ്ധാരണ നീക്കിയശേഷം മാത്രമേ നിയമം നടപ്പാക്കാന്‍ പാടുള്ളൂവെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയുടെ ആമുഖത്തിന് നേരെയുള്ള ആക്രമണമായ സിഎഎ, എന്‍ആര്‍സി നിയമം കേന്ദ്രം റദ്ദാക്കണം. പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ രാജ്യവ്യാപകമായി പറയണമെന്നും ചിശ്തി പറഞ്ഞു.

Next Story

RELATED STORIES

Share it