Sub Lead

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി 3.95 ശതമാനം, നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ആലോചന

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി 3.95 ശതമാനം, നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ആലോചന
X

ന്യൂഡല്‍ഹി: ആശങ്ക ഉയര്‍ത്തി ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.95 ശതമാനമായി ഉയര്‍ന്നു. ഫെബ്രുവരി മൂന്നിന് ശേഷമുള്ള ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണിത്. ഏപ്രില്‍ ഒന്നിന് 0.57 ശതമാനമായിരുന്നു ടിപിആര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 366 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 325 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. പോസിറ്റീവ് നിരക്ക് 2.39 ശതമാനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18,67,572 ആയി ഉയര്‍ന്നപ്പോള്‍ മരണസംഖ്യ 26,158 ആയി.

കഴിഞ്ഞ ഒരാഴ്ചക്കിടെ ഹോം ഐസൊലേഷന്‍ കേസുകളില്‍ 48 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സ്‌കൂള്‍ കൂട്ടികളിലാണ് കൂടുതലും രോഗം സ്ഥിരീകരിക്കുന്നത്. സ്‌കൂളുകള്‍ അടക്കില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് സിസോദിയ വ്യക്തമാക്കി.

കൊവിഡ് സ്ഥിരീകരിച്ച കുട്ടികളുടെ ക്ലാസുകള്‍ക്ക് മാത്രം അവധി നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ആലോചന നടക്കുകയാണ്. ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയേക്കും. പ്രതിരോധ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ബുധനാഴ്ച ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി യോഗം ചേരും.

ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളില്‍ സൗജന്യമായി കരുതല്‍ ഡോസ് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വാക്‌സിന്റെ ഒന്നും രണ്ടും ഡോസുകള്‍ എടുത്തവര്‍ക്കും രണ്ടാമത്തെ ഡോസ് എടുത്ത് ഒമ്പത് മാസം പൂര്‍ത്തിയാക്കിയവര്‍ക്കും ഇതേ വാക്‌സിന്റെ മുന്‍കരുതല്‍ ഡോസുകള്‍ നല്‍കും- ഡല്‍ഹി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. 18 വയസ്സിന് മുകളിലുള്ള എല്ലാ ആളുകള്‍ക്കും കൊവിഡ് വാക്‌സിനുകളുടെ മുന്‍കരുതല്‍ ഡോസ് ഇന്ത്യ ഞായറാഴ്ച സ്വകാര്യകേന്ദ്രങ്ങളില്‍ വിതരണം ചെയ്ത് തുടങ്ങി. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ഒമ്പത് മാസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഇതിന് അര്‍ഹത.

Next Story

RELATED STORIES

Share it