Sub Lead

ദേവസ്വം സ്‌കൂള്‍, കോളജ് നിയമനം: സംവരണ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം-കെ കെ അബ്ദുല്‍ ജബ്ബാര്‍

ദേവസ്വം സ്‌കൂള്‍, കോളജ് നിയമനം: സംവരണ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം-കെ കെ അബ്ദുല്‍ ജബ്ബാര്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള സ്‌കൂള്‍, കോളജ് അധ്യാപക-അനധ്യാപക നിയമനങ്ങളില്‍ എല്ലാ വിഭാഗക്കാര്‍ക്കും സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് 2024 ഫെബ്രുവരി 29ന് ഇറക്കിയ ഉത്തരവ് നടപ്പാക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവണമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. സര്‍വ മേഖലയിലും മുന്നാക്ക സംവരണം നടപ്പാക്കാന്‍ ശരവേഗത്തില്‍ നടപടിയെടുത്ത സര്‍ക്കാരാണ് പട്ടിക ജാതിവര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഗുണകരമാവുന്ന ഉത്തരവ് നടപ്പാക്കാതെ ഒളിച്ചുകളി നടത്തുന്നത്. ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥി നല്‍കിയ ഹരജിയില്‍ നിലപാട് വ്യക്തമാക്കാന്‍ പോലും മടിച്ചുനില്‍ക്കുന്ന ഇടതു സര്‍ക്കാര്‍ നടപടി പിന്നാക്ക വഞ്ചനയാണ്. പൊതുഖജനാവില്‍ നിന്ന് ശമ്പളവും മറ്റ് ആനുകുല്യങ്ങളും നല്‍കുന്ന ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ഏഴ് കോളജുകളിലും 20 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും നിലവിലുളള അധ്യാപകരിലും ജീവനക്കാരിലും 95 ശതമാനവും മുന്നാക്ക വിഭാഗക്കാരാണ്. പിന്നാക്കപട്ടിക വിഭാഗക്കാര്‍ക്ക് നിയമനങ്ങളില്‍ 5 ശതമാനം പ്രാതിനിധ്യം പോലും ഇല്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു സംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ദേവസ്വം ബോര്‍ഡ് സ്വതന്ത്ര സ്ഥാപനമാണെന്നും സര്‍ക്കാരിന്റെ സംവരണ ഉത്തരവ് ബാധകമല്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ വാദിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ മൗനം പാലിച്ചത് സര്‍ക്കാരിന്റെ ദുഷ്ടലാക്ക് വ്യക്തമാക്കുന്നതാണ്. ഇപ്പോള്‍ വകുപ്പു മന്ത്രി മാറി എന്ന ന്യായമാണ് സര്‍ക്കാര്‍ മെല്ലെപ്പോക്കിനെ ന്യായീകരിക്കാന്‍ മുന്നോട്ടുവയ്ക്കുന്നത്. ഉത്തരവ് നടപ്പാക്കി നീതി ഉറപ്പാക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it