Sub Lead

ദല്ലാള്‍ നന്ദകുമാറിനും ശോഭാ സുരേന്ദ്രനും കെ സുധാകരനുമെതിരേ ഇ പി ജയരാജന്റെ വക്കീല്‍ നോട്ടീസ്

ദല്ലാള്‍ നന്ദകുമാറിനും ശോഭാ സുരേന്ദ്രനും കെ സുധാകരനുമെതിരേ ഇ പി ജയരാജന്റെ വക്കീല്‍ നോട്ടീസ്
X

തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരേ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചു. ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. തിരഞ്ഞെടുപ്പ് സമയത്ത് ആരോപണം ഉന്നയിച്ചതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും നോട്ടീസില്‍ പറയുന്നുണ്ട്. ഇ പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു ആരോപണം. ദല്ലാള്‍ നന്ദകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെ ശോഭാ സുരേന്ദ്രനാണ് ഉന്നത സിപിഎം നേതാവ് ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്ന് വെളിപ്പെടുത്തിയത്. പിന്നാലെ അത് ഇ പി ജയരാജനാണെന്ന് കെ സുധാകരന്‍ പറഞ്ഞു. ഇതിനു പിന്നാലെ ദല്ലാള്‍ നന്ദകുമാറാണ് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. ലാവ് ലിന്‍, സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെ ഒഴിവാക്കാമെന്നും തൃശൂരില്‍ സിപിഎം വോട്ട് ബിജെപിക്ക് നല്‍കണമെന്നും പറഞ്ഞെന്നായിരുന്നു നന്ദകുമാറിന്റെ വാദം. ഇതോടെ വന്‍ രാഷ്ട്രീയ വിവാദമുണ്ടാവുകയും ഇ പി ജയരാജന്‍ തന്നെ ചര്‍ച്ച സ്ഥിരീകരിക്കുകയും ചെയ്തു. തിങ്കളാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇപിക്കെതിരേ വിമര്‍ശനം ഉയരുകയും നിയമനടപടിക്ക് നിര്‍ദേശിക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് ഇ പി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചത്.

Next Story

RELATED STORIES

Share it