Sub Lead

ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കാന്‍ പ്രത്യേക സമിതി; യൂട്യൂബ് ചാനല്‍ ചെയ്തത് മര്യാദകേട് (വീഡിയോ)

ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കാന്‍ പ്രത്യേക സമിതി; യൂട്യൂബ് ചാനല്‍ ചെയ്തത് മര്യാദകേട് (വീഡിയോ)
X

തിരുവനന്തപുരം: എസ്എസ്എല്‍സി-പ്ലസ് ടു ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആഭ്യന്തര അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ പൊതുവിദ്യഭ്യാസ ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പോലിസ് അന്വേഷണവും നടക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗസമിതിയാണ് അന്വേഷണം നടത്തുകയെന്നും ഒരു മാസത്തിനകം അവര്‍ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു. വിജിലന്‍സ് ഓഫീസര്‍ ഷിബു, പരീക്ഷാ ജോയിന്റ് കമ്മീഷണര്‍ ഗിരീഷ് ചോലയില്‍, ഹയര്‍ സെക്കന്‍ഡറി അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ ഷാജിത, ക്യൂഐപി ഡെപ്യൂട്ടി ഡയറക്ടര്‍ ധന്യ എന്നിവരാണ് സമിതി അംഗങ്ങള്‍.

ചോദ്യപേപ്പര്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച കൊടുവള്ളിയില്‍ നിന്നുള്ള യൂട്യൂബ് ചാനലായ എം എസ് സൊലൂഷന്‍ സകല മര്യാദകളും ലംഘിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയെയാണ് അവര്‍ ചോദ്യം ചെയ്തിരിക്കുന്നത്. കാണികളുടെ എണ്ണം കൂടിയപ്പോള്‍ അവര്‍ക്ക് പണം കിട്ടിക്കാണും. പക്ഷെ, അവരുടെ നടപടി പൊതുവിദ്യഭ്യാസത്തെ ബാധിക്കും. ഇക്കാര്യത്തില്‍ സമൂഹം കൂടി ഇടപെടണം. അവരുടെ ഓഫിസ് ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്.

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ സംബന്ധിച്ച ആരോപണങ്ങളും വിദഗ്ദ സമിതി പരിശോധിക്കും. ഗ്രാമീണ മേഖലകളിലെ ചില സ്‌കൂളുകള്‍ക്ക് മുന്നില്‍ അധ്യാപകര്‍ ട്യൂഷന്‍ സെന്റര്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അവര്‍ പാതി സമയം സ്‌കൂളിലും പാതി സമയം ട്യൂഷന്‍ സെന്ററിലുമാണ്. അത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കും.


Next Story

RELATED STORIES

Share it