Sub Lead

പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ട് ഫാഷിസ്റ്റുകള്‍ നടത്തുന്ന കുപ്രചാരണങ്ങളെ ചെറുക്കും: ഒ എം എ സലാം

കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ മൂന്ന് വ്യത്യസ്ത റിപോര്‍ട്ടുകളിലൂടെയാണ് സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടന്നത്. ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും ഐടി, വ്യാജ വാര്‍ത്താ സെല്ലുകളുടെ കൂട്ടായ നീക്കമാണ് ഇതിനായി നടന്നത്.

പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ട് ഫാഷിസ്റ്റുകള്‍ നടത്തുന്ന കുപ്രചാരണങ്ങളെ ചെറുക്കും: ഒ എം എ സലാം
X

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരേ ഫാഷിസ്റ്റുകളും അവരുടെ വക്താക്കളും നടത്തുന്ന വ്യാജപ്രചരണങ്ങളെ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുമെന്നും അവയെ ശക്തമായി ചെറുക്കുമെന്നും ചെയര്‍മാന്‍ ഒ എം എ സലാം അറിയിച്ചു. ബിജെപിയും അവരുടെ വ്യാജവാര്‍ത്താസംഘങ്ങളും പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ട് വീണ്ടും കള്ളകഥകള്‍ പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ മൂന്ന് വ്യത്യസ്ത റിപോര്‍ട്ടുകളിലൂടെയാണ് സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടന്നത്. ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും ഐടി, വ്യാജ വാര്‍ത്താ സെല്ലുകളുടെ കൂട്ടായ നീക്കമാണ് ഇതിനായി നടന്നത്.

സംഘപരിവാറുമായി ബന്ധപ്പെട്ട ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളിലാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ കുടുതലായി വരുന്നതെന്നത് ഫാഷിസ്റ്റ് ശക്തികളുടെ ആസൂത്രണ സ്വഭാവത്തെയാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഇതിലൊന്ന് സംഘടനയ്ക്ക് ചാരിറ്റബില്‍ ട്രസ്‌റ്റെന്ന നിലയില്‍ ലഭിച്ചുകൊണ്ടിരുന്ന ആദായനികുതി ഇളവ് റദ്ദാക്കിയതാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഐടി വകുപ്പെടുത്ത തീരുമാനമാണിത്. വിഷയത്തിന്റെ രാഷ്ട്രീയസ്വഭാവം വ്യക്തമായതോടെ സംഘടന ഇക്കാര്യത്തില്‍ അന്ന് തന്നെ കോടതിയെ സമീപിച്ചിരുന്നു.

ബിജെപി സര്‍ക്കാര്‍ തയ്യാറാക്കിയ തിരക്കഥയില്‍ ഐടി വകുപ്പിന് റബര്‍സ്റ്റാമ്പിന്റെ റോള്‍ മാത്രമാണുള്ളതെന്ന് വ്യക്തമാണ്. ഇതുകൂടി കണക്കിലെടുത്താണ് സംഘടന കോടതിയില്‍ പോയത്. എന്നാല്‍, മാസങ്ങള്‍ പഴക്കമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുതിയതെന്ന രീതിയില്‍ ചില മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ഇത് സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ മനപ്പൂര്‍വം നടത്തുന്ന നീക്കമാണ്. കൂടാതെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഉപയോഗപ്പെടുത്തി യുപി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും സംഘടന ശ്രമിക്കുന്നതായി പ്രചാരണം നടക്കുന്നുണ്ട്. ഇത്തരം ആരോപണങ്ങള്‍ പുറത്തുവരുന്നത് യുപിയില്‍ കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ബിജെപിയുടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പരാജയപ്പെട്ട് നില്‍ക്കുമ്പോഴാണ്.

ഭരണപരാജയവും പ്രതിഛായ നഷ്ടത്തിലും നിരാശപൂണ്ട ബിജെപി, ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ആരോപണങ്ങളിലൂടെ ശ്രമിക്കുന്നത്. കേരളത്തിലെ പത്തനാപുരത്ത് ജലാറ്റിന്‍ സ്റ്റിക്ക് അടക്കമുള്ള ആയുധശേഖരം കഴിഞ്ഞ ദിവസം പിടിച്ചെടുത്തപ്പോഴും സമാനമായ നീക്കം കാണാന്‍ കഴിഞ്ഞു. ആയുധശേഖരം കണ്ടെടുത്തത് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പോലിസും അന്വേഷണ ഏജന്‍സികളും പറയുമ്പോഴാണ് സംഘപരിവാര്‍ അനുകൂലമാധ്യമങ്ങള്‍ ഇതിനെ പോപുലര്‍ ഫ്രണ്ടുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത്.

കുഴല്‍പണം, നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ ശക്തമായ തിരിച്ചടി എന്നിവയില്‍ അകപ്പെട്ട് സംസ്ഥാന ബിജെപി ഉഴലുകയാണ്. ഈ വിഷയങ്ങളില്‍നിന്ന് മാധ്യമശ്രദ്ധ തിരിച്ചുവിടാന്‍ പോപുലര്‍ ഫ്രണ്ടിന് മേല്‍ ആരോപണങ്ങളുന്നയിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തുനടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ പരാജയവും ഉത്തര്‍പ്രദേശില്‍ ജനങ്ങളുടെ മുന്നില്‍ ഭരണനേട്ടമായി പറയാന്‍ ഒന്നുമില്ലാത്തതും ബിജെപിയെ ഗുരുതരമായ രാഷ്ട്രീയപ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്.

മുസ്‌ലിം സമുദായത്തിനും സംഘടനകള്‍ക്കുമെതിരേ അപകീര്‍ത്തി പ്രചാരണം നടത്തി ദേശീയ സുരക്ഷാ വിഷയം ജനങ്ങളിലെത്തിച്ച് പ്രതിഛായ നഷ്ടം മറച്ചുവയ്ക്കാമെന്നാണവര്‍ കരുതുന്നത്. എന്നാല്‍, ഈ പഴയതന്ത്രത്തിന് വീണ്ടും ഇരയാവണോ അതോ അത് തുറന്നുകാട്ടണോ എന്ന് തീരുമാനിക്കേണ്ടത് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും മുഖ്യധാരാ മാധ്യമങ്ങളുമാണ്. ബിജെപിയുടെ ഇത്തരത്തിലുള്ള പ്രചാരണങ്ങളെ മറികടക്കുന്നത് ബിജെപി ഇതരപാര്‍ട്ടികളുടെ നിലനില്‍പ്പിന് മാത്രമല്ല, ജനാധിപത്യം പോലുള്ള ഭരണഘടനാ മൂല്യങ്ങളുടെ നിലനില്‍പ്പിനും പ്രധാനമാണ്. അതിനാല്‍, സംഘടനയെ ദുരുപയോഗം ചെയ്യാനുള്ള ശ്രമങ്ങളെ നിയമപരവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it