Sub Lead

വസ്ത്രധാരണത്തിലെ വിവേചനപരമായ അവസ്ഥ ഇല്ലാതാവണം: മന്ത്രി ആര്‍ ബിന്ദു

വസ്ത്രധാരണത്തിലെ വിവേചനപരമായ അവസ്ഥ ഇല്ലാതാവണം: മന്ത്രി ആര്‍ ബിന്ദു
X

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പിലാക്കുക വഴി വസ്ത്രധാരണത്തിലെ വിവേചനപരമായ അവസ്ഥ ഇല്ലാതാവണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ബാലുശേരി ജിജിഎച്ച്എസ് സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വലിയൊരു കാല്‍വെപ്പാണ് മാതൃകാപരമായ പ്രവര്‍ത്തനം വഴി വിദ്യാലയം നടത്തിയതെന്നും മന്ത്രി പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം എന്ന ആശയം നടപ്പാക്കുന്ന, സംസ്ഥാനത്തെ ആദ്യത്തെ ഹയര്‍സെക്കന്ററി സ്‌കൂളാണ് ബാലുശ്ശേരി ജിജിഎച്ച്എസ്എസ്.

സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സ്വച്ഛന്തമായ അന്തരീക്ഷത്തിലാണ് വിദ്യാര്‍ഥികള്‍ പഠിച്ച് വളരേണ്ടത്. ഒന്നിനെക്കുറിച്ചും ആശങ്കകളോ വേവലാതിയോ ഉത്കണ്ഠയോ ഇല്ലാതെ പഠനപ്രക്രിയ നിര്‍വഹിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം. ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം പെണ്‍കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എന്ന വിവേചനത്തിനപ്പുറത്ത് മനുഷ്യര്‍ എന്ന നിലയില്‍ ഒരുമിച്ചു പോകുന്നു എന്ന സൂചനയാണ് ഒരേപോലുള്ള വേഷം ധരിക്കുമ്പോള്‍ ഉണ്ടാവുന്നത്. ജനിച്ചയുടന്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ പോലുള്ള വസ്ത്രങ്ങള്‍ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ വളര്‍ച്ചയുടെ ഓരോ പടവുകളിലും വസ്ത്ര സംസ്‌കാരത്തില്‍ രണ്ട് രീതിയിലുള്ള സമീപനങ്ങള്‍ ഉണ്ടാകുന്നു. അലിഖിതമായ ഒട്ടേറെ നിയമങ്ങള്‍ അനുവര്‍ത്തിക്കേണ്ടതായി വരികയാണെന്നും ഇതിന് മാറ്റമുണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

പിടിഎ പ്രസിഡന്റ് കെ ഷൈബു അധ്യക്ഷത വഹിച്ചു. അഡ്വ.കെ എം സച്ചിന്‍ ദേവ് എംഎല്‍എ സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ ആര്‍ ഇന്ദു, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ജില്ലാപഞ്ചായത്ത് അംഗം പി പി പ്രേമ, തൃശൂര്‍ വനിതസെല്‍ എസ്‌ഐ വിനയ, ഹെഡ്മിസ്ട്രസ്സ് പ്രേമ ഇ, ഗ്രാമപഞ്ചായത്ത് അംഗം ഹരീഷ് നന്ദനം, അഭിനേത്രി റീമ കല്ലിങ്കല്‍, സ്‌കൂള്‍ വികസന സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ജാഫര്‍ രാരോത്ത്, ഹയര്‍ സെക്കന്ററി സീനിയര്‍ അസിസ്റ്റന്റ് രജിത, ഹൈ സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ശോഭന, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it