Sub Lead

പ്രാര്‍ത്ഥനാ നിരതരായി ഹാജിമാര്‍; അറഫാ സംഗമം ഇന്ന്

മസ്ജിദുന്നമിറയില്‍ നടക്കുന്ന പ്രഭാഷണത്തോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക. അറഫാ മൈതാനിയില്‍ തീര്‍ത്ഥാടകര്‍ സംഗമിക്കുന്നതോടെ ഹജ്ജ് ചെയ്തവരായി പരിഗണിക്കും. എങ്കിലും അവശേഷിക്കുന്ന കര്‍മങ്ങള്‍കൂടി ഹാജിമാര്‍ നിര്‍വഹിക്കും.

പ്രാര്‍ത്ഥനാ നിരതരായി ഹാജിമാര്‍; അറഫാ സംഗമം ഇന്ന്
X

മക്ക: ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കുന്ന പരിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന് നടക്കും. അറഫാ സംഗമത്തില്‍ പങ്കെടുക്കാനായി ഹാജിമാരെല്ലാം പ്രഭാത നമസ്‌കാരത്തിനുശേഷം മിനായില്‍നിന്ന് അറഫയിലേക്ക് പുറപ്പെട്ട് തുടങ്ങി. ഉച്ചയ്ക്കാണ് അറഫാ സംഗമം. മസ്ജിദുന്നമിറയില്‍ നടക്കുന്ന പ്രഭാഷണത്തോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക. അറഫാ മൈതാനിയില്‍ തീര്‍ത്ഥാടകര്‍ സംഗമിക്കുന്നതോടെ ഹജ്ജ് ചെയ്തവരായി പരിഗണിക്കും. എങ്കിലും അവശേഷിക്കുന്ന കര്‍മങ്ങള്‍കൂടി ഹാജിമാര്‍ നിര്‍വഹിക്കും. പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിടവാങ്ങല്‍ പ്രഭാഷണം അനുസ്മരിച്ച്, മക്ക ഹറം പള്ളിയിലെ ഇമാമും ഖത്തീബുമായ ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ബലില്ല അറഫാ പ്രഭാഷണം നിര്‍വഹിക്കും.


കുറഞ്ഞ ഹാജിമാരെ മാത്രമാവും പള്ളിക്കകത്തേക്ക് പ്രവേശിപ്പിക്കുക. പത്തുഭാഷകളിലേക്ക് പ്രഭാഷണം തല്‍സമയം വിവര്‍ത്തനം ചെയ്യും. പിന്നാലെ ളുഹ്ര്‍, അസര്‍ നമസ്‌കാരങ്ങള്‍ ഒന്നിച്ചുനിര്‍വഹിക്കും. അറഫാ പ്രഭാഷണത്തിനുശേഷം ഹാജിമാര്‍ നാളെ സൂര്യാസ്തമയം വരെ അറഫയില്‍ കഴിച്ചുകൂട്ടും. ആയിരത്തോളം മലയാളി ഹാജിമാരും ഹജ്ജില്‍ പങ്കെടുക്കുന്നുണ്ട്. സൂര്യാസ്തമയത്തോടെ ഹാജിമാര്‍ അറഫയില്‍നിന്ന് മുസ്ദലിഫയിലേക്ക് രാപ്പാര്‍ക്കാനായി മടങ്ങും. മുസ്ദലിഫയില്‍ മഗ്‌രിബ്- ഇഷാ നമസ്‌കാരങ്ങള്‍ ഒരുമിച്ച് നിര്‍വഹിച്ച് ചൊവ്വാഴ്ച പ്രഭാതത്തില്‍ വീണ്ടും മിനായില്‍ചെന്ന് ജംറകളില്‍ കല്ലേറുകര്‍മം നിര്‍വഹിക്കാനായി ചെറുകല്ലുകള്‍ ശേഖരിക്കും.

ദുല്‍ഹജ്ജ് 13ന് കഅ്ബയുടെ അടുത്തെത്തി വിടവാങ്ങല്‍ പ്രദക്ഷിണം നിര്‍വഹിക്കുന്നതോടെ ഹജ്ജ് കര്‍മങ്ങള്‍ക്കു പരിസമാപ്തിയാവും. 150ലേറെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60,000 ഹാജിമാര്‍ അറഫയില്‍ സംഗമിക്കും. 3,000 ബസ്സുകളിലാണ് ഹാജിമാര്‍ അറഫയിലേക്ക് നീങ്ങുന്നത്. കൂടെ ആരോഗ്യപ്രവര്‍ത്തകരും മതപ്രബോധകരും ഇവര്‍ക്കെല്ലാം കാവലായി സുരക്ഷാ സേനയുമുണ്ടാവും. അറഫാ സംഗമത്തിലെത്താത്തവര്‍ക്ക് ഹജ്ജിന്റെ പുണ്യം ലഭിക്കില്ല. അതിനാല്‍ ഓരോരുത്തരേയും കൃത്യസമയത്തെത്തിക്കാന്‍ ബസ്സുകള്‍ക്ക് സമയക്രമീകരണം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it