Sub Lead

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ജോലിനഷ്ടം: ഖത്തറിലെ സംഘപരിവാര സംഘടനകളിലെ പോര് പുറത്ത്

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ജോലിനഷ്ടം: ഖത്തറിലെ സംഘപരിവാര സംഘടനകളിലെ പോര് പുറത്ത്
X

ദോഹ: തിരുവനന്തപുരത്ത് നഴ്‌സുമാരെയും മുസ് ലിംകളെയും അപമാനിച്ച് സംസാരിച്ചതിന് ഖത്തറിലെ ജോലി നഷ്ടപ്പെട്ട ദുര്‍ഗാദാസിനെതിരേ സംഘപരിവാര അനുകൂലികളും രംഗത്ത്. വിവിധ സംഘടനകളിലും സംഘപരിവാര സംഘടനകളിലും പ്രവര്‍ത്തിക്കുന്ന ദുര്‍ഗാദാസിന്റെ സഹപ്രവര്‍ത്തകരാണ് ഇയാള്‍ക്കെതിരേ രംഗത്തുവന്നിരിക്കുന്നത്.

ഖത്തറിലെ കോണ്‍ഗ്രസ് സംഘടനയായ ഇന്‍കാസിന്റെ നേതാവും സംഘപരിവാര സംഘടനയായ സയന്‍സ് ഇന്ത്യ ഫോറത്തിന്റെ മുന്‍ പ്രസിഡന്റുമായ വിനോദ് നായരുമായി നടത്തിയ ഫേസ് ബുക്ക് സംവാദമാണ് ഇവര്‍ക്കിടയിലുളള പോര് പുറത്തുകൊണ്ടുവന്നത്.

സയന്‍സ് ഇന്ത്യ ഫോറം മുന്‍ പ്രസിഡന്റായ വിനോദ് നായരെ പരാമര്‍ശിച്ചുകൊണ്ട് ദുര്‍ഗാദാസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പകല്‍ കോണ്‍ഗ്രസ്സും രാത്രി ബിജെപിയുമായ തന്നെ ജോലിയില്‍നിന്നും ഖത്തറില്‍നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും തന്റെ മുന്‍ഗാമികളായ കെആര്‍ജി പിള്ളക്കും സമാനമായ അനുഭവമുണ്ടായെന്നും ഹിന്ദുവായി ജനിച്ച് ഹിന്ദുവായി മരിക്കാനാണ് ആഗ്രഹമെന്നുമായിരുന്നു ദുര്‍ഗാദാസിന്റെ പോസ്റ്റ്.

മതവൈരം പരത്തി സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ വിവാദപ്രസ്താവന നടത്തിയ ദുര്‍ഗാദാസിനെ മലയാളം മിഷനില്‍നിന്ന് പുറത്താക്കിയതിനെ മറ്റൊരു പ്രവര്‍ത്തകനായ മണികണ്ഠന്‍ എ പി ഉയര്‍ത്തിപ്പിടിച്ചു.

ദുര്‍ഗാദാസിനെപ്പോലെയുള്ളവരെ പുറത്താക്കാന്‍ ഇത് നല്ല അവസരമാണെന്നും ദുര്‍ഗാദാസ് സ്പര്‍ധയുണ്ടാക്കാനാണ് ശ്രമിച്ചതെന്നും വിനോദ് നായര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ദുര്‍ഗാദാസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ മണികണ്ഠനെ അഭിനന്ദിച്ചു. ദുര്‍ഗാദാസിന്റേത് ശരിയായ ദേശീയതയല്ലെന്നാണ് വിനോദിന്റെ അഭിപ്രായം.

സംഘപരിവാര്‍ പ്രസ്ഥാനമായ സയന്‍സ് ഇന്ത്യ ഫോറത്തിന്റെ മുന്‍നേതാവായ വിനോദ് നായരാണ് ഖത്തറിലെ പ്രധാന വിഷമെന്ന് ദുര്‍ഗാദാസ് പ്രതികരിച്ചു. വിനോദ് നായര്‍ക്ക് ഇരട്ടമുഖമാണെന്നാണ് ദുര്‍ഗാദാസിന്റെ ആരോപണം. പത്ത് വോട്ടിനുവേണ്ടി കപട ജീവിതം നയിക്കുകയാണെന്നും ആരോപിക്കുന്നു. ദേശീയതയ്ക്കുവേണ്ടി നിലകൊണ്ടതിനല്ല ജോലി നഷ്ടപ്പെട്ടതെന്നും കയ്യിലിരിപ്പാണ് കാരണമെന്നുമാണ് വിനോദ് നായര്‍ കുറിച്ചത്.

Next Story

RELATED STORIES

Share it