Sub Lead

മതവിദ്വേഷ പ്രചാരണം: ക്രിസ്ത്യന്‍ സംഘടനയ്‌ക്കെതിരേ പോലിസ് അന്വേഷണം ആരംഭിച്ചു

'കാസ' എന്ന തീവ്രവാദ സംഘടനയ്‌ക്കെതിരേ ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ പോലിസ് ചീഫിനാണ് അന്വേഷണച്ചുമതല. മാനന്തവാടി ഡിവൈഎസ്പി ഇന്നലെ പരാതിക്കാരന്റെ മൊഴിയെടുത്തു.

മതവിദ്വേഷ പ്രചാരണം: ക്രിസ്ത്യന്‍ സംഘടനയ്‌ക്കെതിരേ പോലിസ് അന്വേഷണം ആരംഭിച്ചു
X

സ്വന്തം പ്രതിനിധി

കല്‍പ്പറ്റ: 'കാസ' എന്ന ക്രിസ്ത്യന്‍ തീവ്രവാദ സംഘടനയ്‌ക്കെതിരേ പോലിസ് അന്വേഷണം. മുസ്‌ലിം സമുദായത്തിനും ഇസ്‌ലാമിനും പ്രവാചകനുമെതിരേ വിദ്വേഷ പ്രചാരണം നടത്തി കലാപത്തിന് ശ്രമിക്കുന്നുവെന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ഈ മാസം അഞ്ചിന് ഡിജിപിക്ക് ലഭിച്ച പരാതിയിലാണു നടപടി. വയനാട് ജില്ലാ പോലിസ് ചീഫിനാണ് അന്വേഷണച്ചുമതല. മാനന്തവാടി ഡിവൈഎസ്പി ഇന്നലെ പരാതിക്കാരന്റെ മൊഴിയെടുത്തു.

സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള 'കാസ'യുടെ വിദ്വേഷ പ്രചാരണത്തിന്റെ നിരവധി ഡിജിറ്റല്‍ തെളിവുകള്‍ പോലിസിനു ലഭിച്ചിട്ടുണ്ട്. പൊതുസമൂഹത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ വെറുപ്പും പകയും ജനിപ്പിക്കും വിധമാണ് 'കാസ' യുടെ പ്രവര്‍ത്തനം. ഇതുസംബന്ധിച്ച് വിവിധ സാമൂഹിക മാധ്യമ ഇടങ്ങളില്‍ 'കാസ'യുടെ ഔദ്യോഗിക പേജുകളില്‍ വന്ന 100 ലേറെ തെളിവുകള്‍ പരാതിക്കാരന്‍ പോലിസിനു കൈമാറി. 'മുഹമ്മദ് ദ പോക്‌സോ ക്രിമിനല്‍' ഒരു ഹ്രസ്വ ചിത്രം പുറത്തിറക്കുകയാണെന്ന് കാസ കണ്ണൂര്‍ അവരുടെ ഫേസ്ബുക്ക് പേജില്‍ ഈ മാസം ആദ്യം അറിയിച്ചിരുന്നു. 1997 ല്‍ ആസാമില്‍ ദിബ്രുഗഡ് ജില്ലയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസ്സുകാരിയെ 65 വയസുള്ള മുഹമ്മദ് വാസിം എന്ന ബംഗ്ലാദേശി ലൈംഗികമായി പീഡിപ്പിച്ച ആ സംഭവത്തെ ആസ്പദമാക്കിയാണ് 'മുഹമ്മദ് ദ പോക്‌സോ ക്രിമിനല്‍' എന്ന ഷോര്‍ട്ട് ഫിലിം നിര്‍മിച്ചതെന്നാണ് 'കാസ' യുടെ വിശദീകരണം.

25 വര്‍ഷം മുമ്പ് നടന്നതായി പറയപ്പെടുന്ന അസമിലെ ഒരു ബാലപീഡനത്തിന്റെ മറവില്‍ 'മുഹമ്മദ് ദ പോക്‌സോ ക്രിമിനല്‍' എന്ന ഹ്രസ്വചിത്രവുമായി കാസ ഇപ്പോള്‍ രംഗത്തുവരുന്നത് കൃത്യമായ മുസ്‌ലിം വിരുദ്ധ ഗൂഢാലോചനയുടെയും സമൂഹത്തില്‍ വിദ്വേഷം പരത്തി കലാപമുണ്ടാക്കാനുള്ള നീക്കത്തിന്റെയും ഭാഗമാണെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. റമദാന്‍ മാസം തന്നെ ഇതിനായി 'കാസ' തിരഞ്ഞെടുത്തതും ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നു. മുഹമ്മദ് എന്ന പേരില്‍ കാസ ലക്ഷ്യമിടുന്നത് പ്രവാചകന്‍ മുഹമ്മദ് നബിയെ തന്നെയാണെന്നതിന്റെ കൃത്യമായ തെളിവുകളും പരാതിക്കാരന്‍ പോലിസിന് കൈമാറിയിട്ടുണ്ട്.

Next Story

RELATED STORIES

Share it