Sub Lead

മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പാസ്റ്റര്‍മാരുടെ വീട് വളഞ്ഞ് ഹിന്ദുത്വരുടെ ഭീഷണിയും ആക്രോശവും

മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പാസ്റ്റര്‍മാരുടെ വീട് വളഞ്ഞ് ഹിന്ദുത്വരുടെ ഭീഷണിയും ആക്രോശവും
X

ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ക്കെതിരേ ഹിന്ദുത്വരുടെ വേട്ടയാടല്‍. പാസ്റ്റര്‍മാരുടെ വീടുകള്‍ വളഞ്ഞ ഒരുകൂട്ടം ഹിന്ദുത്വര്‍ ക്രിസ്ത്യന്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ച് ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. യൂനിയന്‍ ഓഫ് കാത്തലിക് ഏഷ്യന്‍ ന്യൂസ് ഏജന്‍സിയാണ് ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ക്കെതിരായ ആക്രണം പുറത്തുവിട്ടത്. കഴിഞ്ഞ മൂന്നുദിവസത്തിനിടെ പാസ്റ്റര്‍മാരായ ഫിറോസ് ബാഗ്, രമേഷ് മാണിക്പൂര്‍ എന്നിവരെയാണ് ഹിന്ദുത്വര്‍ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തത്.

പാസ്റ്റര്‍ ഫിറോസ് ബാഗ് ജൂലൈ 4ന് സംസ്ഥാന തലസ്ഥാനമായ റായ്പൂരിലുള്ള തന്റെ വീട്ടില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തുകയായിരുന്നു. 40 ഓളം വരുന്ന ഹിന്ദുത്വര്‍ വീട് വളയുകയും ക്രിസ്ത്യന്‍ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ഹിന്ദുത്വരുടെ അഴിഞ്ഞാട്ടം. പ്രതിഷേധത്തെത്തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തുകയും ക്രിസ്ത്യന്‍ പാസ്റ്ററായ ഫിറോസ് ബാഗിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പാസ്റ്റര്‍ ബാഗിനെ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതിന് പിന്നാലെ ഒരുകൂട്ടം ഹിന്ദുത്വര്‍ പ്രതിഷേധവുമായി രംഗത്തുവന്നു.

അവര്‍ പോലിസ് സ്‌റ്റേഷന്‍ വളയുകയും ക്രിസ്ത്യന്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പാസ്റ്റര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു അവരുടെ ആരോപണം. ചര്‍ച്ച് നേതാക്കളുടെ ഇടപെടലുകളെത്തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കുശേഷം ഇദ്ദേഹത്തെ പോലിസ് വിട്ടയച്ചു. തങ്ങളെ 'തീവ്രവാദികള്‍' ലക്ഷ്യമിടുകയാണെന്നും എന്റെ സഭാംഗങ്ങള്‍ ഭയപ്പാടിലാണെന്നും പോലിസ് കസ്റ്റഡിയില്‍നിന്ന് വിട്ടയച്ച ബാഗ് പറഞ്ഞു. ജൂലൈ 7നാണ് പാസ്റ്റര്‍ രമേഷ് മാണിക്പൂരിനെതിരേ ഹിന്ദുത്വരുടെ ഭീഷണിയുണ്ടാവുന്നത്.

വൈകുന്നേരം സരോറ ഗോഗാവോണിലെ വീട്ടില്‍ രമേഷ് മാണിക്പൂര്‍ വിശ്രമിക്കുകയായിരുന്നു. ഒരുകൂട്ടം ഹിന്ദുത്വ സംഘം മതിലില്‍ ഹിന്ദു ദൈവങ്ങളെ വാഴ്ത്തിക്കൊണ്ട് മുദ്രാവാക്യം എഴുതിവച്ചു. തനിക്കെതിരേ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണമുയര്‍ത്തുകയും തന്റെ മകനെ മര്‍ദ്ദിക്കുകയും ചെയ്തു. അവര്‍ നൂറോളം പേരുണ്ടായിരുന്നു. പ്രകടനമായാണ് അവര്‍ വീടിന് മുന്നിലൂടെ കടന്നുപോയതെന്ന് മാണിക്പൂര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇന്ത്യയിലെ പ്രധാനപ്പെട്ട കത്തോലിക്കാ സംഘടനയായ ഓള്‍ ഇന്ത്യ കാത്തലിക് യൂനിയന്റെ (എഐസിയു) വര്‍ക്കിങ് കമ്മിറ്റി ന്യൂനപക്ഷങ്ങള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു. ഹിന്ദുത്വരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അവര്‍ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it