Sub Lead

യുകെയില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്; ഋഷി സുനകിന് കനത്ത തിരിച്ചടി

യുകെയില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്; ഋഷി സുനകിന് കനത്ത തിരിച്ചടി
X

ലണ്ടന്‍: യുകെയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വന്‍ വിജയത്തോടെ ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്. ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ഋഷി സുനകിന് കനത്ത തിരിച്ചടിയുണ്ടായി. ഏറ്റവുമൊടുവില്‍ വിവരം ലഭിക്കുമ്പോള്‍ 387ഓളം സീറ്റുകളുമായാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 93 സീറ്റുകളില്‍ ഒതുങ്ങി. 650 അംഗ പാര്‍ലമെന്റില്‍ 326 ആണ് സര്‍ക്കാരുണ്ടാക്കാന്‍വേണ്ട കേവലഭൂരിപക്ഷം. തോല്‍വി സമ്മതിച്ച ഋഷി സുനക് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും വ്യക്തമാക്കി. അതേസമയം, ജനങ്ങള്‍ മാറ്റത്തിനു വേണ്ടി വോട്ടുചെയ്‌തെന്ന് ലേബര്‍ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയാവാന്‍ സാധ്യതയുമുള്ള കെയ്ര് സ്റ്റാര്‍മര്‍ പറഞ്ഞു. കാലവധി തീരുന്നതിനു മുമ്പ് നടത്തിയ തിരഞ്ഞെടുപ്പിലാണ് ഋഷി സുനകിനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും കനത്ത തിരിച്ചടിയുണ്ടായത്. ഇതോടെ തുടര്‍ച്ചയായ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണത്തിനാണ് ബ്രിട്ടനില്‍ അന്ത്യമാവുന്നത്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തോല്‍വി. സുനകിന്റെ ഭരണകാലയളവില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ബ്രിട്ടനെ കരകയറ്റുന്നതിനുപകരം സമ്പദ്‌മേഖലയിലെ പരിഷ്‌കരണങ്ങള്‍ തിരിച്ചടിക്കുകയായിരുന്നു. ഇതോടെ പണപ്പെരുപ്പം വന്‍തോതില്‍ ഉയര്‍ന്നു. കുടിയേറ്റം, വിലക്കയറ്റം, ബ്രെക്‌സിറ്റ് എന്നിവയില്‍ കണ്‍സര്‍വേറ്റീവുകളുടെ നിലപാടിനെ ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശക്തമായി ഉയര്‍ത്തിക്കാട്ടി. മാറ്റം തുടങ്ങിയെന്നും ജനങ്ങള്‍ മാറ്റത്തിനു വേണ്ടിയാണ് വോട്ട് ചെയ്തതെന്നും കെയ്ര് സ്റ്റാര്‍മര്‍ പറഞ്ഞു. 2022 ഒക്ടോബറില്‍ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചതിനുപിന്നാലെയാണ് ഇന്ത്യന്‍ വംശജനും ഹിന്ദുമത വിശ്വാസിയുമായ ഋഷി സുനക് പ്രധാനമന്ത്രിയായത്. 210 വര്‍ഷത്തിനിടയിലെ ഏറ്റവുംപ്രായംകുറഞ്ഞ, വെള്ളക്കാരനല്ലാത്ത ആദ്യപ്രധാനമന്ത്രിയായിരുന്നു സുനക്. 2019ലെ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 365 സീറ്റുകളാണ് ലഭിച്ചത്. ഇതുപ്രകാരം ഇത്തവണ 213 സീറ്റുകളാണ് കുറഞ്ഞത്.

Next Story

RELATED STORIES

Share it