Sub Lead

കര്‍ണാടക അതിര്‍ത്തി തുറന്നില്ല; ഗുരുതരാവസ്ഥയിലായ രോഗിയുമായി കോഴിക്കോട്ടേക്ക് പുറപ്പെട്ടു

ടിബി തലച്ചോറിനെ ബാധിച്ചതിനെ തുടര്‍ന്ന് ഗുരുതരവാസ്ഥയിലായതിനെ തുടര്‍ന്നാണ് സിദ്ധീഖിനെ മംഗലാപുരം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമം നടത്തിയത്.

കര്‍ണാടക അതിര്‍ത്തി തുറന്നില്ല;  ഗുരുതരാവസ്ഥയിലായ രോഗിയുമായി കോഴിക്കോട്ടേക്ക് പുറപ്പെട്ടു
X

കാസര്‍കോട്: കൊവിഡ് 19 പ്രതിരോധത്തിന്റെ മറവില്‍ കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി അടച്ചതോടെ അത്യാസന്ന നിലയിലായ രോഗിയുമായി കാസര്‍കോട് സ്വദേശികള്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. കാസര്‍കോട് കുമ്പള ആരിക്കാടി സ്വദേശി സിദ്ധീഖി(45)നേയാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ആസറ്ററിലേക്ക് കൊണ്ട് വരുന്നത്. ടിബി തലച്ചോറിനെ ബാധിച്ചതിനെ തുടര്‍ന്ന് ഗുരുതരവാസ്ഥയിലായതിനെ തുടര്‍ന്നാണ് സിദ്ധീഖിനെ മംഗലാപുരം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍, അതിര്‍ത്തി തുറന്നിട്ടില്ലെന്ന് വിവരം ലഭിച്ചതോടെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍, പരിയാരത്ത് ഐസിയു ഒഴിവില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ കണ്ണൂര്‍ ആസ്റ്ററിലേക്ക് എത്തിച്ചു. എന്നാല്‍, അവിടേയും ഐസിയു ഒഴിവില്ലെന്ന് പറഞ്ഞ് മടക്കുകയായിരുന്നു. ഇതോടെ രോഗിയുമായി ബന്ധുക്കള്‍ കോഴിക്കോട് ആസ്റ്ററിലേക്ക് പുറപ്പെടുകയായിരുന്നു.

അതിര്‍ത്തി പങ്കിടുന്ന പ്രധാന പാതകളില്‍ കേരളത്തോട് ഇപ്പോഴും നിഷേധാത്മക സമീപനമാണ് കര്‍ണാടക തുടരുന്നത്. വയനാട്ടില്‍ നിന്ന് മൈസൂരുവിലേക്കും ബംഗളൂരുവിലേക്കുമുള്ള രാത്രി പാതയായ തോല്‍പെട്ടി അതിര്‍ത്തി കര്‍ണാടക മണ്ണിട്ട് മൂടിയിരിക്കുകയാണ്. ഏറെ സമ്മര്‍ദ്ധങ്ങള്‍ക്കൊടുവിലാണ് ബാവലി,മുത്തങ്ങ അതിര്‍ത്തികള്‍ ചരക്ക് ഗതാഗതത്തിനു പോലും അടുത്തിടെ കര്‍ണാടക തുറന്നത്.

മാനന്തവാടിയില്‍ നിന്നും കര്‍ണാടകയിലേക്ക് ഡയാലിസിസ് മരുന്നുമായി പോയ വാഹനം പോലും കഴിഞ്ഞ ദിവസം കര്‍ണാടക പോലിസ് തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ തടഞ്ഞു.

കുടക് ജില്ലയിലെ സിദ്ധാപുരം ആശുപത്രിയില്‍ ചികില്‍സയിലുള്ള 14 വൃക്ക രോഗികള്‍ക്കുള്ള ഡയാലിസിസ് മരുന്നാണ് മാനന്തവാടിയില്‍ നിന്ന് പോലിസ് സഹായത്തോടെ ആംബുലന്‍സില്‍ കൊണ്ടുപോയത്. തോല്‍പ്പെട്ടി മണ്ണിട്ട് അടച്ച അതിര്‍ത്തിയിലെത്തിയപ്പോള്‍ കര്‍ണാടക പോലിസ് തടഞ്ഞു. ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം. തുടര്‍ന്ന് തോല്‍പെട്ടിയില്‍ ചുമതലയുള്ള െ്രെകംബ്രാഞ്ച് എസ്‌ഐ അനിലിനെ നേതൃത്വത്തില്‍ 500 മീറ്ററോളം ചുമന്ന് ഡയാലിസിനുള്ള മരുന്നും സാമഗ്രികളും മരുന്നുകള്‍ കുട്ടം പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ എത്തിക്കുകയായിരുന്നു. ചെക്ക് പോസ്റ്റില്‍ കര്‍ണാടക പോലിസ് വാഹനമുണ്ടായിട്ടും വിട്ടു കൊടുത്തില്ല. കുട്ട പോലിസ് സ്‌റ്റേഷനില്‍ എത്തിച്ച മരുന്ന് രണ്ടു മണിക്കൂറിലേറെ വൈകി സിദ്ധാപുരത്ത് നിന്നും എത്തിയ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

സമാനമായ അനുഭവമാണ് കാസര്‍കോട് നിന്നും മംഗലാപുരത്തേക്ക് പോകുന്നവര്‍ക്കും നേരിടുന്നത്. ചികില്‍സക്കും മറ്റുമായി കാസര്‍കോട് സ്വദേശികള്‍ പ്രധാനമായും ആശ്രയിക്കുന്നത് മംഗലാപുരത്തേയാണ്. അതിര്‍ത്തി അടച്ചതോടെ നിരവധി ജീവനുകളാണ് ചികില്‍സ ലഭിക്കാതെ പൊലിഞ്ഞത്.

Next Story

RELATED STORIES

Share it