Sub Lead

കൊവിഡ്: ലോക്ക്ഡൗണ്‍ ജൂലൈ 31വരെ നീട്ടി മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും രൂക്ഷമായി കൊവിഡ് ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര.

കൊവിഡ്: ലോക്ക്ഡൗണ്‍ ജൂലൈ 31വരെ നീട്ടി മഹാരാഷ്ട്ര
X

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടി മഹാരാഷ്ട്ര. സംസ്ഥാനത്തെ കൊവിഡ് 19 രോഗികള്‍ ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ ലോക്ഡൗണ്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ഏറ്റവും രൂക്ഷമായി കോവിഡ് ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര.

ജൂണ്‍ 30ന് ശേഷം ലോക്ക്ഡൗണില്‍ കാര്യമായ ഇളവുകള്‍ നല്‍കുമെന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ഇന്നലെ പറഞ്ഞത്. എന്നാല്‍, സ്ഥിതിഗതികള്‍ മോശമായി തുടരുന്നതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 5493 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. സംസ്ഥാനത്ത് 156 മരണം പുതുതായി രേഖപ്പെടുത്തി. മൂന്ന് ദിവസംകൊണ്ട് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 15,825 പോസറ്റീവ് കേസുകളാണ്.1,64, 626 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയില്‍ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 75000ന് മുകളിലെത്തി.

അതേസമയം, ലോകത്തെ തന്നെ ഏറ്റവും വലിയ പ്ലാസ്മാ തെറാപ്പി ട്രയല്‍ മഹാരാഷ്ട്രയില്‍ തുടങ്ങി. പ്രൊജക്ട് പ്ലാറ്റിന എന്ന പേരില്‍ ഗുരുതരാവസ്ഥയിലുള്ള 500ലേറെ രോഗികള്‍ക്കാണ് ബ്ലഡ് പ്ലാസ്മ നല്‍കുക. 17 മെഡിക്കല്‍ കോളജുകളിലായാണ് ചികിത്സ. രണ്ട് ഡോസ് വീതം 200 മില്ലി പ്ലാസ്മ വീതമാണ് രോഗികള്‍ക്ക് നല്‍കുക. പത്തില്‍ ഒമ്പത് പേര്‍ക്ക് എന്ന തോതില്‍ പ്ലാസ്മാ തെറാപ്പി വിജയകരമായ സാഹചര്യത്തിലാണ് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് പ്ലാസ്മ തെറാപ്പി നല്‍കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 17 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. മുംബൈ മെട്രോപൊളിറ്റന്‍ മേഖലയുടെ സമീപ പ്രദേശങ്ങളിലും അവശ്യസര്‍വീസുകള്‍ ഒഴികെയുള്ളവ നിയന്ത്രിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it