Sub Lead

മൊസാദ് സാമ്പത്തിക ശൃംഖലാ മാനേജര്‍ തുര്‍ക്കിയില്‍ അറസ്റ്റില്‍

ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന്റെ തുര്‍ക്കിയിലെ സാമ്പത്തിക ശൃംഖലയുടെ മാനേജര്‍ ലിറിഡണ്‍ റെക്‌ഷെപിയെ ഇസ്താംബുള്‍ പോലിസ് അറസ്റ്റ് ചെയ്തതായി തുര്‍ക്കി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

മൊസാദ് സാമ്പത്തിക ശൃംഖലാ മാനേജര്‍ തുര്‍ക്കിയില്‍ അറസ്റ്റില്‍
X

അങ്കാറ: ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന്റെ തുര്‍ക്കിയിലെ സാമ്പത്തിക ശൃംഖലയുടെ മാനേജര്‍ ലിറിഡണ്‍ റെക്‌ഷെപിയെ ഇസ്താംബുള്‍ പോലിസ് അറസ്റ്റ് ചെയ്തതായി തുര്‍ക്കി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. കൊസോവന്‍ പൗരനായ റെക്‌ഷെപി മൊസാദിന്റെ ലക്ഷ്യങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ചിത്രീകരിക്കുകയും ഫലസ്തീന്‍ അനുകൂലികള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തതായി തുര്‍ക്കി ആരോപിച്ചു. സിറിയന്‍ മേഖലയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുകയും തുര്‍ക്കിയെയിലെ മൊസാദിന്റെ ഫീല്‍ഡ് ഏജന്റുമാര്‍ക്ക് പണം കൈമാറുകയായിരുന്നുവെന്ന് ഡെയ്‌ലി സബാഹ് റിപോര്‍ട്ട് ചെയ്തു.

തുര്‍ക്കിയിലെ മൊസാദ് പ്രവര്‍ത്തകര്‍ക്ക് വെസ്‌റ്റേണ്‍ യൂനിയന്‍ വഴി നിരവധി തവണം നിക്ഷേപം നടത്തിയെന്നാണ് ആരോപണം. റെക്‌ഷെപിയുടെ സാമ്പത്തിക അക്കൗണ്ടുകളിലെ ക്രമക്കേടുകള്‍ കണ്ടെത്തിയതിന് ശേഷമാണ് തുര്‍ക്കി നാഷനല്‍ ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍(എംഐടി) ലിറിഡണ്‍ റെക്‌ഷെപിയെ പിടികൂടിയത്. 2024 ആഗസ്ത് 25ന് തുര്‍ക്കിയില്‍ പ്രവേശിച്ചയുടന്‍ എംഐടി ഇയാളെ നിരീക്ഷണം തുടങ്ങിയിരുന്നു. ഇസ്താംബുള്‍ പോലിസുമായി നടത്തിയ സംയുക്ത ഓപറേഷനില്‍ ആഗസ്ത് 30നാണ് ഇസ്താംബൂളില്‍ കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തി.

ചോദ്യം ചെയ്യലില്‍ പണം കൈമാറ്റം നടത്തിയത് ഇയാള്‍ സമ്മതിച്ചതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് കൊസോവോ വഴിയുള്ള പണമിടപാടുകള്‍ സുഗമമാക്കുന്നത് തുര്‍ക്കിയിലെ മൊസാദിന്റെ ഫീല്‍ഡ് ഏജന്റുമാരാണെന്ന് എംഐടി നേരത്തേ കണ്ടെത്തിയിരുന്നു. മൊസാദ് ചാരന്മാര്‍ കൊസോവോയില്‍ നിന്ന് വരുന്ന ഫണ്ടുകള്‍ സിറിയയിലെ അവരുടെ സ്രോതസ്സുകളിലേക്ക് മാറ്റുകയും അവര്‍ ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ച് അടയ്ക്കുകയുമാണ് ചെയ്യുന്നത്. രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്ന മൊസാദ് അംഗങ്ങളെ ലക്ഷ്യമിട്ടുള്ള നടപടികള്‍ ശക്തമാക്കിയതിനാല്‍ ഈ വര്‍ഷം തുര്‍ക്കിയില്‍ അറസ്റ്റിലായ ആദ്യത്തെ ഉന്നത മൊസാദ് പ്രവര്‍ത്തകനാണ് റെക്‌ഷെപി.

ജനുവരി മുതല്‍ ഇസ്രായേലിന്റെ മൊസാദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡസന്‍ കണക്കിന് ആളുകളെ തടങ്കലിലാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും തുര്‍ക്കി പൗരന്മാരായിരുന്നു. ജനുവരിയില്‍ ഏഴുപേരെയും മാര്‍ച്ചില്‍ ആറ് പേരെയും ഏപ്രിലില്‍ രണ്ട് പേരെയും അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, തുര്‍ക്കിയിലെ അറസ്റ്റിനെക്കുറിച്ച് ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല. വിദേശ പൗരന്മാരെ ലക്ഷ്യമിട്ട് രാജ്യത്ത് മൊസാദ് ചാരന്‍മാരെ റിക്രൂട്ട് ചെയ്യുന്നതായി തുര്‍ക്കി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഫലസ്തീനു നേരെയുള്ള ഇസ്രായേലിന്റെ ആക്രമണത്തെത്തുടര്‍ന്ന് വര്‍ഷങ്ങളായി ഭിന്നതയിലായിരുന്ന തുര്‍ക്കിയും ഇസ്രായേലും മരവിപ്പിച്ച ബന്ധം കഴിഞ്ഞ വര്‍ഷമാണ് പുനരാരംഭിച്ചത്. എന്നിട്ടും, ഒക്ടോബര്‍ ഏഴിലെ തൂഫാനുല്‍ അഖ്‌സയ്ക്കു ശേഷം ബന്ധം വീണ്ടും വഷളായി. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക നടപടികളെ ശക്തമായ എതിര്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് തുര്‍ക്കി. ലെബനന്‍, തുര്‍ക്കി, ഖത്തര്‍ എന്നിവിടങ്ങളില്‍ എവിടെയും ഹമാസിനെ ലക്ഷ്യമിടാന്‍ തങ്ങളുടെ സംഘടന തയ്യാറാണെന്ന് ഇസ്രായേലിന്റെ ആഭ്യന്തര ചാരസംഘമായ ഷിന്‍ ബെറ്റിന്റെ തലവന്‍ ഡിസംബറില്‍ വെല്ലുവിളിച്ചിരുന്നു. ഇതിനു തിരിച്ചടിയെന്നോണം, തുര്‍ക്കി മണ്ണില്‍ ഹമാസ് ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഇസ്രായേല്‍ മുന്നോട്ട് പോയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദേുഗാന്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it