Sub Lead

മുല്ലപ്പെരിയാർ ഒരു ദിവസംകൊണ്ട് ഉയർന്നത് 7 അടി വെള്ളം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 123.2 അടിയിലെത്തി. ഒരു ദിവസം കൊണ്ട് ഏഴ് അടിയാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. ഇടുക്കി അണക്കെട്ടിലേയും ജലനിരപ്പ് ഉയര്‍ന്ന് 2329.24 അടിയായിട്ടുണ്ട്.

മുല്ലപ്പെരിയാർ ഒരു ദിവസംകൊണ്ട് ഉയർന്നത് 7 അടി വെള്ളം
X

ഇടുക്കി: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അതിതീവ്ര മഴ പെയ്തതോടെ പ്രളയ സമാന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയർന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 123.2 അടിയിലെത്തി. ഒരു ദിവസം കൊണ്ട് ഏഴ് അടിയാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശമായ പെരിയാര്‍ കടുവ സങ്കേതത്തില്‍ പെയ്യുന്ന കനത്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം.

ഇടുക്കി അണക്കെട്ടിലേയും ജലനിരപ്പ് ഉയര്‍ന്ന് 2329.24 അടിയായിട്ടുണ്ട്. ഇന്നലെ മാത്രം 3 അടിയാണ് ജലനിരപ്പ് ഉയര്‍ന്നത്. ഡാമിന്‍റെ സംഭരണ ശേഷി 2403 അടിയാണ്. എന്നാൽ ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയിൽ ജില്ലയിൽ ഇന്നലെ മൂന്ന് പേർ മരിച്ചിരുന്നു. ശക്തമായ മഴ വ്യാപക നാശനഷ്ടം ഉണ്ടായി. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ ജില്ലയിൽ ഇന്നലെ രാത്രി എത്തിയിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര, ലോവർ പെരിയാർ, കല്ലാർകുട്ടി, കല്ലാർ, പഴയ മൂന്നാർ ഹെഡ്‍വർക്സ് എന്നീ ഡാമുകളുടെ ഷട്ടറുകൾ തുറന്ന് വിട്ടിരിക്കുകയാണ്. കോഴിക്കോട്ട് കക്കയം ഡാമില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നത് ഒന്നരയടിയായി ഉയർത്തി. കക്കയം ഡാമിന്റെ രണ്ട് ഷട്ടർ ഇന്നലെ വൈകിട്ട് തുറന്നിരുന്നു. കുറ്റ്യാടിപ്പുഴയുടെയും കൈവഴികളുടെയും ഇരു കരകളിലും ഉള്ളവർക്ക് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. പെരുവണ്ണാമൂഴി ഡാമിന്റെ നാല് ഷട്ടർ ബുധനാഴ്ച തുറന്നിരുന്നു.

അതേസമയം കേരളത്തില്‍ മഴ ശക്തമാണെങ്കിലും വലിയ ഡാമുകളൊന്നും തുറന്നു വിടേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി വ്യക്തമാക്കി. ഡാമുകള്‍ തുറന്നു വിടുന്നത് സംബന്ധിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ വിലയിരുത്താനായി ഉച്ചയ്ക്ക് വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി അറിയിച്ചു.

Next Story

RELATED STORIES

Share it