Sub Lead

ബലാല്‍സംഗം ചെയ്യുമെന്നും വധിക്കുമെന്നും ഭീഷണി; പിന്തുണയഭ്യര്‍ത്ഥിച്ച് റാണാ അയ്യൂബ്

കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് റാണക്കെതിരേ വിദ്വേഷ പ്രചാരണം തുടങ്ങിയത്. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് വ്യാപക വിദ്വേഷ പ്രചാരണവും ഭീഷണിയും ഉണ്ടായി.

ബലാല്‍സംഗം ചെയ്യുമെന്നും വധിക്കുമെന്നും ഭീഷണി; പിന്തുണയഭ്യര്‍ത്ഥിച്ച് റാണാ അയ്യൂബ്
X

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ കുറിച്ചുള്ള സത്യസന്ധമായ വാര്‍ത്തകള്‍ പുറംലോകത്തെ അറിയിച്ചതിനാല്‍ ഭീഷണി നേരിടുന്നതായി പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബ്. കൊലപ്പെടുത്തുമെന്നും ബലാല്‍സംഗം ചെയ്യുമെന്നും ഭീഷണി ഉയരുന്നതായി അവര്‍ ട്വീറ്റ് ചെയ്തു. തനിക്കെതിരേ മാത്രമല്ല, കുടുംബത്തേയും ലക്ഷ്യമിട്ടാണ് ഭീഷണികള്‍ ഉയരുന്നത്. ചില ദിവസങ്ങള്‍ മോശവും അസഹനീയവുമാണ്. മാനസികമായി ഏറെ ആഘാതം സൃഷ്ടിക്കുന്നതാണ് നിലവിലെ അവസ്ഥകള്‍. റാണാ അയ്യൂബ് ട്വീറ്ററില്‍ കുറിച്ചു.

ഈ സാഹചര്യത്തില്‍ തന്റെ പിന്തുണച്ച ഇന്റര്‍നാഷണല്‍ വിമന്‍സ് മീഡിയ ഫൗണ്ടേഷനും പെന്‍ അമേരിക്കക്കും റാണാ അയ്യൂബ് നന്ദി അറിയിച്ചു.

രാജ്യത്തെ ധീരരായ മാധ്യമ പ്രവര്‍ത്തകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും എല്ലാവരുടേയും പിന്തുണ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ചതിന്റെ പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി റാണാ അയ്യൂബിനെതിരേ വ്യാപക ആക്രമണമാണ് നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലെ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളാണ് റാണക്കെതിരേ പ്രചാരണം അഴിച്ചുവിട്ടത്.

കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ സംഘപരിവാര്‍ സൈബര്‍ ആക്രമണത്തിന് ഇരയാവുന്ന മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബിന് പിന്തുണയുമായി വനിതാ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മകള്‍ രംഗത്തെത്തി. റാണാ ആയ്യൂബിനെതിരായ കൂട്ടായ ആക്രമണം ഭയപ്പെടുത്തല്‍ തന്ത്രമാണെന്നും ഇതില്‍ അപലപിക്കുന്നതായും കൊളിഷന്‍ ഫോര്‍ വിമന്‍ ഇന്‍ ജേര്‍ണലിസം(സിഎഫ്ഡബ്ല്യൂഐജെ) പ്രസ്താവനയില്‍ പറഞ്ഞു.

കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് റാണക്കെതിരേ വിദ്വേഷ പ്രചാരണം തുടങ്ങിയത്. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് വ്യാപക വിദ്വേഷ പ്രചാരണവും ഭീഷണിയും ഉണ്ടായി. 'താന്‍ മുമ്പ് കണ്ടിട്ടില്ലാത്ത ഒരു കാര്യം' എന്നാണ് റാണാ അയ്യൂബ് ഇതിനെ വിശേഷിപ്പിച്ചത്. ഇന്ത്യയിലേയും വിദേശത്തുമുള്ള മാധ്യമ പ്രവര്‍ത്തകര്‍ വിദ്വേഷ പ്രചാരണത്തിന് ഇരായാകുന്നതായി സിഎഫ്ഡബ്ല്യൂഐജെ ചൂണ്ടിക്കാട്ടി.

വിവാദമായ കാര്‍ഷിക നിയമം കര്‍ഷക വിരുദ്ധമാണെന്നും കര്‍ഷകര്‍ വന്‍കിട കുത്തകകളുടെ ചൂഷണത്തിന് ഇരയാവുമെന്നും മാധ്യമ പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ പറഞ്ഞു. കാര്‍ഷിക വിപണികളില്‍ നിന്ന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കുന്നത് ദോഷം ചെയ്യും. ഇത്തരം കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേയാണ് പ്രക്ഷോഭം നടക്കുന്നത്. ഇതിനെ അനുകൂലിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ നീക്കം അപലപനീയമാണെന്നും മാധ്യമ കൂട്ടായ്മ പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it