Sub Lead

ഒരൂ സീറ്റിലും മല്‍സരിക്കുന്നില്ല; എങ്കിലും മഹാരാഷ്ട്രയില്‍ എംഎന്‍എസ് ആണ് താരം

വീഡിയോയുടെ സഹായത്തോട് കൂടി മോദിയെ പൊളിച്ചെഴുതുന്ന പ്രസംഗം സോഷ്യല്‍ മീഡിയയിലും കാര്‍ട്ടൂണുകളിലും വൈറലാവാന്‍ അധിക സമയം വേണ്ടിവന്നില്ല. അതിന് പിന്നാലെയാണ് ഭരണ കക്ഷിയായ ബിജെപിയുടെ വാര്‍ത്താ സമ്മേളനങ്ങളിലും പ്രസംഗങ്ങളിലുമെല്ലാം എംഎന്‍എസ് ഒരു പ്രധാന വിഷയമായത്.

ഒരൂ സീറ്റിലും മല്‍സരിക്കുന്നില്ല; എങ്കിലും മഹാരാഷ്ട്രയില്‍ എംഎന്‍എസ് ആണ് താരം
X

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ ഏപ്രില്‍ 6ന് നടന്ന പൊതുയോഗത്തില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ ലാവ്‌റേ തോ വീഡിയോ(വീഡിയോ ആരംഭിക്കൂ) എന്ന പ്രഖ്യാപനം നടത്തും മുമ്പ് അതിത്ര വലിയ സംഭവമാകുമെന്ന് ആരും കരുതിയിരുന്നില്ല. വീഡിയോയുടെ സഹായത്തോട് കൂടി മോദിയെ പൊളിച്ചെഴുതുന്ന പ്രസംഗം സോഷ്യല്‍ മീഡിയയിലും കാര്‍ട്ടൂണുകളിലും വൈറലാവാന്‍ അധിക സമയം വേണ്ടിവന്നില്ല. അതിന് പിന്നാലെയാണ് ഭരണ കക്ഷിയായ ബിജെപിയുടെ വാര്‍ത്താ സമ്മേളനങ്ങളിലും പ്രസംഗങ്ങളിലുമെല്ലാം എംഎന്‍എസ് ഒരു പ്രധാന വിഷയമായത്.

ടിആര്‍പി റേറ്റ് കൂട്ടാന്‍ ആഗ്രഹിക്കുന്ന വാര്‍ത്താ ചാനലുകളെല്ലാം രാജ് താക്കറെയിലേക്കു തിരിഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും അഭിമുഖങ്ങളും വരെ ലൈവായി. അതോടെ രാജ് താക്കറെയുടെ ബിജെപി വിരുദ്ധ ആശയങ്ങള്‍ സംസ്ഥാനത്തെ ഓരോ വീടുകളിലുമെത്തി. മല്‍സര രംഗത്തില്ലെങ്കിലും ഒരൊറ്റ മാസം കൊണ്ട് പ്രതിപക്ഷത്തിന്റെ സ്റ്റാര്‍ കാംപയ്‌നര്‍ ആയി രാജ് താക്കറെ മാറി.

കോണ്‍ഗ്രസ്-എന്‍സിപി സഖ്യം അധികാരത്തിലിരുന്നപ്പോള്‍ ഞാന്‍ അവരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ ആരാണ് അധികാരത്തിലുള്ളത്? മോദി ഗുജറാത്തിന്റെ പ്രധാനമന്ത്രിയല്ലെന്ന കാര്യം അദ്ദേഹം മറക്കുന്നു. അദ്ദേഹത്തിന്റെ നടപടികള്‍ ജനാധിപത്യത്തിന് ഭീഷണിയാണ്. 2014ല്‍ മോദി അല്‍കിയ വാഗ്ദാനങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്നതാണ് എന്റെ ചോദ്യം. ബിജെപിക്ക് അതിന് ഉത്തരമില്ല-എല്ലാ റാലികളിലും രാജ് താക്കറെയുടെ പ്രസംഗത്തിന്റെ കാതല്‍ ഇതാണ്.



ഇതിനകം 10 റാലികള്‍ താക്കറെ മഹാരാഷ്ട്രയില്‍ നടത്തി. ഓരോന്നിലും ആളുകള്‍ കൂടിവരികയാണ്. നരേന്ദ്ര മോദിയെന്ന മുഖ്യമന്ത്രിക്കു കീഴില്‍ ഗുജറാത്തിലുണ്ടായ വികസനം കാണാന്‍ 2011ല്‍ താക്കറെ അവിടം സന്ദര്‍ശിച്ചിരുന്നു. ഗുജറാത്ത് മാതൃകയെ പുകഴ്ത്തുകയും ചെയ്തിരുന്നു. എന്നാല്‍, 2014ല്‍ മോദി പ്രധാനമന്ത്രിയായതോട് കൂടി മറ്റു സംസ്ഥാനങ്ങളെയെല്ലാം ഗുജറാത്തിന് വേണ്ടി മോദി അവഗണിക്കുകയാണെന്ന ആരോപണവുമായി താക്കറെ രംഗത്തെത്തി. 2018ലെ ഭീമ-കൊരേഗാവ് സംഘര്‍ഷത്തിന് മുമ്പ് വര്‍ഗീയ സംഘര്‍ഷത്തിനുള്ള സാധ്യത എംഎന്‍എസ് നേതാവ് പ്രവചിച്ചിരുന്നു. പുല്‍വാമ ആക്രമണത്തിന് മാസങ്ങള്‍ക്കു മുമ്പാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജ്യം യുദ്ധത്തിലേക്ക് നീങ്ങുമെന്ന പ്രവചനം രാജ് താക്കറെ നടത്തിയത്.

മോദി-ഷാ സഖ്യത്തിനെതിരേ സംസാരിക്കാന്‍ നേതാക്കള്‍ ഭയക്കുന്നു എന്ന മിഥ്യാ ധാരണ പൊളിച്ചത് രാജ് താക്കറെയാണെന്ന് എംഎന്‍സ് രാഷ്ട്രീയത്തെക്കുറിച്ച് പഠിച്ചെഴുതിയ കൃതികുമാര്‍ ഷിന്‍ഡെ പറയുന്നു. അദ്ദേഹം മോദിയെ പൊളിച്ചെഴുതുകയും ബിജെപിയെ വെല്ലുവിളിക്കുകയും ചെയ്തു. പലപ്പോഴും കോണ്‍ഗ്രസിന് സാധിക്കാത്ത ഈ തന്റേടമാണ് രാജ് താക്കറെയെ ഇത്ര പെട്ടെന്ന് ജനപ്രിയനാക്കിയതെന്ന് ഷിന്‍ഡെ അഭിപ്രായപ്പെടുന്നു.

ശിവസേനാ നേതാവ് ബാല്‍ താക്കറെ മകന്‍ ഉദ്ദവ് താക്കറെയെ പിന്‍ഗമായാക്കിയതോടെ 2006ലാണ് എംഎന്‍എസ് രൂപീകരിക്കപ്പെട്ടത്. മണ്ണിന്റെ മക്കള്‍ വാദം കുറേക്കൂടി തീവ്രമായി ഉയര്‍ത്തുകയും ഉത്തരേന്ത്യക്കാര്‍ക്കെതിരേ അക്രമാസക്തമായി മുന്നോട്ടു പോവുകയും ചെയ്താണ് കുറഞ്ഞ കാലം കൊണ്ട് പാര്‍ട്ടി ചുവടുറപ്പിച്ചത്. 2009ല്‍ 13 നിയമസഭാ സീറ്റുകളില്‍ വിജയിച്ച എംഎന്‍സ് തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനം കാഴ്ച്ചവച്ചു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപി തരംഗത്തില്‍ എംഎന്‍എസ് ദുര്‍ബലമായി. അതിനു ശേഷം സംസ്ഥാന രാഷ്ട്രീയത്തിലേക്കൊരു തിരിച്ചുവരവിന് അവസരം കാത്തിരിക്കുകയായിരുന്നു രാജ് താക്കറെ. നിലവിലെ തിരഞ്ഞെടുപ്പിലെ ശിവസേന-ബിജെപി സഖ്യം അതിനുള്ള വഴിയൊരുക്കുകയായിരുന്നു. പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്റെ ദുര്‍ബലത കൂടി മുതലെടുത്താണ് എംഎന്‍എസിന്റെ കടന്നുകയറ്റം. ആറ് മാസത്തിനകം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മല്‍സര രംഗത്തു നിന്ന് മാറിനിന്നുകൊണ്ടുള്ള ഇപ്പോഴത്തെ ഈ പടയോട്ടം.

Next Story

RELATED STORIES

Share it