Sub Lead

മല്ല്യയും മോദിയും മാത്രമല്ല; തട്ടിപ്പു നടത്തി രാജ്യം വിട്ടതു 36 വ്യവസായികളെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മല്ല്യയും മോദിയും മാത്രമല്ല; തട്ടിപ്പു നടത്തി രാജ്യം വിട്ടതു 36 വ്യവസായികളെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
X

ന്യൂഡല്‍ഹി: അടുത്ത കാലത്തായി രാജ്യത്തു തട്ടിപ്പു നടത്തി വിദേശത്തേക്കു കടന്നതു 36 വ്യവസായികളെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). അഗസ്ത വെസ്റ്റ്‌ലാന്റ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ അറസ്റ്റിലായ സൂഷെന്‍ മോഹന്‍ ഗുപ്തയുടെ ജാമ്യാപേക്ഷക്കെതിരേ സമര്‍പിച്ച ഹരജിയിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. വിജയ് മല്ല്യ, നീരവ് മോദി, ലളിത് മോദി, മെഹുല്‍ ചോക്‌സി തുടങ്ങി 36 വ്യവസായ പ്രമുഖരാണ് അടുത്ത കാലത്തായി രാജ്യത്തു തട്ടിപ്പു നടത്തി വിദേശത്തേക്കു കടന്നത്. സമൂഹത്തിലും ഉദ്യോഗതലങ്ങളിലുമുള്ള ബന്ധങ്ങളുപയോഗിച്ചാണ് ഇവരെല്ലാം രാജ്യം വിട്ടത്. ഇവരുടെതു പോലെ തന്നെ വന്‍ സ്വാധീനമുള്ള വ്യക്തിയാണ് സൂഷെന്‍ മോഹന്‍ ഗുപ്തയും. ജാമ്യം നല്‍കിയാല്‍ ഗുപ്തയും രാജ്യം വിടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാമ്യാപേക്ഷ തള്ളണമെന്നും ഇഡി ആവശ്യപ്പെട്ടു. അഗസ്ത വെസ്റ്റ്‌ലാന്റ് കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. ഗുപ്തയുടെ ഡയറിയില്‍ പരാമര്‍ശിച്ചിട്ടുള്ള ആര്‍ജിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഈ സമയത്ത് ഗുപത്ക്കു ജാമ്യം നല്‍കുന്നത് അന്വേഷണം തടസ്സപ്പെടാനും തെളിവുകള്‍ നശിക്കാനും കാരണമാവുമെന്നും ഇഡി അഭിഭാഷകന്‍ സംവേദന വര്‍മ പറഞ്ഞു. വാദം കേട്ട കോടതി ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിനായി 20ലേക്കു മാറ്റി.

Next Story

RELATED STORIES

Share it