Sub Lead

പശ്ചിമബംഗാളില്‍ ഇടതുമുന്നണിക്ക് നിലനില്‍പാണ് പ്രശ്‌നം

34 വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച മുന്നണി ഇപ്പോള്‍ ഭൂതകാലത്തിന്റെ നിഴലില്‍ മാത്രമാണ് നിലനില്‍ക്കുന്നത്

പശ്ചിമബംഗാളില്‍ ഇടതുമുന്നണിക്ക് നിലനില്‍പാണ് പ്രശ്‌നം
X

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് ഏറെ നിര്‍ണായകമാണ് പശ്ചിമബംഗാള്‍. ഒരു കാലത്ത് സംസ്ഥാനത്തെ ഏറ്റവും ശക്തരായിരുന്ന ഇടതുമുന്നണി ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നത് നിലനില്‍പിന്റെ വിഷയമെന്ന നിലയില്‍ കൂടിയാണ്. 34 വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച മുന്നണി ഇപ്പോള്‍ ഭൂതകാലത്തിന്റെ നിഴലില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസുമായുള്ള സഖ്യ രൂപീകരണ ശ്രമം പരാജയപ്പെട്ടതും ഇത്തവണ ഇടതിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ പ്രധാനമല്‍സരം നടക്കുമെന്ന് വിലയിരുത്തപ്പട്ട രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള പരീക്ഷണങ്ങളിലേക്ക് ഇടതുമുന്നണി ചുവടുവച്ചിരുന്നു. തൃണമൂലും ബിജെപിയും ഇടത്-കോണ്‍ഗ്രസ് സഖ്യവുമെന്ന ത്രികോണ മല്‍സരത്തിലേക്ക് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സമവാക്യങ്ങള്‍ മാറുമെന്ന സൂചന നല്‍കിക്കൊണ്ടായിരുന്നു സഖ്യരൂപീകരണ വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ സഖ്യനീക്കം പാളുകയും കോണ്‍ഗ്രസും ഇതുപക്ഷവും ഒറ്റയ്ക്കു മല്‍സരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതോടെ ചതുഷ്‌കോണ മല്‍സരത്തിലേക്ക് സംസ്ഥാനത്തെ ലോക്‌സഭാാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറി. തനിച്ച് മല്‍സരിക്കുന്നതിന്റെ ദൗര്‍ബല്യത്തിലേക്ക് ഇടതുപക്ഷവും കോണ്‍ഗ്രസും എത്തിച്ചേര്‍ന്നു. തൃണമൂലിനും ബിജെപിക്കുമെതിരേ ശക്തമായ ബദല്‍ രൂപീകരിക്കാനുള്ള അവസരമാണ് ഇതോടെ ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും നഷ്ടടമായതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റുകളില്‍ 25 എണ്ണത്തിലേക്ക് ഇടതുപക്ഷം ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് സഖ്യചര്‍ച്ചകള്‍ ഉപേക്ഷിച്ചത്. ഇടതുപക്ഷത്തിന് വല്യേട്ടന്‍ മനോഭാവമാണെന്ന വിമര്‍ശനവും കോണ്‍ഗ്രസ് പക്ഷത്തുനിന്നുയര്‍ന്നിരുന്നു.

ചതുഷ്‌കോണ മല്‍സരത്തില്‍ നേട്ടം കൊയ്യുക തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയുമാണെന്നാണ് ബംഗാളില്‍ നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്ന സൂചന. ഇടത്-കോണ്‍ഗ്രസ് സഖ്യനീക്കം പരാാജയപ്പെട്ടത് തങ്ങള്‍ക്ക് നേട്ടമാവുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിലയിരുത്തല്‍. ന്യൂനപക്ഷ, മതനിരപേക്ഷ വോട്ടുകള്‍ ബിജെപിയിലേക്ക് പോവില്ലെന്ന ആത്മവിശ്വാസമാണ് ഇക്കാര്യത്തില്‍ തൃണമൂല്‍ പ്രകടിപ്പിക്കുന്നത്. തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനുമായി വിഭജിച്ചു പോവുന്നതും തങ്ങള്‍ക്ക് ഗുണകരമാണെന്നും തൃണമൂല്‍ വിലയിരുത്തുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റില്‍ 34ഇടത്തും തൃണമൂലാണ്് വിജയിച്ചത്. കോണ്‍ഗ്രസ് നാലിടത്തും ഇടതു മുന്നണിയും ബിജെപിയും രണ്ടുവീതം സീറ്റുകളിലും ജയിച്ചുകയറി. 2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പോള്‍ ചെയ്ത വോട്ടുകളില്‍ 38.93 ശതമാനം തൃണമൂലും 39.68 ശതമാനം ഇടതുപക്ഷവും നേടിയിരുന്നു. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ 2011നെ അപേക്ഷിച്ച് ഇടതുപക്ഷത്തിനു ലഭിച്ച വോട്ടുകളില്‍ 14 ശതമാനത്തിന്റെ കുറവാണുണ്ടായത്. തൃണമൂല്‍ വോട്ടുകള്‍ ആറ് ശതമാനവും കോണ്‍ഗ്രസ്് വോട്ടുകള്‍ മൂന്നു ശതമാനുവും വര്‍ധിച്ചു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 30 ശതമാനം വോട്ടുകള്‍ പോലും നേടാന്‍ ഇടതുമുന്നണിക്ക് സാധിച്ചിരുന്നില്ല. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിലേക്കും ബിജെപിയിലേക്കും സിപിഎം പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കും തുടരുന്നുണ്ട്. തങ്ങളുടെ ഏറ്റവും കടുപ്പമേറിയ തിരഞ്ഞെടുപ്പ് പോരാട്ടമാണ് ഇത്തവണത്തേതതെന്നാണ് ഇടതുനേതാക്കള്‍ അഭിപ്രായപ്പെടുന്നത്.




Next Story

RELATED STORIES

Share it