Sub Lead

ഓച്ചിറ സിഐ വിനോദ് മഹല്ല് മുതവല്ലിയെയും മുഅദ്ദിനെയും മര്‍ദ്ദിച്ചതിന് നടപടി നേരിട്ട ഉദ്യോഗസ്ഥന്‍

ഓച്ചിറ സിഐ വിനോദ് മഹല്ല് മുതവല്ലിയെയും മുഅദ്ദിനെയും മര്‍ദ്ദിച്ചതിന് നടപടി നേരിട്ട ഉദ്യോഗസ്ഥന്‍
X

പി സി അബ്ദുല്ല

കോഴിക്കോട്: വാഹനപരിശോധനയ്ക്കിടെ മുസ്‌ലിം സ്ത്രീയോടും കുടുംബത്തോടും അപമര്യാദയായി പെരുമാറിയ കൊല്ലം ഓച്ചിറ സിഐ നേരത്തെയും പ്രശ്‌നക്കാരന്‍. ഇയാള്‍ക്കെതിരായ ആക്ഷേപങ്ങളെ സാധൂകരിക്കുന്ന കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. രണ്ടുവര്‍ഷം മുമ്പ് കുറ്റിയാടി സിഐ ആയിരിക്കെ വിനോദ് മഹല്ല് മുതവല്ലിയെയും മുഅദ്ദിനെയും മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി നേരിട്ടതിന്റെ വിവരങ്ങള്‍ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് സിഐ വിനോദിനെതിരേ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ രേഖകളും തേജസ് ന്യൂസിന് ലഭിച്ചു.

കുറ്റിയാടി അടുക്കത്ത് നെരയങ്കോട്ട് ജുമാ മസ്ജിദ് മുതവല്ലി എന്‍ ശരീഫിനെയും മുഅദ്ദിന്‍ സുലൈമാന്‍ മുസ്‌ല്യാരെയുമാണ് കുറ്റിയാടി സിഐ ആയിരുന്ന വിനോദ് പള്ളിയുടെ കവാടത്തില്‍വച്ചു മര്‍ദ്ദിച്ചത്. ഒന്നാം കൊവിഡ് കാലത്തെ ബലിപ്പെരുന്നാള്‍ ദിവസം പുലര്‍ച്ചെയായിരുന്നു മര്‍ദ്ദനം. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം പള്ളിയാല്‍ പെരുന്നാള്‍ നമസ്‌കാരമുണ്ടാവില്ലെന്ന നോട്ടീസ് പള്ളി ചുവരില്‍ പതിക്കാനെത്തിയപ്പോഴാണ് സിഐ വിനോദ് പോലിസ് വാഹനത്തില്‍നിന്ന് ചാടിയിറങ്ങി മഹല്ല് മുതവല്ലിയെയും പള്ളി മുഅദ്ദിനെയും മര്‍ദ്ദിച്ചത്.

പള്ളിയില്‍ പെരുന്നാള്‍ നമസ്‌കാരം നടക്കുമെന്ന വ്യാജപ്രചാരത്തിന്റെ പശ്ചാത്തലത്തിലാണ് മുതവല്ലി പുലര്‍ച്ചെ പള്ളിയില്‍ നോട്ടീസ് പതിക്കാന്‍ പോയത്. കാര്യങ്ങള്‍ ചോദിച്ചറിയും മുമ്പെ സിഐ വിനോദ് അന്ന് തന്നെയും മുഅദ്ദിനെയും ലാത്തി ഉപയോഗിച്ച് ഭീകരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എന്‍ ശരീഫ് തേജസിനോട് പറഞ്ഞു. പ്രദേശത്തെ പരമ്പരാഗത സിപിഎം അംഗം കൂടിയാണ് ശരീഫ്. സിഐ വിനോദിന്റെ നടപടി പ്രദേശത്ത് വലിയ വികാരം സൃഷ്ടിച്ചിരുന്നു. വിനോദിനെ അന്നുതന്നെ വടകര കണ്‍ട്രോള്‍ റൂമിലേക്ക് സ്ഥലം മാറ്റിയതിനാല്‍ പ്രത്യക്ഷ പ്രതിഷേധങ്ങള്‍ ഒഴിവായി.

വിനോദിനെതിരേ നടപടിയാവശ്യപ്പെട്ട് ശരീഫ് ജില്ലാ പോലിസ് മേധാവിക്ക് അന്ന് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. പരാതിക്കാരുടെ മൊഴിയെടുക്കാതെയും പ്രദേശത്ത് അന്വേഷണം നടത്താതെയും ആരോപണവിധേയനെ മാത്രം കേട്ട് അന്വേഷണം അവസാനിപ്പിക്കുകയാണ് കോഴിക്കോട് ജില്ലാ പോലിസ് മേധാവി ചെയ്തത്.

തുടര്‍ന്ന്, സിഐ വിനോദിനെതിരേ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ശരീഫ് ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കി. കോഴിക്കോട് ജില്ലയ്ക്കു പുറത്തുള്ള എസ്പി തലത്തിലുള്ള ഉദ്യേഗസ്ഥന്‍ അന്വേഷണം നടത്തണമന്ന് 2020 സപ്തംബറില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവിട്ടു. അന്വേഷണത്തിന്റെ ഭാഗമായി ഒരുവര്‍ഷം മുമ്പ് വയനാട് ജില്ലാ പോലിസ് ചീഫ് ശരീഫിന്റെ മൊഴിയെടുത്തിരുന്നു. എന്നാല്‍, പരാതിക്കാരന്‍ ഉറച്ച മൊഴി നല്‍കിയ ശേഷം സിഐ വിനോദിനെതിരായ അന്വേഷണം അട്ടിമറിഞ്ഞു എന്നാണ് സൂചന. അന്വേഷണം സംബന്ധിച്ച വിവരങ്ങളൊന്നും പിന്നീട് ശരീഫിനെ ആരും അറിയിച്ചിട്ടില്ല.

ഓച്ചിറ സിഐ വിനോദ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് അഫ്‌സല്‍ എന്ന യുവാവ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. മുഖ്യധാരാ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കിയിരുന്നു. പര്‍ദ്ദധാരിയായ ഉമ്മയ്ക്ക് വസ്ത്രത്തിന്റെ പേരില്‍ പോലിസില്‍നിന്നും ദുരനുഭവമുണ്ടായെന്നും വിനോദ് 'സംഘി പോലിസ്' ആണെന്നും യുവാവ് ആരോപിച്ചിരുന്നു.

എന്നാല്‍, വാദിയെ പ്രതിയാക്കുന്ന തരത്തിലും സിഐ വിനോദിനെ മഹത്വവത്കരിക്കുന്ന തരത്തിലുമാണ് പിന്നീട് സോഷ്യല്‍ മീഡിയകളില്‍ ചിലര്‍ രംഗത്തുവന്നത്. സിഐ വിനോദിനെതിരേ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്ന വിവരം പുറത്തുവന്നത് 'സംഘി പോലിസി'നെ പ്രതിരോധിക്കാനുള്ള ചിലരുടെ സംഘടിതനീക്കങ്ങള്‍ക്ക് തിരിച്ചടിയാവും.

Next Story

RELATED STORIES

Share it