Sub Lead

എസ്‌സി-എസ്ടി-ഒബിസി പാനലുകളുടെ വാര്‍ഷിക റിപോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുന്നുവെന്ന് റിപോര്‍ട്ട്

എസ്‌സി-എസ്ടി-ഒബിസി പാനലുകളുടെ വാര്‍ഷിക റിപോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുന്നുവെന്ന് റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: രാജ്യത്തെ എസ്‌സി-എസ്ടി, ഒബിസി കമ്മീഷനുകളുടെ വാര്‍ഷിക റിപോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുന്നില്ലെന്ന് റിപോര്‍ട്ട്. പട്ടികജാതിക്കാര്‍ക്കുള്ള ദേശീയ കമ്മീഷനും(എന്‍സിഎസ്‌സി) പട്ടികവര്‍ഗക്കാര്‍ക്കുള്ള ദേശീയ കമ്മീഷനും (എന്‍സിഎസ്ടി) കഴിഞ്ഞ രണ്ടു വര്‍ഷമായി റിപോര്‍ട്ട് രാഷ്ട്രപതിക്ക് നല്‍കിയിട്ടില്ല. പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള ദേശീയ കമ്മീഷന്‍(എന്‍സിബിസി) മൂന്നുവര്‍ഷമായി റിപോര്‍ട്ടുകള്‍ നല്‍കിയിട്ടില്ല.

ഈ മൂന്നുവിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടപ്പാക്കിയ കാര്യങ്ങള്‍ കമ്മീഷനുകള്‍ എല്ലാ വര്‍ഷവും രാഷ്ട്രപതിക്ക് റിപോര്‍ട്ട് ചെയ്യണമെന്നാണ് വ്യവസ്ഥ. സമുദായങ്ങളുടെ സംരക്ഷണത്തിന് വേണ്ട നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ശുപാര്‍ശ ചെയ്യാന്‍ ഈ വ്യവസ്ഥ കമ്മീഷനുകള്‍ക്ക് അധികാരവും നല്‍കുന്നു. മുന്‍കാലങ്ങളില്‍ കമ്മീഷനുകള്‍ നല്‍കിയ റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് രാഷ്ട്രപതി നിര്‍ദേശം നല്‍കുമായിരുന്നു. സംവരണം, ക്രീമിലെയര്‍ പരിധി, സമുദായങ്ങളുടെ തരംതിരിവ്, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങളിലാണ് ശുപാര്‍ശകള്‍ നല്‍കിയിരുന്നത്.

എന്‍സിഎസ്‌സിയുടെ 2022-23 കാലത്തെ വാര്‍ഷിക റിപോര്‍ട്ട് 2023 ഫെബ്രുവരിയില്‍ തന്നെ രാഷ്ട്രപതിക്ക് കൈമാറിയെങ്കിലും അത് ഇതുവരെ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വച്ചിട്ടില്ല. എന്‍സിഎസ്ടിയുടെ 2018 മുതല്‍ 2023 വരെയുള്ള റിപോര്‍ട്ടുകളും രാഷ്ട്രപതി പാര്‍ലമെന്റിലേക്ക് അയച്ചിട്ടില്ല. ഈ റിപോര്‍ട്ടുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ മാത്രമേ റിപോര്‍ട്ടിന്റെ പകര്‍പ്പുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാവൂ. ഇതിലൂടെ മാത്രമേ വിവിധ സമുദായങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ രാജ്യത്തിന് അറിയാനാവൂ.

Next Story

RELATED STORIES

Share it