Sub Lead

പാലത്തായി ബാലികാ പീഡനക്കേസ്: ക്രൈം ബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

പാലത്തായി ബാലികാ പീഡനക്കേസ്: ക്രൈം ബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു
X

കണ്ണൂര്‍: പാനൂരിനു സമീപം പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകനായ ബിജെപി നേതാവ് പീഡിപ്പിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേസില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ക്രൈം ബ്രാഞ്ച് മലപ്പുറം എസ്പി കെവി സന്തോഷ് കുമാറാണ് അന്വേഷണ സംഘ തലവന്‍. നാലാം ക്ലാസുകാരിയെ അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ കുനിയില്‍ പത്മരാജന്‍ പീഡിപ്പിച്ച കേസിന്റെ അന്വേഷണം കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നത്. ഇക്കഴിഞ്ഞ 15നാണ് പത്മരാജന്‍ പൊയ്‌ലൂരിലെ ബന്ധുവായ ബിജെപി നേതാവിന്റെ വീട്ടില്‍നിന്നു പോലിസ് പിടിയിലായത്. ഇത്രയും ദിവസമായിട്ടും കേസന്വേഷിച്ച തലശ്ശേരി ഡി വൈഎസ്പി വേണുഗോപാലും സംഘവും പോലിസ് കസ്റ്റഡിയില്‍ വാങ്ങാന്‍ പോലും തയ്യാറായിരുന്നില്ല. ഇതിനിടെ, പോലിസ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച പെണ്‍കുട്ടിയുടെ കുടുംബം ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. തുടക്കംമുതല്‍ പോലിസ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി തെളിവുകള്‍ പുറത്തുവന്നിരുന്നു.

നാലാം ക്ലാസുകാരിയെ അധ്യാപകന്‍ കുനിയില്‍ പത്മരാജന്‍ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ചെന്നായണു പരാതി. ഇക്കഴിഞ്ഞ മാര്‍ച്ച് 17നു പരാതി നല്‍കുകയും പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ റിപോര്‍ട്ടില്‍ വ്യക്തമാവുകയും ചെയ്തിരുന്നെങ്കിലും ഒരു മാസം കഴിഞ്ഞ്, സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാവുകയും സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തതോടെയാണ് അറസ്റ്റിനു നിര്‍ബന്ധിതമായത്. അധ്യാപകന്‍ പീഡിപ്പിച്ചെന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ കുട്ടി രഹസ്യമൊഴിയും നല്‍കിയിരുന്നു.

തലശ്ശേരി സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി കുറ്റം സമ്മതിച്ചിട്ടില്ലെന്നായിരുന്നു പോലിസ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, പോക്‌സോ കേസിലെ മാനദണ്ഡങ്ങളെല്ലാ കാറ്റില്‍പ്പറത്തി നടത്തിയ അന്വേഷണത്തില്‍, കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലും അപേക്ഷ നല്‍കാത്ത പോലിസ് നടപടി സംശയകരമാണെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഐജി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ ക്രൈം ബ്രാഞ്ച് മലപ്പുറം എസ്പി കെവി സന്തോഷ് കുമാറിന്റെ കീഴിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.


Next Story

RELATED STORIES

Share it