Sub Lead

പാനായിക്കുളം കേസ്: ജയില്‍ മോചിതരായ യുവാക്കള്‍ക്ക് എന്‍ഐഎ അപ്പീലില്‍ സുപ്രിം കോടതി നോട്ടീസ്

ഏപ്രില്‍ 12 ലെ ഹൈക്കോടതി വിധിക്കെതിരെയാണ് എന്‍ഐഎ സുപ്രിം കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ശിക്ഷിച്ച 5 പ്രതികള്‍ കുറ്റക്കാരല്ലെന്നു കണ്ടു ഹൈക്കോടതി വിട്ടയച്ചിരുന്നു. ഇതേക്കുറിച്ചു കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അഭിപ്രായം തേടിയ ശേഷമാണ് എന്‍ഐഎ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്.

പാനായിക്കുളം കേസ്: ജയില്‍ മോചിതരായ യുവാക്കള്‍ക്ക് എന്‍ഐഎ അപ്പീലില്‍ സുപ്രിം കോടതി നോട്ടീസ്
X

ന്യൂഡല്‍ഹി: ആലുവ പാനായിക്കുളം കേസില്‍ പ്രതികളെ വിട്ടയച്ച ഹൈക്കോടതി വിധിക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സമര്‍പ്പിച്ച ഹരജിയില്‍ വെറുതെ വിടപ്പെട്ട അഞ്ച് യുവാക്കള്‍ക്ക് സുപ്രിം കോടതി നോട്ടിസ് അയച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് നല്‍കിയത്.

ഏപ്രില്‍ 12 ലെ ഹൈക്കോടതി വിധിക്കെതിരെയാണ് എന്‍ഐഎ സുപ്രിം കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ശിക്ഷിച്ച 5 പ്രതികള്‍ കുറ്റക്കാരല്ലെന്നു കണ്ടു ഹൈക്കോടതി വിട്ടയച്ചിരുന്നു. ഇതേക്കുറിച്ചു കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അഭിപ്രായം തേടിയ ശേഷമാണ് എന്‍ഐഎ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്. എന്‍ഐഎക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി.

പാനായിക്കുളം കേസിന്റെ അപ്പീല്‍ അസമിലെ 2007ലെ ടാഡ കേസിന്റെ അപ്പീലുമായി ചേര്‍ത്തു വയ്ക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അഞ്ചുപേരെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തില്ല. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. കേരളത്തിലെ പാനായിക്കുളം കേസും അസമിലെ നിരോധിത സംഘടനായ ഉള്‍ഫയുടെ അംഗമാണെന്ന് ആരോപിച്ച് ടാഡ കോടതി ശിക്ഷിച്ച അനൂപ് ഭൂയാനെ കുറ്റവിമുക്തനാക്കിയതിനെതിരായ അപ്പീലും ഒരുമിച്ചു കേള്‍ക്കുമെന്നാണ് ഉത്തരവിലുള്ളത്. ഈ മാസം ഒമ്പതിന് സുപ്രിം കോടതി പരിഗണിച്ച കേസാണിത്.

ഈരാറ്റുപേട്ട നടയ്ക്കല്‍ പീടിയേക്കല്‍ പി എ ഷാദുലി, ഈരാറ്റുപേട്ട നടയ്ക്കല്‍ പേരകത്തുശേരില്‍ അബ്ദുല്‍ റാസിക്ക്, ആലുവ കുഞ്ഞുണ്ണിക്കര പെരുന്തോലില്‍ അന്‍സാര്‍ നദ്‌വി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട കടുവാമൂഴി അമ്പലത്തിങ്കല്‍ വീട്ടില്‍ ഷമ്മാസ് എന്നിവരെയാണ് ഹൈക്കോടതി വിട്ടയച്ചത്.

ആലുവ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ 2006 ആഗസ്ത് 15ന് നടത്തിയ പൊതുപരിപാടി സിമി ക്യാംപാണെന്ന് ആരോപിച്ചായിരുന്നു കേസെടുത്തത്. കേരള പോലിസ് അന്വേഷിച്ച കേസ് പിന്നീട് 17 പേരെ പ്രതിയാക്കി എന്‍ഐഎക്ക് കൈമാറുകയായിരുന്നു. ഇതില്‍ 11 പേരെയും വിചാരണക്കോടതി തന്നെ വെറുതെവിട്ടിരുന്നു. തുടര്‍ന്ന് അഞ്ചുപേരെ കുറ്റക്കാരായി വിധിച്ച എന്‍ഐഎ കോടതിക്ക് ഗുരുതര പിഴവ് സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അവരെ വെറുതെവിട്ടത്. ഇതിനെതിരേയാണ് എന്‍ഐഎ സുപ്രിംകോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it