Sub Lead

'ഞങ്ങളുടെ ജനപ്രിയ, ദര്‍ശനാത്മക നേതാവ്'; മോദി സ്തുതിയുമായി സുപ്രിംകോടതി ജഡ്ജി എം ആര്‍ ഷാ

2018ല്‍ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എം ആര്‍ ഷാ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ, പ്രധാനമന്ത്രി മോദിയെ തന്റെ 'മോഡലും ഹീറോയും' എന്ന് വിശേഷിപ്പിച്ചിരുന്നു

ഞങ്ങളുടെ ജനപ്രിയ, ദര്‍ശനാത്മക നേതാവ്; മോദി സ്തുതിയുമായി സുപ്രിംകോടതി ജഡ്ജി എം ആര്‍ ഷാ
X
അഹമ്മദാബാദ്: ഗുജറാത്ത് ഹൈക്കോടതിയിലെ വജ്ര ജൂബിലി ദിനാചരണത്തിനിടെ മോദി സ്തുതിയുമായി സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് എം ആര്‍ ഷാ. വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അനുസ്മരണ സ്റ്റാമ്പ് പുറത്തിറക്കുന്ന വെര്‍ച്വല്‍ ചടങ്ങിലാണ് നരേന്ദ്രമോദിയെ പുകഴ്ത്തിയത്. 'ഞങ്ങളുടെ ഏറ്റവും ജനപ്രീതിയുള്ള, പ്രിയപ്പെട്ട, ഊര്‍ജ്ജസ്വലനായ, ദര്‍ശനാത്മക നേതാവ്' എന്നായിരുന്നു വിശേഷണം.

60 വര്‍ഷം പൂര്‍ത്തിയാവുന്ന ഗുജറാത്ത് ഹൈക്കോടതിയുടെ സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്ന ഈ സുപ്രധാന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ എനിക്ക് സന്തോഷവും അഭിമാനമുണ്ട്, അതും നമ്മുടെ ഏറ്റവും ജനപ്രിയവും പ്രിയപ്പെട്ടതും ഊര്‍ജ്ജസ്വലനും ദര്‍ശനാത്മകവുമായ നേതാവ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദഭായ് മോദിക്കൊപ്പം പങ്കെടുക്കുന്നതില്‍ എന്നായിരുന്നു ജസ്റ്റിസ് എം ആര്‍ ഷായുടെ പ്രസംഗം. മാത്രമല്ല, ഗുജറാത്ത് ഹൈക്കോടതിയെ തന്റെ കര്‍മ്മഭൂമി എന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് ഷാ, അധികാര വിഭജനം എന്ന ഭരണഘടനാ സങ്കല്‍പ്പത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.

'നമ്മുടെ ഭരണഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട സിദ്ധാന്തങ്ങളിലൊന്നാണ് ജുഡീഷ്യറി, എക്‌സിക്യൂട്ടീവ്, നിയമസഭ എന്നിവ തമ്മിലുള്ള അധികാര വിഭജനം. ഈ മൂന്ന് വിഭാഗങ്ങളും അതാത് മേഖലകളില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗുജറാത്ത് ഹൈക്കോടതി എല്ലായ്‌പ്പോഴും ഇത് ഉയര്‍ത്തിപ്പിടിച്ചെന്ന് ഞാന്‍ അഭിമാനിക്കുന്നു. അതിന്റെ സമഗ്രത കാരണം ലക്ഷ്മണ രേഖ മറികടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

22 വര്‍ഷമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയും 14 വര്‍ഷം ജഡ്ജിയായി സേവനമനുഷ്ഠിക്കുകയും ചെയ്ത ഗുജറാത്ത് ഹൈക്കോടതി മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ അശ്രാന്ത പരിശ്രമം നടത്തിയെന്നും എല്ലായ്‌പ്പോഴും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ഹൈക്കോടതിയാണ് രാജ്യത്ത് ആദ്യത്തെ ലോക് അദാലത്ത് സംഘടിപ്പിച്ചത്. യൂട്യൂബില്‍ വെര്‍ച്വല്‍ ഹിയറിങ് നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്ന രാജ്യത്തെ ഏക കോടതിയാണിത്. ജുഡീഷ്യറി ഇന്ന് സത്യത്തിന്റെയും പ്രത്യാശയുടെയും ഒരു വിളക്കുമാടമായി നിലകൊള്ളുന്നു. ഗുജറാത്ത് ഹൈക്കോടതിയുടെ ചരിത്രം വളരെ വിപുലമാണ്. ഞാനത് വിവരിക്കാന്‍ തുടങ്ങിയാല്‍ ദിവസം മുഴുവന്‍ വേണ്ടിവരും. ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട, മാന്യനായ, പ്രധാനമന്ത്രിയെ കേള്‍ക്കാനുള്ളതിനാല്‍, ഞാന്‍ വിഷയം ചുരുക്കി ആശംസകള്‍ നേരുകയാണെന്നും പറഞ്ഞാണ് ജസ്റ്റിസ് ഷാ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

2018ല്‍ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എം ആര്‍ ഷാ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ, പ്രധാനമന്ത്രി മോദിയെ തന്റെ 'മോഡലും ഹീറോയും' എന്ന് വിശേഷിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര ഒരു പൊതു ചടങ്ങില്‍ സംസാരിക്കവേ ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വൈവിധ്യമാര്‍ന്ന പ്രതിഭയാണ് മോദി എന്ന് പറഞ്ഞത് വിവാദമായിരുന്നു. ജസ്റ്റിസ് മിശ്രയുടെ അഭിപ്രായം ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെ മോശമായി പ്രതിഫലിപ്പിക്കുന്നുവെന്ന് വിമര്‍ശിച്ച് സുപ്രിം കോടതി ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കിയിരുന്നു.

രാജ്യത്തോടുള്ള പ്രതിബദ്ധത മൂലമാണ് പ്രധാനമന്ത്രി വന്‍തോതില്‍ ജനപ്രീതി നേടിയതെന്ന് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. പ്രധാനമന്ത്രി ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സമ്മതമറിയിച്ചതിനാല്‍ ഇത് ചരിത്രപരമായ അവസരമാണെന്നായിരുന്നു ചടങ്ങില്‍ പങ്കെടുത്ത സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ പുകഴ്ത്തല്‍. അദ്ദേഹത്തിന്റെ ഊര്‍ജ്ജ്വസ്വലമായ നേതൃത്വത്തിനു കീഴില്‍ നമ്മുടെ മഹത്തായ രാഷ്ട്രം ലോകഗുരുവാകാനുള്ള യാത്ര തുടങ്ങിയതായും തുഷാര്‍ മേത്ത പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സംബന്ധിച്ചു.

'PM Modi Most Loved, Popular, Vibrant & Visionary Leader' : SC Judge Justice MR Shah

Next Story

RELATED STORIES

Share it