Sub Lead

അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ തടയണ ഉടന്‍ പൊളിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

അടിയന്തിരമായി തടയണയുടെ ഒരു ഭാഗം തുറന്ന് വെള്ളം പൂര്‍ണമായും ഒഴുക്കിവിടണമെന്നും കാട്ടരുവിയുടെ സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്തണമെന്നും ഏപ്രില്‍ 10നുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ അന്‍വറിന്റെ ഭാര്യാപിതാവ് വീഴ്ച വരുത്തിയതായി നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാന്‍ തേടിയ ഒരാഴ്ചക്കാലത്തെ സാവകാശം കഴിഞ്ഞിട്ടും വെള്ളം തുറന്നുവിടാത്ത സാഹചര്യത്തിലാണ് കോടതി ഈ ചുമതല കളക്ടര്‍ക്കു കൈമാറിയത്

അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ തടയണ ഉടന്‍ പൊളിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
X

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ച് വെള്ളം തുറന്നുവിടാനുള്ള ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് പൊളിക്കാനുള്ള നടപടി സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി ഉത്തരവ് നല്‍കി. ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ ഇക്കാര്യത്തില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ അടക്കമുള്ളവ സംബന്ധിച്ച് മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇനിയൊരു ദുരന്തം നേരിടാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റായ് എകെ ജയങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കാന്‍ 10 ദിവസത്തിലധികം സമയമെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു.



അടിയന്തിരമായി തടയണയുടെ ഒരു ഭാഗം തുറന്ന് വെള്ളം പൂര്‍ണമായും ഒഴുക്കിവിടണമെന്നും കാട്ടരുവിയുടെ സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്തണമെന്നും ഏപ്രില്‍ 10നുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ അന്‍വറിന്റെ ഭാര്യാപിതാവ് വീഴ്ച വരുത്തിയതായി നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാന്‍ തേടിയ ഒരാഴ്ചക്കാലത്തെ സാവകാശം കഴിഞ്ഞിട്ടും വെള്ളം തുറന്നുവിടാത്ത സാഹചര്യത്തിലാണ് കോടതി ഈ ചുമതല കളക്ടര്‍ക്കു കൈമാറിയത്.

ഇതുവരെയും തടയണയിലെ വെള്ളം തുറന്നുവിട്ട് സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിച്ചിട്ടില്ലെന്ന് ഫോട്ടോകള്‍ സഹിതം പരാതിക്കാരന്‍ എംപി വിനോദിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബെച്ചുകുര്യന്‍ തോമസ്, ജോര്‍ജ് എ ചെറിയാന്‍ എന്നിവര്‍ കോടതിയെ അറിയിച്ചു.

കോടതി ഉത്തരവുകള്‍ യഥാസമയം കക്ഷിയെ അറിയിച്ചിട്ടുണ്ടെന്ന് അന്‍വറിന്റെ ഭാര്യാപിതാവിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി. തടണയുടെ ഒരു ഭാഗം മാത്രം പൊളിച്ചിട്ടുള്ളൂവെന്നും വ്യക്തതക്കായി കളക്ടറോട് റിപ്പോര്‍ട്ട് തേടാമെന്നും സ്‌റ്റേറ്റ് അറ്റോര്‍ണി കെവി സോഹന്‍ അറിയിച്ചു.

എന്നാല്‍ ഇനി ഒരു ദുരന്തം നേരിടാനാവില്ലെന്നും തടയണപൊളിച്ച് വെള്ളം തുറന്നുവിടാനുള്ള ഉത്തരവ് കളക്ടര്‍ നടപ്പാക്കണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.

രണ്ടാഴ്ചക്കകം തടയണയിലെ വെള്ളം പൂര്‍ണ്ണമായും ഒഴുക്കിവിടണമെന്ന കഴിഞ്ഞ വര്‍ഷം ജൂലൈ 10ന് ഹൈക്കോടതി നല്‍കിയ ഉത്തരവ് 10 മാസം കഴിഞ്ഞിട്ടും നടപ്പാക്കിയിരുന്നില്ല. ഇക്കാര്യം പരാതിക്കാരന്‍ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് തടയണയിലെ വെള്ളം അടിയന്തിരമായി തുറന്നുവിടാനും കാട്ടരുവിയുടെ സ്വാഭാവിക നീരൊഴുക്ക് നിലനിര്‍ത്താനും ഇക്കഴിഞ്ഞ എപ്രില്‍ 10ന് ഉത്തരവിട്ടത്. ഈ ഉത്തരവും പാലിക്കപ്പെടാതായതോടെയാണ് ഹൈക്കോടതി 30തിനകം തന്നെ തടയണപൊളിച്ച് വെള്ളം തുറന്നുവിടണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയത്. ഇതും പാലിക്കപ്പെട്ടില്ല.

മണ്‍സൂണ്‍ മഴക്കുമുമ്പ് തടയണ പൊളിച്ചു നീക്കണമെന്ന് സര്‍ക്കാര്‍ വിദഗ്ദസമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തടയണയുടെ താഴ്ഭാഗത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്കും വനത്തിനും വന്യജീവികള്‍ക്കും പ്രകൃതിക്കും തടയണ കനത്ത ഭീഷണിയാണെന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 10 ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ദസമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ചീങ്കണ്ണിപ്പാലിയില്‍ പിവി അന്‍വര്‍ കരാര്‍ പ്രകാരം കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞ്് തടയണകെട്ടിയത്. ഇത് പൊളിച്ചുനീക്കാന്‍ 2015 സപ്തംബര്‍ ഏഴിന് അന്നത്തെ കളക്ടര്‍ ടി ഭാസ്‌ക്കരന്‍ ഉത്തരവിട്ടപ്പോള്‍ തടയണകെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. വീണ്ടും പരാതി ഉയര്‍ന്നതോടെ ദുരന്തനിവാരണ നിയമപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണപൊളിക്കാന്‍ 2017 ഡിസംബര്‍ എട്ടിന് മലപ്പുറം കളക്ടര്‍ അമിത് മീണ ഉത്തരവിട്ടു. തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നു കാണിച്ച് അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് തടയണ പൊളിക്കുന്നത് താല്‍ക്കാലികമായി സ്‌റ്റേ ചെയ്യുകയായിരുന്നു.



കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ എംഎല്‍എയുടെ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ എംപി വിനോദ് ഹൈക്കോടതിയെ സമീപിച്ച് കേസില്‍ കക്ഷിചേരുകയായിരുന്നു.



കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് 2003 ലംഘിച്ച് ഒരു അനുമതിയും നേടാതെ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ നിയമവിരുദ്ധമായാണ് വനത്തില്‍ നിന്നും ഉല്‍ഭവിച്ച് വനത്തിലേക്ക് ഒഴുകുന്ന കാട്ടരുവിയില്‍ തടയണകെട്ടിയതെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തടയണ തകര്‍ന്നാല്‍ കരിമ്പ് ആദിവാസി കോളനിയിലെ 20 കുടുംബങ്ങളുടെ സ്വത്തിനും ജീവനും നഷ്ടമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it