Sub Lead

സിദ്ധീഖ് കാപ്പനെ മറ്റൊരു മഅ്ദനിയാക്കാനുള്ള നീക്കമെന്ന് ഭാര്യ റൈഹാനത്ത്

അറസ്റ്റ് വിവരം കാപ്പന്റെ അമ്മാവനെ അറിയിച്ചെന്ന യുപി പോലിസ് വാദം പച്ചക്കള്ളമാണെന്നും അദ്ദേഹത്തിന് അമ്മാവനില്ലെന്നും റൈഹാനത്ത് വ്യക്തമാക്കി. അറസ്റ്റ് മുതല്‍ നടന്ന നിയമലംഘനങ്ങള്‍ മറച്ചുവയ്ക്കാനാണ് കോടതിയില്‍ പോലിസ് ഇക്കാര്യം പറഞ്ഞതെന്നും റൈഹാനത്ത് പറഞ്ഞു.

സിദ്ധീഖ് കാപ്പനെ മറ്റൊരു മഅ്ദനിയാക്കാനുള്ള നീക്കമെന്ന് ഭാര്യ റൈഹാനത്ത്
X

മലപ്പുറം: ഉത്തര്‍ പ്രദേശ് പോലിസ് കള്ളക്കേസില്‍ കുടുക്കി തുറങ്കിലടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന്റെ മോചനം വൈകിപ്പിക്കാനുള്ള നീക്കങ്ങള്‍ മറ്റൊരു മഅ്ദനിയെ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ എന്ന് ഭയപ്പെടുന്നതായി ഭാര്യ റൈഹാനത്ത്. കാപ്പന്റെ ജാമ്യ ഹരജി ഇന്ന് പരിഗണിച്ച സുപ്രിംകോടതി കേസ് അടുത്ത ആഴ്ചയിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഭാര്യയുടെ പ്രതികരണം.

ഉയര്‍ന്ന ജാതിക്കാരെന്ന് അവകാശപ്പെടുന്നവരുടെ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഹാഥ്‌റസിലേക്ക് പോവുന്നതിനിടെയാണ് യുപി പോലിസ് സിദ്ധീഖ് കാപ്പനെ കസ്റ്റഡിയിലെടുക്കുകയും യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി തുറങ്കിലടയ്ക്കുകയും ചെയ്തത്.

അറസ്റ്റ് വിവരം കാപ്പന്റെ അമ്മാവനെ അറിയിച്ചെന്ന യുപി പോലിസ് വാദം പച്ചക്കള്ളമാണെന്നും അദ്ദേഹത്തിന് അമ്മാവനില്ലെന്നും റൈഹാനത്ത് വ്യക്തമാക്കി. അറസ്റ്റ് മുതല്‍ നടന്ന നിയമലംഘനങ്ങള്‍ മറച്ചുവയ്ക്കാനാണ് കോടതിയില്‍ പോലിസ് ഇക്കാര്യം പറഞ്ഞതെന്നും റൈഹാനത്ത് പറഞ്ഞു.

ഇരട്ടനീതിയാണ് സുപ്രിംകോടതിയുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്ന് അര്‍ണബിന്റേ കേസ് ചൂണ്ടിക്കാട്ടി അവര്‍ ആരോപിച്ചു.അദ്ദേഹത്തെ മഅ്ദനിയാക്കാനാണ് ശ്രമമെന്ന ഭയമുണ്ട്. എന്നാല്‍, സുപ്രിംകോടതിയില്‍ വിശ്വാസമുണ്ട്. നീതിയും സത്യവും പുലരും എന്നാണ് പ്രതീക്ഷ. താനൊരു സാധാരണ സ്ത്രീയാണ്. ഇന്നു ജാമ്യംകിട്ടുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. വലിയ സങ്കടവും വേദനയുമുണ്ടെന്നും റൈഹാനത്ത് പറഞ്ഞു.

സംഭവത്തിലെ മുഖ്യമന്ത്രിയുടെ ദുരൂഹ മൗനത്തേയും റൈഹാനത്ത് രൂക്ഷമായി വിമര്‍ശിച്ചു.ആയിരക്കണക്കിന് കത്തുകള്‍ അയച്ചിട്ടും താനടക്കമുള്ളവര്‍ നേരിട്ടു പോയി കണ്ട് നിവേദനം കൊടുത്തിട്ടും മുഖ്യമന്ത്രി ഇതുവരെ ഇടപെടാത്തതില്‍ വലിയ വേദനയും സങ്കടവുമുണ്ട്. കേരളത്തിലെ ഒരു മാധ്യമപ്രവര്‍ത്തകന്റെ കാര്യമാവുമ്പോള്‍ കേരള മുഖ്യമന്ത്രിയല്ലാതെ പിന്നെയാരാണ് ഇടപെടേണ്ടത്. കേരള മുഖ്യമന്ത്രിയോടല്ലാതെ പിന്നെയാരോടാണ് ഇക്കാര്യം പറയേണ്ടതെന്നും അദ്ദേഹം ഇടപെട്ടേ മതിയാവു എന്നും റൈഹാനത്ത് പറഞ്ഞു.

Next Story

RELATED STORIES

Share it