Sub Lead

സംവരണവും സ്‌കോളര്‍ഷിപ്പും: സംസ്ഥാന സര്‍ക്കാര്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് മെക്ക

സംവരണവും സ്‌കോളര്‍ഷിപ്പും: സംസ്ഥാന സര്‍ക്കാര്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് മെക്ക
X

കൊച്ചി: പിന്നാക്ക സംവരണം, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് , മുന്നാക്ക സംവരണം എന്നീ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന ഇരട്ടത്താപ്പ് നയവും പിന്നാക്ക വിരുദ്ധ സമീപനവും അവസാനിപ്പിക്കണമെന്ന് മെക്ക സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

പത്തു ശതമാനം മുന്നാക്ക സംവരണം യാതൊരു പഠനവും സ്ഥിതിവിവര കണക്കുകളും ഇല്ലാതെ നടപ്പാക്കിയ സര്‍ക്കാര്‍ മെഡിക്കല്‍ ദന്തല്‍ പിജി കോഴ്‌സുകള്‍ അടക്കം ഉന്നതവിദ്യാഭ്യാസത്തിന് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണ കാര്യത്തില്‍ വര്‍ഷങ്ങളായി തുടരുന്ന വിവേചനവും അനീതിയും അസന്തുലിതാവസ്ഥയും പരിഹരിക്കുന്നതില്‍ യാതൊരുവിധ ആത്മാര്‍ത്ഥമായ നടപടികളും സ്വീകരിക്കാത്തത് ഇരട്ടത്താപ്പും വഞ്ചനയും പിന്നാക്ക ദ്രോഹവുമാണെന്ന് യോഗം വിലയിരുത്തി.

മെഡിക്കല്‍ ദന്തല്‍ പിജി പ്രവേശനത്തിന് കേന്ദ്രസര്‍ക്കാര്‍ 27 ശതമാനം ഏര്‍പ്പെടുത്തി ഉത്തരവായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും പിന്നാക്ക സംവരണം ഒമ്പതു ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്.

സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്കുമെന്ന സര്‍ക്കാര്‍ തീരുമാനം മൂന്ന് മാസമായിട്ടുംനടപ്പാക്കാതെ, നാടാര്‍ ക്രിസ്ത്യന്‍ സംവരണ കാര്യത്തില്‍ മൂന്നു ദിവസത്തിനകം അപ്പീല്‍ നല്‍കിയത് ക്രിസ്ത്യന്‍ പ്രീണനവും മുസ്‌ലിം വിവേചനവും വെളിപ്പെടുത്തുന്ന ഏറ്റവും അവസാനത്തെ ഉദാഹരണം മാത്രമാണെന്നും യോഗം വിലയിരുത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുസ്‌ലിം ന്യൂനപക്ഷ വിരുദ്ധ സമീപനം തിരുത്തണമെന്ന് മെക്ക ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിച്ചു.

അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നിര്‍ത്തലാക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള വില്ലേജാഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ് തന്നെ ഹാജരാക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറിലെ അപാകതകള്‍ പരിഹരിക്കാന്‍ തയ്യാറാവണമെന്നും മെക്ക ആവശ്യപ്പെട്ടു.

പ്രസിഡന്റ് പ്രഫ. ഇ അബ്ദുല്‍ റഷീദ് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ അലി റിപ്പോര്‍ട്ടതരിപ്പിച്ചു. ഭാരവാഹികളായ എ എസ് എ റസാഖ്, സി ബി കുഞ്ഞുമുഹമ്മദ്, എം എ ലത്തീഫ്, കെ എം അബ്ദുല്‍ കരീം, സി എച്ച് ഹംസമാസ്റ്റര്‍, എന്‍ജിനീയര്‍ എന്‍ സി ഫാറൂഖ്, ടി എസ് അസീസ്, എ മഹ് മൂദ്, അബ്ദുല്‍ സലാം ക്ലാപ്പന, എം അഖ്‌നിസ്, എ ഐ മുബീന്‍, സി ടി കുഞ്ഞയമു, എം എം നൂറുദ്ദീന്‍, ഉമര്‍ മുള്ളൂര്‍ക്കര തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it