Sub Lead

ദീപുവിന്റേത് ആസൂത്രിത കൊലപാതകം, ഒന്നാം പ്രതി എംഎല്‍എ ശ്രീനിജനെന്ന് സാബു എം ജേക്കബ്

ദീപുവിനെ മര്‍ദ്ദിക്കാനാണ് സിപിഎം പ്രവര്‍ത്തകര്‍ അവിടെയെത്തിയതെന്നും ബക്കറ്റ് പിരിവിനല്ലെന്നും അദ്ദേഹം പറഞ്ഞു. വിളക്കണക്കല്‍ സമരത്തെ കുറിച്ച് പറയാന്‍ കോളനിയിലെ വീടുകള്‍ കയറി നടക്കുമ്പോള്‍ പതിയിരുന്നാണ് ഇദ്ദേഹത്തെ ആക്രമിച്ചതെന്നും സാബു പറഞ്ഞു.

ദീപുവിന്റേത് ആസൂത്രിത കൊലപാതകം, ഒന്നാം പ്രതി എംഎല്‍എ ശ്രീനിജനെന്ന് സാബു എം ജേക്കബ്
X

കൊച്ചി: ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്ന് പാര്‍ട്ടി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ദീപുവിനെ മര്‍ദ്ദിക്കാനാണ് സിപിഎം പ്രവര്‍ത്തകര്‍ അവിടെയെത്തിയതെന്നും ബക്കറ്റ് പിരിവിനല്ലെന്നും അദ്ദേഹം പറഞ്ഞു. വിളക്കണക്കല്‍ സമരത്തെ കുറിച്ച് പറയാന്‍ കോളനിയിലെ വീടുകള്‍ കയറി നടക്കുമ്പോള്‍ പതിയിരുന്നാണ് ഇദ്ദേഹത്തെ ആക്രമിച്ചതെന്നും സാബു പറഞ്ഞു.

പ്രഫഷണല്‍ രീതിയിലുള്ള ആക്രമണമായിരുന്നു. പുറത്തേക്ക് യാതൊരു പരിക്കും ഏല്‍ക്കാതെ ആന്തരികമായ ക്ഷതമേല്‍പ്പിക്കുന്ന മര്‍ദ്ദനമാണ് നടത്തിയത്. വാര്‍ഡ് മെമ്പര്‍ സ്ഥലത്ത് എത്തുമ്പോള്‍ ദീപുവിനെ മതിലിനോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ആന്തരികമായേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്നും സാബു പറഞ്ഞു.

ദീപുവിന്റെ അയല്‍വാസികള്‍ പോലും എംഎല്‍എയ്ക്ക് എതിരേ പ്രതികരിക്കാന്‍ ഭയക്കുകയാണ്. ആരെങ്കിലും പ്രതികരിച്ചാല്‍ അവര്‍ക്കെതിരേ ഭീഷണി ഉയര്‍ത്തുകയാണ്. വിളക്കണക്കല്‍ സമരത്തിന്റെ 90 ശതമാനം പോസ്റ്ററുകളും കീറിക്കളഞ്ഞു. പിവി ശ്രീനിജന്‍ എംഎല്‍എയായ ശേഷം തങ്ങളുടെ 50 പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. ഗാന്ധിയന്‍ രീതിയില്‍ മുന്നോട്ട് പോകുന്ന പാര്‍ട്ടിയാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു.

പത്ത് മാസമായി കിഴക്കമ്പലത്തും ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലും ക്രമസമാധാനം ഇല്ലാത്ത അവസ്ഥയാണ്. പഞ്ചായത്തുകളിലും വകുപ്പ് ഓഫിസുകളിലും എംഎല്‍എയുടെ നിര്‍ദ്ദേശത്തിലാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. ആരെങ്കിലും അനുസരിച്ചില്ലെങ്കില്‍ അവരെ ഭീഷണിപ്പെടുത്തുന്നു. കിഴക്കമ്പലം പഞ്ചായത്തിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ നിരവധി തടസ്സങ്ങളുണ്ടായി. സ്ട്രീറ്റ് ലൈറ്റ് ചലഞ്ചുമായി മുന്നോട്ട് പോയത് പഞ്ചായത്തുകള്‍ ആവശ്യപ്പെട്ടത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

വിളക്കണക്കല്‍ സമരം സമാധാനപരമായിരുന്നു. അക്രമി സംഘം ശ്രീനിജന്‍ എംഎല്‍എയുമായി കൃത്യം നടത്തുന്നതിന് മുന്‍പും ശേഷവും ബന്ധപ്പെട്ടിട്ടുണ്ട്. ശ്രീനിജന്‍ എംഎല്‍എയാണ് കേസിലെ ഒന്നാം പ്രതി. രാഷ്ട്രീയ ബലവും, കോടതികളില്‍ ഉള്ള സ്വാധീനവും ഉപയോഗിച്ച് ശ്രീനിജന്‍ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ആര്‍ക്കും പരാതി പറയാന്‍ പോലും ധൈര്യം ഇല്ലെന്നും സാബു ആരോപിച്ചു.

എംഎല്‍എയുടെയും ഗുണ്ടകളുടെയും വിളയാട്ടം ആണ് തങ്ങളുടെ നാല് പഞ്ചായത്തുകളിലുമെന്ന് സാബു വിമര്‍ശിച്ചു. 10 മാസം കൊണ്ടു അഞ്ച് പൈസയുടെ പ്രയോജനം എംഎല്‍എയെ കൊണ്ട് ഉണ്ടായിട്ടില്ല. അര്‍ഹത ഇല്ലാത്തവര്‍ക്ക് അധികാരം കിട്ടുന്നതിന്റെ ഇരയാണ് ദീപുവെന്നും സാബു കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it